കണ്ണൂര്‍ സ്‌ക്വാഡിന് മുന്‍പായി ഷൂട്ട് തുടങ്ങിയ പടമായിരുന്നു കാതല്‍. എന്നാല്‍ കാതലിന് മുന്‍പേ കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ റിലീസ് ചെയ്തു. കാതലിന്റെ റിലീസ് നേരത്തെയാക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നെന്നും കണ്ണൂര്‍ സ്‌ക്വാഡിന് പകരം കാതല്‍ ആദ്യം റിലീസ് ചെയ്യാമോ എന്ന് മമ്മൂക്കയുടെ അടുത്ത് ചോദിച്ചിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്‌സ് ക്ലബ്ബ് 2023 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജിയോ.
‘കണ്ണൂര്‍ സ്‌ക്വാഡിന് മുന്‍പേ ഷൂട്ട് തുടങ്ങിയ പടമാണ് കാതല്‍. കണ്ണൂര്‍ സ്‌ക്വാഡ് വരുന്നു എന്ന് നമ്മള്‍ അറിയുമ്പോള്‍ ‘അതെന്തൊരു പരിപാടിയാണ് ‘എന്ന് തോന്നി (ചിരി). നമ്മള്‍ ആദ്യമേ തുടങ്ങിയതാണല്ലോ, ആ ഒരു ഫീലായിരുന്നു. ഞാന്‍ മമ്മൂക്കയോട് ചോദിച്ചു, മമ്മൂക്കാ ആ സ്ലോട്ടില്‍ കാതല്‍ കയറ്റാന്‍ പറ്റുമോ എന്ന്. ഇല്ല അത് പ്ലാന്‍ചെയ്തു പോയി എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ഓക്കെ ശരി, എന്ന് ഞാന്‍ പറഞ്ഞു.
എന്താണെന്ന് വെച്ചാല്‍ ആര്‍.ഡി.എക്‌സ്, ലിയോ പോലുള്ള അടിപ്പടങ്ങള്‍ വന്നിരിക്കുന്ന സമയാണ്. അതുകൊണ്ട് തന്നെ നമ്മുടെ പടം വര്‍ക്കാവാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. അതൊക്കെ എനിക്ക് മനസിലായി. പക്ഷേ കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് മാറ്റാന്‍ പറ്റില്ലെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ കണ്ണൂര്‍ സ്‌ക്വാഡ് റിലീസായി. ഞാന്‍ ആ സിനിമ കണ്ടു. അതോടെ ഞാന്‍ ചാര്‍ജായി. എനിക്ക് ഭയങ്കര സന്തോഷമായി. കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ് കാതല്‍ വരുന്നത് എന്തുകൊണ്ടും നന്നായി എന്ന് തോന്നി,’ ജിയോ ബേബി പറഞ്ഞു.
കാതലിന്റെ സക്‌സസ് തനിക്ക് സന്തോഷം തന്നെയാണെന്നും എന്നാല്‍ കാതല്‍ പരാജയമായിരുന്നെങ്കില്‍ എന്താവുമെന്നുള്ളത് താന്‍ ആലോചിച്ചിരുന്നെന്നും അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞു.
എന്റെ തൊട്ടുമുന്‍പുള്ള പടം ശ്രീധന്യ കാറ്ററിങ് സര്‍വീസ് ആയിരുന്നല്ലോ. ആ പടം അധികം പേര് കണ്ടിട്ടില്ല. തിയേറ്ററില്‍ പരാജയമാണ്. അപ്പോഴും ഞാന്‍ സന്തോഷത്തോടെ തന്നെ ഇരിക്കേണ്ടതുണ്ടല്ലോ. പരാജയം വരുമ്പോള്‍ സങ്കടം വരും. എന്നാല്‍ അതിഭയങ്കരമായ നിരാശയിലേക്ക് പോകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം.
2023 നെ ഒരു ഭാഗ്യവര്‍ഷം എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. എല്ലാ വര്‍ഷവും കുഴപ്പമില്ലാതെ പോട്ടെ എന്നാണ് കരുതുന്നത്. പോയ വര്‍ഷങ്ങളെയൊന്നും കുറ്റം പറയാന്‍ ഞാന്‍ ഇല്ല. കാതല്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്. ചെറുപ്പം മുതല്‍ നമ്മള്‍ കാണുന്ന മമ്മൂട്ടി എന്ന നടനൊപ്പം ജോലി ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റും സന്തോഷവുമുണ്ടായിരുന്നു.
പിന്നെ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആ സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റി. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന കഥയുണ്ട്. പേടിയുണ്ടാക്കുന്ന ഒരു മമ്മൂക്കയെ ആയിരുന്നു ഞാന്‍ അപ്രോച്ച് ചെയ്യാന്‍ പോയത്. സിനിമ ഷൂട്ട് തുടങ്ങുന്ന ദിവസവും പേടിയുണ്ടായിരുന്നു.
എന്നാല്‍ അങ്ങനെയല്ല ഭയങ്കര തമാശയും രസവുമായിരുന്നു. സിനിമയുടെ സ്വഭാവം കൂടി അങ്ങനെ ആണല്ലോ. കണ്ണൂര്‍ സ്‌ക്വാഡ് പോലൊരു സിനിമയല്ല ഇത്. കണ്ണൂര്‍ സ്‌ക്വാഡിന്റെയൊക്കെ ഷൂട്ട് പാതിരാത്രി വരെ നീളുന്ന രീതിയിലാണ്. എത്രമാത്രം ഹെക്ടിക്ക് ആയിരിക്കും പരിപാടി എന്ന് സിനിമ കണ്ടാല്‍ നമുക്ക് മനസിലാകും. പക്ഷേ കാതല്‍ അങ്ങനെയല്ലല്ലോ. വീട്, കോടതി ഈ രണ്ട് സ്ഥലങ്ങളില്‍ ഒതുങ്ങുകയാണല്ലോ. അതുകൊണ്ട് തന്നെ ഞങ്ങള്‍ റിലാക്‌സ് ആയിരുന്നു, ജിയോ പറഞ്ഞു.
കാതലിന്റെ സെറ്റില്‍ മമ്മൂക്കയെ മീറ്റ് ചെയ്യാന്‍ താന്‍ പോയിരുന്നെന്നും ആ സമയത്ത് ഷൂട്ട് നടക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു ഷൂട്ട് നടക്കുകയാണെന്ന് പോലും നമുക്ക് തോന്നില്ലെന്നായിരുന്നു ഈ സമയത്ത് സംവിധായകന്‍ റോണി വര്‍ഗീസ് പറഞ്ഞത്. അത്രയും നിശബ്ദമായിരുന്നു സെറ്റെന്നും റോണി പറഞ്ഞു.
Content Highlight: Jeo baby about Kannur Squad and kaathal Release Issues