ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം കാതല്‍ ദി കോര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ആണ്.
കാതല്‍ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ചും അദ്ദേഹത്തെ സമീപിക്കാനാണ്ടായ ഭയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ആദര്‍ശും പോള്‍സണും സംവിധായകന്‍ ജിയോ ബേബിയും.
കാതല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ ആയിരുന്നില്ല ഇവര്‍ ആദ്യം ആലോചിച്ചിരുന്നതെന്നും ഇവരുടെ മനസില്‍ മറ്റു ചിലരൊക്കെ ആയിരുന്നുവെന്നും സംവിധായകന്‍ ജിയോ ബേബി പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്നും മ്മൂക്കയുടെ അടുത്ത് എങ്ങനെ എത്തിപ്പെടുമെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നു എന്നുമായിരുന്നു ആദര്‍ശും പോള്‍സണും പറഞ്ഞത്. കഥ എഴുതുമ്പോള്‍ തന്നെ മമ്മൂക്കയുടെ മുഖം തങ്ങളുടെ മനസില്‍ ഉണ്ടായിരുന്നെന്നും ഇരുവരും പറഞ്ഞു.
‘എന്റെ മനസില്‍ മമ്മൂക്ക തന്നെയായിരുന്നു. മമ്മൂക്കയുടെ അടുത്തേക്ക് എങ്ങനെ എത്തുമെന്ന കണ്‍ഫ്യൂഷനൊക്കെ ഉണ്ടാകുമ്പോഴും ഇതില്‍ മമ്മൂക്ക തന്നെയായിരിക്കും ഏറ്റവും ബെറ്റര്‍ എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് പക്ഷേ വേറെ ആരൊക്കെയോ ആയിരുന്നു മനസില്‍.
മമ്മൂക്കയിലേക്ക് എത്താനുള്ള പേടി കൊണ്ടാണ് അത്,’ ജിയോ ബേബി പറഞ്ഞു.
അങ്ങനെയല്ല മമ്മൂക്ക ഞങ്ങളുടെ മനസിലും ഉണ്ടായിരുന്നു. എഴുത്തിന്റെ സമയത്ത് ഞാനും പോള്‍സണും ഇങ്ങനെ ഡിസ്‌കസ് ചെയ്തിട്ടുണ്ട്. മമ്മൂക്കയായിരുന്നെങ്കില്‍ നന്നായേനെ എന്ന്. പക്ഷേ അന്ന് ഈ പറഞ്ഞ പോലെ ഞങ്ങള്‍ക്കറിയില്ല ഏത് വഴിയാണ് മമ്മൂക്കയിലേക്ക് എത്തേണ്ടതെന്ന്. എത്താന്‍ പറ്റില്ലെന്ന് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ഡിസ്‌കഷന്‍സ് എല്ലായ്‌പ്പോഴും ഞങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു,’ ആദര്‍ശും പോള്‍സണും പറഞ്ഞു.
നമുക്ക് ഇതിലൊരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. പിന്നെ മമ്മൂക്കയുടെ അടുത്ത് ഇത് കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഈ സിനിമ സംഭവിച്ചത് എന്ന് ജിയോ ബേബി പറഞ്ഞപ്പോള്‍ ഇതിപ്പോള്‍ എനിക്ക് മാത്രം ചെയ്യാവുന്ന റോള്‍ അല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘അങ്ങനെയൊരു റോള്‍ ഇല്ല. എല്ലാവര്‍ക്കും എല്ലാ റോളും ചെയ്യാം. ഓരോരുത്തരും ചെയ്യുന്നത് അവരവര്‍ ചെയ്യുന്നതുപോലെയിരിക്കും. എനിക്ക് കിട്ടി ഞാന്‍ ചെയ്തു,’ മമ്മൂട്ടി പറഞ്ഞു.
ഞാനും ആദര്‍ശും ആദ്യം എഴുതുന്ന സ്‌ക്രിപ്റ്റാണ് ഇത്. ജിയോ ചേട്ടന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് മമ്മൂക്കയുടെ അടുത്ത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ജിയോ ചേട്ടന്‍ മമ്മൂക്കയുടെ പേര് പറയുന്ന സമയത്ത് ഞങ്ങള്‍ക്കും അങ്ങനെ ഒരു തോന്നലുണ്ടായി. കാരണം മമ്മൂക്ക വലിയ സിനിമകള്‍ മാത്രം ചെയ്യുന്ന ആളല്ല. സമാന്തര സിനിമകള്‍ ചെയ്തു വന്ന ആളാണ്. അദ്ദേഹം തന്നെ അക്കാര്യം നിരവധി തവണ പറഞ്ഞിട്ടുണ്ട്. പിന്നെ കഥ കണക്ടായി കഴിഞ്ഞാല്‍ മമ്മൂക്ക ചെയ്യുമെന്ന് ജിയോ ചേട്ടന് ഉറപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കായിരുന്നു പേടി,’ ആദര്‍ശ് പറഞ്ഞു.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കാതല്‍ തിയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍ ദ കോര്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. നവംബര്‍ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: Jeo baby about Kathal movie and mammootty