തങ്കനിൽ ആദർശും പോൾസനും സംശയം പ്രകടിപ്പിച്ചിടത്ത് മമ്മൂക്ക ഓക്കെ പറഞ്ഞു: ജിയോ ബേബി
Film News
തങ്കനിൽ ആദർശും പോൾസനും സംശയം പ്രകടിപ്പിച്ചിടത്ത് മമ്മൂക്ക ഓക്കെ പറഞ്ഞു: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th November 2023, 5:00 pm

കാതൽ ദി കോറിൽ മമ്മൂട്ടിക്കും ജ്യോതികക്കും പുറമെ മറ്റൊരു പ്രധാന താരമാണ് കോഴിക്കോട്ടുകാരനായ സുധി. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും ഫ്രീഡം ഫൈറ്റിലും സുധി അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം തങ്കനാണ്. ജിയോയുടെ കാതൽ ദി കോറിലെ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് സുധി അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു കഥാപാത്രം കൂടിയാണ് തങ്കൻ. തന്റെ അഭിനയ മികവ് കൊണ്ട് തങ്കൻ ഏറെ ശ്രദ്ധ നേടി.

സുധിയെ കാതലിലേക്ക് തെരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി. സുധിയെ തനിക്ക് പത്ത് വർഷം മുൻപ് തന്നെ അറിയാമെന്നും ജിയോ പറഞ്ഞു. സുധിയുടെ അഭിനയം കണ്ടിട്ട് അദ്ദേഹത്തെ ഉപയോഗിക്കണമെന്ന് വളരെ ആഗ്രഹമായിരുന്നെന്നും ജിയോ പറയുന്നുണ്ട്. ട്രൂകോപ്പിതിങ്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുധി ഏട്ടനെ എനിക്ക് ഏകദേശം 10 വർഷമായിട്ട് അറിയാം. സുധിയേട്ടനെ ഞാൻ പരിചയപ്പെടുന്നത് ഐൻ സിനിമയുടെ സമയത്താണ്. കോഴിക്കോടുള്ള ഒരു മനുഷ്യനെ ഞങ്ങൾ പരിചയപ്പെടുന്നു. അതിനുശേഷം ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അഭിനയിച്ചിട്ടുണ്ട്. ഐൻ എന്ന സിനിമയിൽ ഞാൻ സിദ്ധാർത്ഥിന്റെ കൂടെ എല്ലാ പരിപാടിക്കുമുണ്ട്. ഇയാൾ അഭിനയിക്കുന്നത് കാണുമ്പോൾ കൊള്ളാലോ എന്ന് എനിക്ക് തോന്നുന്നുണ്ട്.

അങ്ങനെ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അഭിനയിക്കുന്നു. നമ്മുടെ തന്നെ ഫ്രീഡം ഫൈറ്റില് ശ്രിന്തയുടെ ഭർത്താവായിട്ട് ഉള്ള കഥാപാത്രം കൊണ്ടെല്ലാം ഇയാൾ എന്നെ ഇഷ്ടപ്പെടുത്തുകയാണ്. പിന്നെ സുധിയേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. എനിക്ക് 10 വർഷത്തെ പരിചയം ഉണ്ട്. ഇയാളെ എവിടെയെങ്കിലും ഉപയോഗിക്കണമല്ലോ എന്നുള്ളത് എന്റെ ഒരു ആഗ്രഹമാണ്. നമുക്ക് ചില മനുഷ്യരോട് അങ്ങനെ തോന്നും. ഒരു മനുഷ്യനെന്ന രീതിയിലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും.

കഥ കേട്ട മൊമെന്റില് എനിക്ക് ഇയാളുടെ മുഖമാണ് ഓർമ വന്നത്. സുധിയേട്ടനെ ആർക്കും അറിയില്ല. ഞാൻ സുധി എന്നൊരു ആളുണ്ടെന്ന് റൈറ്റേഴ്സിനോട് പറയുമ്പോൾ, അത് ആരാ എന്നാണ് പറയുക. ഇയാളുടെ പൊട്ടൻഷ്യൽ അവർക്ക് അറിയില്ല. സുധിയേട്ടനെ ഞാൻ വിളിക്കുന്നു. കുറച്ചു സീൻ ഒക്കെ ചെയ്തു നോക്കുന്നു. പുള്ളി പോകുന്നു. ആദർശിനും പോൾസനും മനസ്സിലാകുന്നില്ലായിരുന്നു, അത് അവരുടെ കുറ്റമല്ല അവർക്ക് അത് അറിയില്ല. അവർ മനപ്പൂർവം നോ പറയുകയല്ല, അത് അവരുടെ കൺഫ്യൂഷനാണ്. ഓക്കെ ആകുമോ ഇല്ലയോ എന്നൊരു ആശങ്ക.

ബാറിലുള്ള ആ ഒരു സീൻ ഞാൻ വെറുതെ ഷൂട്ട് ചെയ്തു. ഈ സിനിമയെപ്പറ്റി കഥാപാത്രത്തെ പറ്റി ഞാൻ സുധിയേട്ടനോട് ഒരുപാട് സംസാരിച്ചു. തന്നെ പൂർണമായിട്ടും വിട്ടു തരാൻ സുധി ഏട്ടൻ തയ്യാറായിരുന്നു. ഞാൻ വളരെ ചുരുക്കം ആർട്ടിസ്റ്റുകളുടെ കൂടെ ഇങ്ങനെ വർക്ക് ചെയ്തിട്ടുള്ളൂ. ഞങ്ങൾ ഒരുപാട് സംസാരിച്ചതിന് ശേഷം ഞാൻ ഷൂട്ട് ചെയ്തു. ബാർ സീൻ ഞാൻ എന്റെ മൊബൈലിൽ ഷൂട്ട് ചെയ്തിട്ട് മമ്മൂക്കക്ക് അയച്ചു കൊടുത്തു. തങ്കൻ? പറ്റുമോ എന്ന രീതിയിൽ അയച്ചു കൊടുത്തു ഓക്കേ എന്ന് മറുപടിയും പറഞ്ഞു. ആ ഒരു മൊമെന്റ് എനിക്ക് ഭയങ്കരമാണ്. ആദർശനും പോൾസനും കൺഫ്യൂഷൻ പറയുന്ന സ്ഥലത്ത് മമ്മൂക്ക ഒക്കെ പറയുമ്പോൾ എനിക്ക് ഒരു കോൺഫിഡൻസ് ആണ്,’ ജിയോ ബേബി പറയുന്നു.

Content Highlight: Jeo babby about sudi’s entry to the movie