| Monday, 11th March 2024, 10:51 pm

'എന്റെ ദൈവമേ' എന്ന ഡയലോഗ് കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. ഏറെ പ്രശംസ നേരിട്ട ചിത്രത്തിൽ പ്രേക്ഷകർ എടുത്ത് പറഞ്ഞ സീനായിരുന്നു മമ്മൂട്ടി എന്റെ ദൈവമേ എന്ന് വിളിച്ച് കരയുന്ന സീൻ. എന്നാൽ ഈ സീൻ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജിയോ ബേബി.

ക്യൂ സ്റ്റുഡിയോയിലെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ അവസാന രംഗങ്ങളിലേക്കെത്തുമ്പോഴുള്ള സീനില്‍ മമ്മൂട്ടി ദൈവമേ എന്ന് വിളിക്കുന്നത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും മമ്മൂട്ടി അത് കൈയില്‍ നിന്ന് ഇട്ടതാണെന്നും പറഞ്ഞു. ഷോട്ടിന് ശേഷം അത് ഇഷ്ടമായില്ലെങ്കില്‍ കളഞ്ഞേക്കൂ എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജിയോ വെളിപ്പെടുത്തി.

‘കാതല്‍ എന്ന സിനിമയില്‍ മമ്മൂക്ക സീന്‍ ചെയ്യാന്‍ പോകുന്നു, ഞാനും അസിസ്റ്റന്റ്‌സും മോണിറ്ററിന്റെയടുത്ത് ഇരിക്കുകയാണ്. ദൈവമേ എന്ന ഡയലോഗ് സ്‌ക്രീന്‍പ്ലേയില്‍ ഇല്ല. മമ്മൂക്ക കൈയില്‍ നിന്നിട്ടതാണ്. ഒറ്റ ടേക്കിലായിരുന്നു അതെടുത്തത്. ഞാന്‍ മോണിറ്റര്‍ നോക്കിയിരിക്കുകയായിരുന്നു. ദൈവമേ എന്ന ഡയലോഗ് കേട്ടിട്ട് എനിക്ക് ആ സമയത്ത് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഷോട്ട് കഴിഞ്ഞ് വന്ന മമ്മൂക്ക, ഞാനത് കൈയില്‍ നിന്നിട്ടതാണ്, വേണ്ടെങ്കില്‍ കളഞ്ഞേക്ക്, ഒന്നൂടെ എടുക്കാമെന്ന് പറഞ്ഞു.

ആ സീനിന്റെ ബാക്ക്‌ഷോട്ടും ഞങ്ങള്‍ അതേ സമയത്ത് എടുത്തിരുന്നു. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ഡയലോഗ് വെക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. ഞാന്‍ അത് കുറേ തവണ കണ്ടു. എഡിറ്റിങ് സമയത്ത് നോക്കാം എന്ന ചിന്തയില്‍ അത് അപ്പോള്‍ വിട്ടു. എഡിറ്റിങ്ങിന്റെ സമയത്തും അത് കളഞ്ഞിരുന്നില്ല. പിന്നീട് അത് ഹൈഡ് ചെയ്തും മ്യൂട്ട് ചെയ്തുമൊക്കെ കണ്ടു നോക്കി.

വിളി കറക്ടായില്ലെങ്കില്‍ സ്റ്റുഡിയോയില്‍ വന്ന് ഡബ്ബ് ചെയ്യാമെന്നൊക്കെ മമ്മൂക്ക പറഞ്ഞിരുന്നു. ഞാന്‍ ആ സീന്‍ ഒരുപാട് തവണ കണ്ടപ്പോള്‍ എനിക്ക് വര്‍ക്കായി. അങ്ങനെയാണ് ആ ഡയലോഗ് അതില്‍ ഉള്‍പ്പെടുത്തിയത്,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Baby about ente daivame scene in kathal movie

We use cookies to give you the best possible experience. Learn more