| Tuesday, 2nd November 2021, 2:45 pm

'കണ്ടന്റിന്റെ പേരില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു സിനിമ കണ്ടു'; തിങ്കളാഴ്ച നിശ്ചയത്തെ അഭിനന്ദിച്ച് ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയത്തെ’ അഭനന്ദിച്ച് സംവിധായകന്‍ ജിയോ ബേബി. കണ്ടന്റിന്റെ പേരില്‍
മാത്രം പ്രേക്ഷര്‍ ഏറ്റെടുത്ത സിനിമയാണ് തിങ്കളാഴ്ച നിശ്ചയമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ടന്റിന്റെ പേരില്‍ സിനിമ വില്‍ക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് സിനിമ മാറണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ എന്നോട് ചോദിച്ചു സിനിമ എങ്ങനെ മാറണമെന്നാണ് ആഗ്രഹിക്കുന്നത്? ഞാന്‍ പറഞ്ഞു സിനിമയുടെ കണ്ടന്റിന്റെ പേരില്‍ പ്രേക്ഷര്‍ ഏറ്റെടുക്കുന്ന, കണ്ടന്റിന്റെ പേരില്‍ സിനിമ വില്‍ക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് സിനിമ മാറണം എന്നാണ് ആഗ്രഹിക്കുന്നത്.

ഇതാ അങ്ങനെ ഒരു കിടിലന്‍ സിനിമ കണ്ടുകഴിഞ്ഞിരിക്കുന്നു. ആകെ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് കാണാന്‍ ഇരുന്നത്. ഈ സിനിമ എന്നെ നല്ല മാനസികാവസ്ഥയിലെത്തിച്ചിരിക്കുന്നു. നന്ദി. സെന്ന ഹെഗ്ഡെ,’ ജിയോ ബേബി എഴുതി.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ‘തിങ്കളാഴ്ച നിശ്ചയം’. ചിത്രം കഴിഞ്ഞ ദിവസം സോണി ലീവിലൂടെ പ്രേക്ഷകരിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2021ലിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് തിങ്കളാഴ്ച നിശ്ചയമെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. പുതുമയുള്ള കാസ്റ്റിംഗും മികച്ച പ്രകടനങ്ങളുമുള്ള ഒരു സമ്പൂര്‍ ഫാമിലി എന്റര്‍ടെയ്‌നറാണ് തിങ്കളാഴ്ച നിശ്ചയമെന്നാണ് നടന്‍ സണ്ണി വെയ്ന്‍ പറഞ്ഞത്.

‘മേഡ് ഇന്‍ കാഞ്ഞങ്ങാട്’ എന്ന ടാഗ്ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന്‍ കൂടിയായ സെന്ന ഹെഗ്ഡെ ആണ്. പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും.

നേരത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനൊപ്പം മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിനായിരുന്നു.

അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പിത് പി.ആര്‍, മനോജ് കെ.യു, രഞ്ജി കാങ്കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കര മല്ലികാര്‍ജുനയ്യയാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഹരിലാല്‍ കെ. രാജീവ്, സെന്ന ഹെഗ്ഡെയ്ക്കൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Jeo Baby congratulates newcomer Senna Hegde’s filim Thingalayicha Nishchayam

We use cookies to give you the best possible experience. Learn more