കല്‍പ്പറ്റ: വയനാട് വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ ജെന്‍സന്‍ മരണപെട്ടു. 8.52ഓടെയാണ് അധികൃതര്‍ മരണം സ്ഥിരീകരിച്ചത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെന്‍സണ്‍ വെന്റിലേറ്ററിലായിരുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടലില്‍ അമ്മയും അച്ഛനും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സണ്‍. ചൊവ്വാഴ്ച വൈകീട്ട് വെളളാരംകുന്നില്‍ വെച്ചാണ് അപകടം ഉണ്ടായത്. ശ്രുതി ഉള്‍പ്പെടെ ഒമ്പത് പേരാണ് അപകടത്തില്‍ പെട്ടത്.
ശ്രുതിയോടൊപ്പം വാനിലുണ്ടായിരുന്ന ഏഴ് പേരും ബസിലെ രണ്ട് പേരുമാണ് അപകടത്തില്‍ പെട്ടത്. കാലിന് പരിക്കേറ്റ ശ്രുതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓണം കഴിഞ്ഞ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ജെന്‍സണ്‍ അപകടത്തില്‍പെട്ട് മരണപ്പെടുന്നത്. ജെന്‍സന്റെ മരണവിവരം ഇതുവരെ ശ്രുതിയെ അറിച്ചിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തലക്കേറ്റ ഗുരുതമായ പരിക്കാണ് ജെന്‍സന്റെ മരണത്തിന് ഇടയാക്കിയത്.
അതേസമയം ജെന്‍സനുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീട്ടില്‍ ഗൃഹപ്രവേശം നടത്തിയതിനും ശേഷമായിരുന്നു മുണ്ടക്കൈ ദുരന്തമുണ്ടായത്. ഇതിനുപിന്നാലെയാണ് വീണ്ടും മറ്റൊരു ദുരന്തത്തിന് ശ്രുതി ഇരയാകുന്നത്.
Content Highlight: jensen died after being injured in an accident between a-bus and a van at vellaramkunn wayanad