| Wednesday, 6th December 2023, 2:39 pm

ഫാറൂഖ് കോളേജ് വിളിച്ചുവരുത്തി അപമാനിച്ചു; പ്രതിഷേധവുമായി ജിയോ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫാറൂഖ് കോളേജ് മാനേജ്‌മെന്റില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് സംവിധായകന്‍ ജിയോ ബേബി. ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലേക്ക് തന്നെ ഉദ്ഘാടകനായി ക്ഷണിച്ച ശേഷം പരിപാടി റദ്ദ് ചെയ്യുകയായിരുന്നെന്ന് ജിയോ ബേബി പറഞ്ഞു.

കോഴിക്കോട് എത്തിയതിന് ശേഷമാണ് പരിപാടി കാന്‍സല്‍ ചെയ്തതായി താന്‍ അറിയുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം പോസ്റ്റര്‍ റിലീസ് ചെയ്ത പരിപാടി പെട്ടെന്ന് മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചെങ്കിലും അവര്‍ മറുപടി നല്‍കിയില്ലെന്നും ജിയോ ബേബി പറഞ്ഞു.

ഇതിന് പിന്നാലെ ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് തനിക്ക് ഫോര്‍വേഡ് ചെയ്ത് ലഭിച്ചെന്നും അതില്‍ പറയുന്നത് തന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കില്ലെന്നുമാണെന്നും ജിയോ ബേബി പറഞ്ഞു.

ഇത്തരമൊരു നടപടിയിലൂടെ താന്‍ അപമാനിതനായെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നും ജിയോ ബേബി പറഞ്ഞു.

ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം വിദ്യാര്‍ത്ഥി യൂണിയനുകളും എന്താണ് ഉദ്ദേശിക്കുന്നതെന്നും എന്ത് തരം ആശയമാണ് മുന്നോട്ടു വെക്കുന്നത് എന്ന് കൂടി തനിക്ക് അറിയണമെന്നും. ഇതെന്റെ പ്രതിഷേധമാണെന്നും ജിയോ ബേബി വ്യക്തമാക്കി.

ജിയോ ബേബി സംസാരിച്ചതിന്റെ പൂര്‍ണരൂപം

നമസ്‌കാരം, ഞാന്‍ ജിയോ ബേബി. എനിക്കുണ്ടായ ഒരു മോശം അനുഭവം സംസാരിക്കാനാണ് ഈ വീഡിയോയില്‍ വന്നത്.

ഡിസംബര്‍ അഞ്ചാം തിയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ സബ്ടില് പൊളിറ്റിക്‌സ് ഓഫ് പ്രസന്റ് ഡേ മലയാളം സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവര്‍ ക്ഷണിച്ചിരുന്നു.

കോഴിക്കോട് എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഈ പരിപാടി അവര്‍ കാന്‍സല്‍ ചെയ്തു എന്നത്. ഇത് കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ചിട്ട് ഈ കാര്യം പറയുന്നത്. അവര്‍ക്കും വളരെ വേദനയുണ്ടായി.

എന്താണ് കാരണം എന്ന് ചോദിക്കുമ്പോള്‍ വ്യക്തമായ കാരണം മനസിലാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത പരിപാടി പെട്ടെന്ന് മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന് അറിയാത്തതുകൊണ്ട് പ്രിന്‍സിപ്പലിന് ഞാനൊരു മെയില്‍ അയച്ചു. വാട്‌സ്ആപ്പിലും മെസ്സേജ് അയച്ചു. അതിന് റിപ്ലൈ ഇല്ല. ഇന്നും റിപ്ലൈ ഇല്ല.

ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിക്കുകയുണ്ടായി ഫോര്‍വേഡ് ചെയ്ത് കിട്ടിയതാണ്. അതില്‍ പറയുന്നത് ഇങ്ങനെയാണ്, ഫാറൂഖ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നാളെ എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല.

അതായത് എന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കാണ് പ്രശ്‌നമെന്നാണ് ഈ വിദ്യാര്‍ത്ഥി യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് ആ പരിപാടി ഉപേക്ഷിച്ചതെന്ന് എനിക്ക് അറിയേണ്ടതുണ്ട്. കോഴിക്കോട് വരെ വന്ന് തിരിച്ചുവരണമെങ്കില്‍ എനിക്ക് ഒരു ദിവസം വേണം. ഞാന്‍ അത്രയും യാത്ര ചെയ്തിട്ടുണ്ട് അതിനേക്കാള്‍ ഉപരിയായി ഞാന് അപമാനിതനായിട്ടുണ്ട്.

അതിനൊക്കെ എനിക്ക് ഉത്തരം കിട്ടണം. മാത്രമല്ല ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം ചെയ്തില്ലെങ്കില്‍ അത് ശരിയല്ല.

എനിക്ക് മാത്രമല്ല നാളെ വേറൊരാള്‍ക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇതെന്റെ പ്രതിഷേധമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം വിദ്യാര്‍ത്ഥി യൂണിയനുകളും എന്താണ് ഉദ്ദേശിക്കുന്നത്, എന്ത് തരം ആശയമാണ് മുന്നോട്ടു വെക്കുന്നത് എന്ന് കൂടി അറിയണമെന്നുണ്ട്. ഇതെന്റെ പ്രതിഷേധമാണ്, ജിയോ ബേബി പറഞ്ഞു.

Content Highlight: jeo baby against Farook College management for the cancelation of programme

We use cookies to give you the best possible experience. Learn more