വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ വിജയത്തോടെ തുടക്കം കുറിക്കുകയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മുംബൈ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ മുംബൈ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
20ാം ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ സിക്സര്‍ നേടി മലയാളി താരം സജന സജീവനാണ് മുംബൈ ഇന്ത്യന്‍സിന് വിജയം നേടിക്കൊടുത്തത്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് ആവശ്യമുള്ളപ്പോള്‍ ലോകോത്തര താരമായ അലീസ് ക്യാപ്സിയെ സിക്സറിന് പറത്തിയാണ് ഈ വയനാടുകാരി മുംബൈക്ക് വിജയം സമ്മാനിച്ചത്.
താരത്തിന്റെ മിന്നും സിക്‌സറിന് പുറകെ ദല്‍ഹി താരം ജമീമ റോഡ്രിഗസ് സജനയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്‌റ്റോറി ഷെയര്‍ ചെയ്യുകയായിരുന്നു താരം.
‘മത്സര ഫലം ഞങ്ങള്‍ വിചാരിച്ച പോലെ അല്ലായിരുന്നു, പക്ഷെ അരങ്ങേറ്റത്തില്‍ ജുവിന്റെ ഫിനിഷിങ് മികച്ചതായിരുന്നു. കേരളത്തിലെ പ്രളയത്തിന്റെ നഷ്ടത്തിലും ടീമില്‍ എത്തിയപ്പോള്‍ ഒരു പന്തില്‍ നിന്നും അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ നിസാരമായാണ് ഒരു സിക്‌സര്‍ അടിച്ചത്. ഇത് വല്ലാത്തൊരു സംഭവമായിരുന്നു, അതിന് പുറമെ വല്ലാത്തൊരു പ്ലെയര്‍ ആണ് അവള്‍,’ ജമീമ ഇന്‍സ്റ്റയില്‍ കുറിച്ചു.
മുബൈയുടെ അടുത്ത മത്സരം 25ന് ഗുജറാത്ത് ജെയ്ന്റ്‌സിനോടാണ്. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വൈകിട്ട് 7.30ന് റോയല്‍ ചലഞ്ചേഴ്‌സും യു.പി വാരിയേഴ്‌സും മത്സരിക്കും.
Content Highlight: Jemimah Rodrigues Praises Malayali Player Sajana Sajeevan