| Monday, 18th January 2021, 1:37 pm

ആമസോണ്‍ പ്രൈം സിനിമ കണ്ടിരുന്നു, പക്ഷേ എടുക്കില്ലെന്ന് പറഞ്ഞു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസിന് പിന്നാലെയാണ് വലിയൊരു വിഭാഗം ആളുകളും നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെ കുറിച്ച് അറിയുന്നത്. ആമസോണും നെറ്റ് ഫ്ക്ലിക്‌സും കേട്ടുപരിചയിച്ച പ്രേക്ഷകര്‍ക്ക് നീ സ്ട്രീം എന്നത് പുതിയ പേരായിരുന്നു.

നീ സ്ട്രീമിനെ കുറിച്ച് തങ്ങള്‍ക്കും അറിയില്ലായിരുന്നെന്നും ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി ആമസോണിനെ സമീപിച്ചെങ്കിലും ചിത്രം എടുക്കില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ആമസോണ്‍ പ്രൈം സിനിമ കണ്ടിരുന്നു. എന്നാല്‍ അവര്‍ എടുക്കുന്നില്ലെന്ന് പറഞ്ഞു. കാരണം എന്താണെന്ന് അവര്‍ പറഞ്ഞില്ല. അവരുടെ ക്രൈറ്റീരിയയുമായി ഒത്തുപോകുന്നില്ലെന്നായിരുന്നു പറഞ്ഞത്. എന്താണ് ക്രൈറ്റീരിയ എന്ന് ചോദിച്ചാല്‍ അവര്‍ക്കതിന് ഉത്തരമില്ലായിരുന്നു’, ജിയോ ബേബി പറഞ്ഞു.

ചിത്രത്തിന് ഒ.ടി.ടി. റിലീസ് മതിയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കാരണം ജൂലൈയില്‍ തുടങ്ങുന്ന പടം ഒക്ടോബറോക്കെ ആകുമ്പോ ഫസ്റ്റ് കോപ്പി ആകുമെന്നറിയാം. അപ്പോള്‍ തീയേറ്റര്‍ ഓപ്പണ്‍ ആകില്ലെന്നുമറിയാം പക്ഷെ ഒ.ടി.ടി പ്ലാറ്റ്ഫോം ഏതാണെന്ന് തീരുമാനിച്ചില്ലായിരുന്നു.

നവംബര്‍, ഡിസംബര്‍ ആകുമ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു. നമ്മള്‍ പല പ്ലാറ്റ്ഫോമിനെയും സമീപിച്ചു. സിനിമ എടുക്കാന്‍ ആര്‍ക്കും താല്പര്യമില്ല. എന്താണെന്ന് എനിക്കറിയില്ല. ആമസോണ്‍ പ്രൈം സിനിമ കണ്ടിരുന്നു. അവര്‍ എടുക്കുന്നില്ലെന്ന് പറഞ്ഞു.

കാരണം പറയില്ല അവര്‍. അവരുടെ ക്രൈറ്റീരിയയുമായി ഒത്തുപോകുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്താണെന്ന് ചോദിച്ചാല്‍ അവര്‍ക്കതിന് ഉത്തരവുമില്ല. സുരാജും നിമിഷയുമൊക്കെ മലയാളികള്‍ ഒരുപാട് ഇഷ്ടപെടുന്ന താരങ്ങളായത് കൊണ്ട് പല പ്ലാറ്റ്‌ഫോമില്‍ നിന്നും വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്, ജിയോ ബേബി പറഞ്ഞു.

ജനുവരിയിലായിരുന്നു ഞാന്‍ നിമിഷയോട് ഈ കഥപറയുന്നത്. മാര്‍ച്ച് ആയപ്പോഴേക്കും നമ്മള്‍ ലോക്ക്ഡൗണിലേക്ക് പോയല്ലോ. ആ സമയത്തൊക്കെ ഞാന്‍ ഈ സിനിമയുടെ ഫൈന്‍ ട്യൂണിങ്ങിലായിരുന്നു. ജൂലായിയിലാണ് സിനിമ തുടങ്ങുന്നത്. ഷൂട്ടിങ്ങിന് അനുമതി നല്‍കിയപ്പോള്‍ തുടങ്ങിയ ആദ്യ സിനിമകളില്‍ ഒന്നായിരുന്നു ഇത്.

