Entertainment
അറിയപ്പെടാത്ത ഷോട്ട്ഫിലിമിലെ നടനെ പോലും മമ്മൂക്ക 'കാതലി'നായി കണ്ടുവെച്ചിട്ടുണ്ടായിരുന്നു: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 26, 02:32 pm
Sunday, 26th November 2023, 8:02 pm

കാതല്‍ എന്ന സിനിമക്കായി നടന്മാരെ തെരഞ്ഞെടുക്കുന്നതിലും തിരക്കഥയുടെ കാര്യത്തിലും മമ്മൂക്കയ്ക്ക് നിരവധി സജഷന്‍സ് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. ചിത്രത്തിലേക്ക് അദ്ദേഹം സജസ്റ്റ് ചെയ്ത ആളുകളെ കാസ്റ്റ് ചെയ്തിട്ടുണ്ടെന്നും താന്‍ പറഞ്ഞതുകൊണ്ട് ഒരു ആക്ടറിനെ കാസ്റ്റ് ചെയ്യണമെന്ന നിര്‍ബന്ധമൊന്നും മമ്മൂക്കയ്ക്കില്ലെന്നും ജിയോ ബേബി പറഞ്ഞു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കാതലില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അനഘ എന്ന ആക്ടറെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ജിയോ ബേബി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. അഭിമുഖത്തില്‍ ജിയോ ബേബിക്കൊപ്പം കാതലിലെ താരങ്ങളായ മുത്തുമണിയും അനഘയുമുണ്ടായിരുന്നു.

‘അനഘ അഭിനയിച്ച ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട്ട്ഫിലിം മമ്മൂക്ക കണ്ടിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അനഘ എക്‌സൈറ്റഡ് ആവുകയായിരുന്നു. അത് കുറച്ച് ശ്രദ്ധിക്കപ്പെട്ട ഷോര്‍ട്ട്ഫിലിം ആയിരുന്നു. പക്ഷെ അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ഷോര്‍ട്ട്ഫിലിമിലെ ആക്ടറെ ഞാന്‍ ചൂസ് ചെയ്ത് മമ്മൂക്കയെ കാണിച്ച് അയാള്‍ക്ക് ഒരു റോള്‍ കൊടുക്കാമെന്ന് കരുതി പോയതായിരുന്നു.

ഞാന്‍ കാണിക്കാന്‍ തുടങ്ങുന്ന മൊമന്റില്‍ തനിക്കൊരാളെ കാണിച്ച് തരാമെന്നും പറഞ്ഞ് മമ്മൂക്ക അതേ നടനെ എനിക്കിങ്ങോട്ട് കാണിച്ച് തന്നു. അനഘയുടേത് പോപ്പുലറായത് കൊണ്ടാണ് കണ്ടതെന്ന് വെക്കാം. ഈ ഷോര്‍ട്ട്ഫിലിം എങ്ങനെ കണ്ടുവെന്നും ഇതിനൊക്കെ എപ്പോള്‍ സമയം കിട്ടുന്നുവെന്നും ഞാന്‍ വിചാരിച്ചു.

അങ്ങനെ പല കാര്യങ്ങളുമുണ്ട്, ആക്ടേഴ്‌സിനെ ചൂസ് ചെയ്യുന്ന കാര്യത്തിലും സ്‌ക്രീന്‍ പ്ലേയിലും അല്ലാതെയുമൊക്കെ അദ്ദേഹത്തിന് പല സജഷന്‍സുമുണ്ട്,’ ജിയോ ബേബി പറഞ്ഞു.

Content Highlights: Jeo Baby about Mammookka’s suggestions in the movie Kaathal