പണ്ട് താനും സുഹൃത്തുക്കളും ഉണ്ടാക്കിയ ഒരാൽബത്തിന് ആശംസ പറയാൻ വേണ്ടി മോഹൻലാലിനെ പോയി കണ്ടിട്ടുണ്ടെന്ന് സംവിധായകൻ ജിയോ ബേബി. മോഹൻലാലിനെ കാണാൻ വേണ്ടി വിസ്മയ സ്റ്റുഡിയോസിൽ പോയപ്പോൾ ആശംസ പറയാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞെന്നും ജിയോ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ പണ്ട് ഒരു ആൽബം ചെയ്തിരുന്നു. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി ചെയ്തതാണ്. അതിന്റെ അവസാനത്തിൽ ഒരുപാട് ആശംസകൾ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. സാധാരണ ആളുകൾ, ജോലി ചെയ്യുന്നവർ, വഴിയേ പോകുന്നവരൊക്കെയാണ് ആശംസ പറയുന്നത്. മരം നടണം എന്നാണ് പറയുന്നത്.
മോഹൻലാൽ പറഞ്ഞാൽ നല്ലതായിരിക്കും എന്ന് ഒരാൾ പറഞ്ഞു. പക്ഷേ നമ്മളെ കൊണ്ട് പറ്റുകയില്ലല്ലോ. 2004ലോ അഞ്ചിലോ ആണ് സംഭവം. മോഹൻലാലിനോട് ചോദിച്ചാൽ മാത്രല്ലേ അറിയാൻ പറ്റുകയുള്ളൂ എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് മോഹൻലാലിനോട് എങ്ങനെ ചോദിക്കുന്നെ എന്നൊരാൾ ചോദിച്ചപ്പോൾ അയാൾ ഉള്ളിടത്ത് പോയി ചോദിക്കണം എന്ന് ഞാൻ പറഞ്ഞു.
ഞാൻ മോഹൻലാൽ ഉള്ളിടത്തേക്ക് പോവുകയാണ്, നിങ്ങൾ വരുന്നെങ്കിൽ പോരൂ എന്ന് പറഞ്ഞു. നമ്മൾക്ക് ആ സമയത്ത് സിനിമ കണക്ഷൻസ് ഒന്നുമില്ല. ഈരാറ്റുപേട്ട എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യരാണ്. ഞങ്ങൾ എറണാകുളത്ത് വരുന്നു. വിസ്മയ സ്റ്റുഡിയോസ് കണ്ടെത്തി അവിടെ മോഹൻലാൽ ഏതോ സിനിമയുടെ ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുകയാണ്.
അന്ന് അമൽ നീരദ് സാഗർ ഏലിയാസ് ജാക്കിയുടെ കഥ പറയുന്നുണ്ട്. അമൽ നീരദിന്റെ ലാപ്ടോപ്പിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ പോസ്റ്ററിൽ കാണുന്ന ചിത്രങ്ങളൊക്കെ ഞങ്ങൾ കണ്ടു. അതിനിടയിൽ മോഹൻലാൽ ഇറങ്ങി പോയപ്പോൾ നമ്മുടെ ഇടയിൽ കയറി ചെന്നിട്ട് ഇങ്ങനെ ഒരു ആശംസ പറയുമോ എന്ന് ചോദിച്ചു. അത് മോനെ ബുദ്ധിമുട്ടാണ് എന്ന് മോഹൻലാൽ പറഞ്ഞു. ഞാൻ അവരോട് പറഞ്ഞു പുള്ളി പറ്റത്തില്ല എന്ന് പറഞ്ഞില്ലേ നമുക്ക് പോകാം എന്ന്. അത് അറിയണമെന്നൊരു സാധനമുണ്ടല്ലോ അതാണ് എനിക്ക് ഉണ്ടായത്,’ ജിയോ ബേബി പറഞ്ഞു.
Content Highlight: Jeo baby about Mohanla’s rejection