Entertainment news
'ഇതൊന്നും നിങ്ങൾക്ക് വേണ്ടിയല്ല വാങ്ങുന്നത് സൂര്യക്ക് വേണ്ടി'യാണെന്ന് ജ്യോതിക: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 28, 10:22 am
Tuesday, 28th November 2023, 3:52 pm

ജ്യോതികയുടെയും സൂര്യയുടെയും വീട്ടിൽ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി. ചെന്നൈയിലെ വീട്ടിലേക്ക് എത്തിയപ്പോൾ സൂര്യയാണ് വാതിൽ തുറന്നതെന്നും ചായ കൊണ്ട് വന്നതെന്നും ജിയോ ബേബി പറഞ്ഞു. തങ്ങൾ വന്നപ്പോൾ സൂര്യ ഒരുപാട് ഭക്ഷണം സ്വിഗിയിൽ നിന്നും ഓർഡർ ചെയ്ത് തന്നെന്നും ജിയോ പറയുന്നു.

അന്ന് വാങ്ങിയ ഒരു ഡിഷ് നല്ല ഇഷ്ടമായെന്നും അത് സൂര്യ കൊച്ചിയിലേക്ക് വന്നപ്പോൾ തനിക്ക് വേണ്ടി കൊണ്ട് വന്നെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെന്നൈയിലെ അവരുടെ വീട്ടിലേക്ക് ചെന്നപ്പോൾ ഒരു നിക്കറൊക്കെ ഇട്ട ഒരാളെ കണ്ടപ്പോൾ അവിടുത്തെ ആരെങ്കിലും ആണെന്ന് വിചാരിച്ചു. ഡോർ തുറക്കാൻ വന്നപ്പോൾ അത് സൂര്യയാണ്. ഇരിക്കണം എന്ന് പറഞ്ഞ് ചായ എടുത്തു കൊണ്ടുവരുന്നു. നമ്മൾ വിചാരിക്കുന്നത് വേറെയാണല്ലോ.

മമ്മൂക്കയുടെ വീട്ടിൽ ചെന്നാലും അങ്ങനെ തന്നെയാണ്. മമ്മൂക്ക വന്നിരിക്കുന്നു. ചായ കൊണ്ടുവരുന്നു, കഴിക്കാൻ എന്തെങ്കിലും വേണോന്ന് ചോദിക്കുന്നു. ജോർജെ, ഇവന് കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊടുക്ക് എന്ന് പറയും. ജോർജേട്ടൻ ആരെയെങ്കിലും വിടും. ചിലപ്പോൾ പെട്ടെന്ന് അടുക്കളയിൽ നിന്ന് ഉണ്ടാക്കിത്തരുന്നു. അതൊക്കെ നമ്മൾ നമ്മുടെ വീട്ടിലേക്ക് ചെന്നപോലെയാണ്.

ജ്യോതികയുടെയും സൂര്യയുടെയും ഒരു വീട് ബോംബെയിലുണ്ട്. അവിടെയും നമ്മൾ രണ്ട് തവണ പോയിട്ടുണ്ട്. ചെന്നൈയിൽ പോയപ്പോൾ സ്വിഗിയിൽ നിന്നും സൂര്യ ഒരുപാട് സാധനങ്ങൾ ഞങ്ങൾക്ക് വാങ്ങിച്ച് തരികയാണ്. അപ്പോൾ ജോ പറയുന്നുണ്ട് ‘ഇത് നിങ്ങൾക്ക് വാങ്ങിച്ച് തരുന്നതല്ല സൂര്യക്ക് കഴിക്കാനാണ്. ഗസ്റ്റ് വന്നാൽ മാത്രമേ ഇങ്ങനെ വാങ്ങിക്കാൻ പറ്റുകയുള്ളൂ’ എന്ന്.

അതിലേതോ ഒരു സാധനം എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടമായി. പേര് ഞാൻ ഓർക്കുന്നില്ല. എനിക്ക് നല്ല ഇഷ്ടപ്പെട്ടിട്ട് ഞാൻ ഇങ്ങനെ കഴിച്ചുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞപ്പോൾ പിന്നെയും ഓർഡർ ചെയ്തു. കൊച്ചിയിൽ വന്നപ്പോൾ അതുമായിട്ടാണ് വന്നത്. അത് എനിക്ക് കൊണ്ടുതന്നു. നമുക്ക് വീണ്ടും കാണണം വർത്താനം പറയണമെന്ന് വിചാരിക്കുന്ന മനുഷ്യരാണ്,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo baby about surya and jyothika