നമ്മള്‍ ചെയുന്ന ഈ സിനിമ എല്ലാ സ്വാതന്ത്ര്യത്തോടെയും ചെയ്യാനും പറയാനും പറ്റുന്ന തരത്തിലുള്ള സിനിമയായിരിക്കണമെന്ന് നേരത്ത തെന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ നിര്‍മാതാക്കള്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. എന്റെ സുഹൃത്തുക്കളാണ് ഈ സിനിമ നിര്‍മിച്ചത്. ഞങ്ങളൊരുമിച്ച് കോളേജില്‍ പഠിച്ചതാണ് അങ്ങനെയല്ലാത്തൊരു സ്പേസില്‍ ഈ സിനിമയ്ക്ക് നിലനില്‍പ്പില്ലെന്ന് തോന്നി.

കാരണം മലയാളത്തില്‍ ഇവിടെ സിനിമ ചെയ്തോണ്ടിരിക്കുന്ന ഒരു പ്രൊഡ്യൂസറുടെ അടുത്തുപോയി പറഞ്ഞാല്‍ അവര്‍ക്കു ചിലപ്പോള്‍ ഈ സിനിമ മനസ്സിലാവണമെന്നില്ല. പ്രൊഡക്ഷന്‍ ഹൗസ് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

ഇതിന്റെ പിന്നിലുള്ള ആരും വലിയ പണക്കാരൊന്നുമല്ല. ഓരോ സ്ഥലങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. ജോമോന്‍ ഐ.ടി മേഖലയിലാണ്, ഡിജോ കാനഡയിലാണ് സാജന്‍ അക്കൗണ്ടന്റാണ്, വിഷ്ണു കാനഡയിലാണ് ഇവരെല്ലാം കൂടെ കടം വാങ്ങിച്ചും സങ്കടിപ്പിച്ചുമുള്ള പണം കൊണ്ടാണ് ഈ സിനിമ ചെയ്തത്.

ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും റിലീസ് വേണം പണം കിട്ടണം എന്ന് നില്‍ക്കുമ്പോഴാണ് ഈ നീം സ്ട്രീം പ്ലാറ്റ്ഫോമിനെ കുറിച്ച് അറിയുന്നത്. അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. അവര്‍ വഴിയാണ് ഇത് ജനങ്ങളിലേക്ക് എത്തുന്നത്. നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍ പോലെയുള്ളവയെ താരതമ്യം ചെയ്യാതെ നമ്മുടെ നാട്ടിലെ ചെറിയ ഒരു പ്രസ്ഥാനമായിട്ട് വേണം നമ്മളിപ്പോള്‍ ഈ നീം സ്ട്രീമിനെ കാണേണ്ടത്.

ഇന്നലെയൊക്കെ ലക്ഷക്കണക്കിന് വ്യൂവേഴ്സ് ഒരേസമയം വന്നിട്ട് പ്ലാറ്റ്‌ഫോം കുറച്ച് ഡൗണ്‍ ആയിരുന്നു. ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. ഇത്രമാത്രമൊരു ഇടിച്ചു കയറ്റമുണ്ടാകുമെന്ന് നീം സ്്ട്രീമും പ്രതീക്ഷിച്ചിട്ടില്ല. ഞങ്ങളും വിചാരിച്ചിരുന്നില്ല. പ്രശ്നങ്ങളൊക്കെ പരിഹരിച്ച് ഇപ്പോള്‍ നന്നായിട്ടു നടക്കുന്നുണ്ട്, ജിയോ ബേബി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Director Jeo Baby About Amazone prime ott platform

We use cookies to give you the best possible experience. Learn more