Film News
കാതൽ സിനിമയിൽ മമ്മൂട്ടിയുടെ ഇടപെടലിനെക്കുറിച്ച് ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 25, 09:19 am
Saturday, 25th November 2023, 2:49 pm

കാതൽ ദി കോർ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടിയുടെ ഇടപെടലിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. ചില സീനിലെല്ലാം മാറ്റം പറയുമെന്നും ഇന്റർവെലിലെയും ക്ലൈമാക്സിലെയും ഡിസൈനിൽ മമ്മൂട്ടിയുടെ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ജിയോ ബേബി പറഞ്ഞു. തങ്ങൾ എഴുതിയ ഏരിയ പൊളിച്ച് വേറെ എഴുതിയെന്നും അതെല്ലാം നന്നായെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും ആദർശും പോൾസനും കൂടെ വർക്ക് ചെയ്തിട്ടാണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത്. അദ്ദേഹം ഞങ്ങളുടെ ചിന്തകളെ ഒരുപാട് മാറ്റുന്നുണ്ട്. ‘ആ സീനെന്താ അങ്ങനെ അവിടെ, ഇങ്ങനെ വേണമായിരുന്നു. അപ്പോഴല്ലേ അത് കറക്റ്റ് ആവുക’ അങ്ങനെയുള്ള പല ചോദ്യങ്ങളും മമ്മൂക്ക ചോദിച്ചിരുന്നു.

ഇതിന്റെ ഇന്റർവെലിന്റെ ഡിസൈൻ മാറ്റമുണ്ടായിരുന്നു. ക്ലൈമാക്സിന്റെ ഡിസൈനിങ്ങിൽ മാറ്റം ഉണ്ടായിരുന്നു. അവിടെയൊക്കെ പുള്ളി വളരെ കൃത്യമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ഇവർ തമ്മിൽ അധികം സംസാരിക്കുന്നില്ല, ഐ കോൺടാക്ട് മാത്രം മതി എന്ന് പുള്ളി പറഞ്ഞു തരുമ്പോഴാണ് നമ്മൾ ബാക്കിയൊക്കെ ഉണ്ടാക്കിയെടുക്കുന്നത്. നമ്മൾ അതുവരെ ഉണ്ടാക്കിയിരുന്ന ഏരിയ പൊളിച്ചിട്ട് വേറെ ചെയ്യുന്നു, പക്ഷേ അത് നന്നാവുന്നു.

മമ്മൂക്ക പറയുന്നത് ഒരു സെന്റെൻസ് ആയിരിക്കും. ഉദാഹരണത്തിന് കാറിലെ മിററിലൂടെയുള്ള ഒരു ഷോട്ട് കണ്ടിരുന്നില്ലേ. എനിക്ക് വളരെ ഇഷ്ടപെട്ട ഷോട്ടാണ് മിററിലുള്ള ഷോർട്ട്. ആ ഷോട്ട് ശരിക്കും മമ്മൂക്ക കാറിന്റെ അടുത്തേക്ക് വരുന്നതാണ്, അങ്ങനെയാണ് ഞാൻ എഴുതി വച്ചിരിക്കുന്നത്.

അപ്പോൾ മമ്മൂക്ക പറഞ്ഞു ‘ഞാൻ നടക്കണ്ട, ഇവിടെ നിൽക്കാം’ എന്ന് . ആ നില്പിന് ഭയങ്കര ബ്യൂട്ടി എനിക്ക് തോന്നുന്നുണ്ട്. നടക്കണ്ട നിൽക്കാം എന്ന് മമ്മൂക്ക പറയുന്നിടത്ത് നോക്കുമ്പോൾ വലിയ മാറ്റം ഉണ്ട്. നിൽക്കാമെന്ന് പറയുമ്പോൾ മമ്മൂക്ക വെറുതെ പറയില്ല എന്ന് എനിക്ക് അറിയാം. അയാൾ ആ ക്യാരക്ടർ ആയിട്ട് നിൽക്കുകയാണ്. അത് കാണുമ്പോൾ എനിക്ക് ഇപ്പോഴും വിഷമം വരും. അങ്ങനെ പല സ്ഥലത്തും അദ്ദേഹം ഇടപെട്ടിട്ടുണ്ട്,’ ജിയോ ബേബി പറയുന്നു.

Content Highlight: Jeo Baby on Mammootty’s involvement in Kathal movie