കാതൽ സിനിമയിലെ മമ്മൂട്ടിയുടെ ചില അഭിനയ മുഹൂർത്തങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. കഥാപാത്രത്തെക്കുറിച്ചൊന്നും മമ്മൂട്ടിയോട് ഒരുപാട് പറയേണ്ടെന്നും ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അഭിനയം കണ്ടിരുന്നാൽ മതിയെന്നും ജിയോ ബേബി പറഞ്ഞു. കണ്ണാടിയിൽ നോക്കുന്ന സീൻ രണ്ട് ടേക് പോയിട്ടുണ്ടെന്നും എന്നാൽ ആദ്യത്തെ ഷോട്ടാണ് സിനിമയിൽ എടുത്തതെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഥാപാത്രത്തെക്കുറിച്ച് മമ്മൂക്കയോട് ഒരുപാട് പറയേണ്ട കാര്യമില്ല. കഥാപാത്രം എങ്ങനെയാണെന്നോ, ഇങ്ങനെ അഭിനയിക്കണം എന്നൊന്നും പറയണ്ട. നമ്മൾ ആക്ഷൻ പറയുക. ഇടയ്ക്ക് ഈ സംഭവം കാണുക. സാലുവാണ് ഇതിന്റെ ഡി.ഒ.പി, ഞാൻ അവനെ നോക്കും. ആദർശും പോൾസനും എന്റെ അടുത്ത് ഉണ്ടാകും, ഞങ്ങൾ എല്ലാവരും പരസ്പരം നോക്കും. അതെ ഓക്കേ, താങ്ക്യൂ മമ്മൂക്ക എന്ന് ഞാൻ പറയും. സിനിമ അദ്ദേഹത്തിന് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ അഭിനയിക്കുന്നത്.
കണ്ണാടിയിൽ നോക്കുന്ന ഷോട്ട് രണ്ട് ടേക്ക് ഉണ്ട്. ആദ്യത്തെ ടേക് എടുത്തപ്പോൾ നമുക്ക് ഒന്നൂടെ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ‘ഒന്നൂടെ ചെയ്‌താൽ വേറെ സാധനമായിരിക്കും. ഇതൊന്നും തനിക്ക് കിട്ടില്ല. കിട്ടിയത് വേണമെങ്കിൽ എടുത്തോ. തനിക്ക് നിർബന്ധമാണെങ്കിൽ ഒന്നുകൂടെ ചെയ്യാം’ എന്ന് മമ്മൂക്ക പറഞ്ഞു. ഒന്നൂടെ ചെയ്യാമോ എന്ന് ഞാൻ ചോദിച്ചു. എനിക്ക് അപ്പോൾ പറയാൻ എന്തോ കറക്ഷൻ ഉണ്ടായിരുന്നു. ഒന്നൂടെ ചെയ്തു എന്നാൽ ആദ്യത്തെ ഷോട്ടാണ് എടുത്തിട്ടുള്ളത്,’ ജിയോ ബേബി പറഞ്ഞു.
കാതലില്‍ ഒരുപാട് പുതുമുഖങ്ങള്‍ ഉണ്ടെന്നും അവരുടെ പേടിയില്ലാതാക്കാന്‍ മമ്മൂട്ടി മനഃപൂര്‍വം സെറ്റില്‍ തമാശ പറയുകയും ചിരിച്ചുകളിക്കുകയും ചെയ്തിരുന്നെന്നും ജിയോ ബേബി അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരുമിച്ച് അഭിനയിച്ച ആര്‍ട്ടിസ്റ്റുകളോട് ചോദിച്ചാല്‍ ഒരു രീതിയിലുള്ള ഈഗോയുമില്ലാതെ കാതലിന്റെ സെറ്റില്‍ നിന്നൊരാളാണ് മമ്മൂട്ടിയെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ജിയോ ബേബി കൂട്ടിച്ചേർത്തു.
ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ നവംബർ 23നാണ് തിയേറ്ററിൽ എത്തിയത്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്തിനി, സുധി കോഴിക്കോട്, അനഘ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ തിരക്കഥ എഴുതിയ സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് സാലു കെ തോമസാണ്. മികച്ച പ്രതികാരങ്ങളുമായി ചിത്രം ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടരിക്കുകയാണ്.
Content Highlight: Jeo baby about Mammootty’s performence