| Monday, 20th March 2023, 9:41 pm

എന്നാ കിടിലന്‍ ക്യാച്ചാണെന്നേ, ഇതുപോലെ ഒരു ക്യാച്ച് പലര്‍ക്കും സ്വപ്‌നം മാത്രം; ജെമീമ യൂ ആര്‍ ജെം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ സീസണിലെ അവരുടെ ചെറിയ സ്‌കോറിന് പിടിച്ചുകെട്ടി ദല്‍ഹി ക്യാപ്പിറ്റല്‍സ്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് മാത്രമാണ് മുംബൈ നേടിയത്.

സീസണില്‍ നേരത്തെ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 105 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ എക്‌സാക്ട് 109 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത് എന്നതും ഇതിലെ യാദൃശ്ചികതയാണ്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിലേ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.

ടീം സ്‌കോര്‍ ആറില്‍ നില്‍ക്കവെ ഓപ്പണറായ യാഷ്ടിക ഭാട്ടിയയെയും വണ്‍ ഡൗണായിറങ്ങിയ നാറ്റ് സ്‌കൈവര്‍ ബ്രണ്ടിനെയും മുംബൈക്ക് നഷ്ടമായിരുന്നു. അടുത്തടുത്ത പന്തുകളില്‍ മാരിസണ്‍ കാപ്പായിരുന്നു ഇരുവരെയും മടക്കിയത്.

ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ മുംബൈയുടെ തുറുപ്പുചീട്ടായ ഹെയ്‌ലി മാത്യൂസും കൂടാരം കയറിയിരുന്നു. ശിഖ പാണ്ഡേയുടെ പന്തില്‍ ജെമീമ റോഡ്രിഗസ് ക്യാച്ചെടുത്താണ് ഹെയ്‌ലിയെ മടക്കിയത്. ഒരുപക്ഷേ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ച് ഇതാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ജെമീമ ആ ക്യാച്ചെടുത്തത്.

ബൗണ്ടറി ലക്ഷ്യമാക്കി മാത്യൂസ് തൊടുത്ത ഷോട്ട് കൃത്യമായി ഡൈവ് ചെയ്താണ് ജെമീമ ക്യാച്ച് പൂര്‍ത്തിയാക്കിയത്. ക്യാച്ചെടുത്ത ശേഷം പന്തില്‍ ചുംബിച്ചാായിരുന്നു താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

അതേസമയം, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും പൂജ വസ്ത്രാര്‍ക്കറിന്റെയും ഇസ്സി വോങ്ങിന്റെയും ഇന്നിങ്‌സാണ് ടീമിനെ വമ്പന്‍ വീഴ്ചയില്‍ നിന്നും കരകയറ്റിയത്.

കൗര്‍ 26 പന്തില്‍ നിന്നും 23 റണ്‍സ് നേടിയപ്പോള്‍, പൂജ വസ്ത്രാര്‍ക്കര്‍ 19 പന്തില്‍ നിന്നും 26 റണ്‍സും വോങ് 24 പന്തില്‍ നിന്നും 23 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 22ന് പൂജ്യം എന്ന നിലയിലാണ് ക്യാപ്പിറ്റല്‍സ്. ഒമ്പത് റണ്‍സ് നേടിയ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങും 13 റണ്‍സ് നേടിയ ഷെഫാലി വര്‍മയുമാണ് ക്യാപ്പിറ്റല്‍സിനായി ക്രീസില്‍.

Content Highlight: Jemimah Rodriguez with a stunning catch in WPL

Latest Stories

We use cookies to give you the best possible experience. Learn more