സിനിമയോടും കഥാപാത്രങ്ങളോടുമുള്ള തന്റെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി. താൻ ഒരുപാട് ആലോചിച്ച് ഉണ്ടാക്കുന്ന കഥാപാത്രങ്ങളോട് തനിക്ക് വ്യക്തിപരമായ അടുപ്പം ഉണ്ടാകാറുണ്ടെന്ന് ജിയോ പറഞ്ഞു. ഏതെങ്കിലും ഘട്ടത്തിൽ തനിക്ക് അവരോട് പ്രണയം തോന്നാറുണ്ടെന്നും ചിത്രീകരണം കഴിയുന്നതോടെ അത് ഇല്ലാതാകുമെന്നും ജിയോ പറഞ്ഞു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിയോ ബേബി.
‘ഒരുപാട് നാൾ മനസ്സിലിട്ട് ആലോചിച്ചിട്ട് ഉണ്ടാക്കുന്ന കഥാപാത്രങ്ങളോട് എനിക്ക് വ്യക്തിപരമായ അടുപ്പം തോന്നാറുണ്ട് ഏതെങ്കിലും ഒക്കെ ഘട്ടത്തിൽ എനിക്ക് അവരോട് പ്രണയവും തോന്നാറുണ്ട് കുറച്ചൊക്കെ അത് അവതരിപ്പിക്കുന്ന വ്യക്തിയിലേക്കും പോകാറുണ്ട്. അതുമൂലം ആർക്കും വേദനയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ചിത്രീകരണം കഴിയുന്നതോടുകൂടി ആ പ്രണയം ഇല്ലാതാകും,’ ജിയോ ബേബി പറഞ്ഞു.
അതേസമയം തന്റെ പുതിയ ചിത്രമായ കാതൽ ദി കോർ പറയുന്നത് കഥാപാത്രങ്ങൾ പേറുന്ന പ്രശ്നങ്ങളിലൂടെയുള്ള യാത്രയാണെന്നും ജിയോ പറയുന്നുണ്ട്. ‘ഈ സിനിമയിൽ കഥാപാത്രങ്ങൾ മനസ്സിൽ പേറുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. അവരുടെ വേദനയോടൊപ്പം സഞ്ചരിക്കാൻ ആണ് സിനിമ ശ്രമിച്ചത്,’ ജിയോ പറയുന്നു.
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കുട്ടികളിലേക്കും എത്തണമെന്നും തന്റെ മകനെ അങ്ങനെയാണ് വളർത്തുന്നതെന്നും ജിയോ പറഞ്ഞു. തന്റെ മകന് ക്യൂർ മനുഷ്യരെക്കുറിച്ച് അവബോധം ഉണ്ടെന്ന് ജിയോ കൂട്ടിച്ചേർത്തു.
‘ഞാൻ അധികസമയവും എന്റെ കുട്ടികളോടൊപ്പം തന്നെയാണ്. എന്നിട്ടും പലപ്പോഴും തിരക്കിനിടയിൽ അവരെ മറന്നു പോകുന്നതായി തോന്നാറുണ്ട്. എന്റെ മകൻ മ്യൂസിക് ഇപ്പോൾ മൂന്നാം ക്ലാസിലാണ്. അവന് ക്യൂർ മനുഷ്യരെക്കുറിച്ച് അവബോധം ഉണ്ട്. സിനിമയുടെ ചർച്ചകൾ വീട്ടിൽ നടക്കുമ്പോൾ അവനും കേൾക്കുന്നുണ്ടല്ലോ, പ്രത്യേകം പറഞ്ഞു പഠിപ്പിക്കുന്നതല്ല. സ്കൂളുകളിൽ കൂടി ഇത്തരം വിഷയങ്ങൾ കുട്ടികൾ പഠിച്ചു പരിചയിക്കണം. അതിന് ഘടനാഭരമായ സാമൂഹിക മാറ്റം തന്നെ വേണം,’ ജിയോ പറയുന്നു.
ജിയോ ബേബി ഒരുക്കിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുമ്പോൾ മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കുന്ന അഭിനയം കാഴ്ചവെച്ച നടനാണ് സുധി കോഴിക്കോട്. തങ്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുധി അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
Content Highlight: jeo baby about his passion in film