നൂറാം മത്സരത്തില്‍ വൈസ് ക്യാപ്റ്റനെ തന്നെ പടിയിറക്കിവിട്ട് 23കാരി; ഫൈനലില്‍ ഇവള്‍ക്ക് ഇരട്ടനേട്ടം
Sports News
നൂറാം മത്സരത്തില്‍ വൈസ് ക്യാപ്റ്റനെ തന്നെ പടിയിറക്കിവിട്ട് 23കാരി; ഫൈനലില്‍ ഇവള്‍ക്ക് ഇരട്ടനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th July 2024, 5:59 pm

വനിതാ ഏഷ്യാ കപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ഇന്ത്യ നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സാണ് ഷെഫാലിയും മന്ഥാനയും ചേര്‍ന്ന് സ്വന്തമാക്കിയത്.

16 റണ്‍സ് നേടിയ ഷെഫാലിയെ മടക്കി കവിഷ ദില്‍ഹാരിയാണ് ശ്രീലങ്കക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ഉമ ഛേത്രി ഒമ്പത് റണ്‍സും നേടി മടങ്ങി.

നാലാം നമ്പറിലെത്തിയ ഹര്‍മന്‍പ്രീത് കൗറിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 11 പന്തില്‍ 11 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായി.

മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ മടങ്ങിയതോടെ ജമീമ റോഡ്രിഗസാണ് കളത്തിലിറങ്ങിയത്. ക്രീസിലെത്തിയതുമുതല്‍ ആക്രമിച്ചുകളിച്ച ജെമീമയുടെ കാമിയോ ഇന്ത്യന് ടോട്ടലില്‍ തുണയായി. 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 29 റണ്‍സാണ് താരം നേടിയത്.

അന്താരാഷ്ട്ര കരിയറിലെ 100ാം ടി-20 മത്സരത്തിനാണ് ജെമീമ കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടവും ജെമീമ സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 ടി-20 മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ജെമീമ സ്വന്തമാക്കിയത്.

സ്മൃതി മന്ഥാനയുടെ റെക്കോഡ് തകര്‍ത്താണ് ജെമീമ റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

നൂറ് ടി-20ഐ മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍ (വനിതാ താരങ്ങള്‍)

(താരം – ടീം – പ്രായം എന്നീ ക്രമിത്തില്‍)

ജെമീമ റോഡ്രിഗസ് – ഇന്ത്യ – 23 വയസും 327 ദിവസവും

സ്മൃതി മന്ഥാന – ഇന്ത്യ – 26 വയസും 83 ദിവസവും

ദീപ്തി ശര്‍മ – ഇന്ത്യ – 26 വയസും 106 ദിവസവും

സുന്‍ ലെസ് – സൗത്ത് ആഫ്രിക്ക – 27 വയസും 76 ദിവസവും

ഡിയാന്ദ്ര ഡോട്ടിന്‍ – വെസ്റ്റ് ഇന്‍ഡീസ് – 27 വയസും 97 ദിവസവും

 

ഇതിന് പുറമെ ഇന്ത്യക്കായി 100 ടി-20 മത്സരം പൂര്‍ത്തിയാക്കുന്ന നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും ജെമീമ സ്വന്തമാക്കി.

വനിതാ ടി-20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം മത്സരം കളിച്ച താരങ്ങള്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

ഹര്‍മന്‍പ്രീത് കൗര്‍ – 173

സ്മൃതി മന്ഥാന – 141

ദീപ്തി ശര്‍മ – 117

ജെമീമ റോഡ്രിഗസ് – 100

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്ക് ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ വിക്കറ്റ് നഷ്ടമായി. ഒരുവശത്ത് ഉറച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തവെ ദീപ്തി ശര്‍മയാണ് ചമാരിയെ പുറത്താക്കിയത്. 43 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 99ന് രണ്ട് എന്ന നിലയിലാണ് ശ്രീലങ്ക. 30 പന്തില്‍ 30 റണ്‍സുമായി ഹര്‍ഷിത് സമരവിക്രമയും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി കവിഷ ദില്‍ഹാരിയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ഉമ ഛേത്രി, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രാക്കര്‍, രാധ യാദവ്, തനൂജ കന്‍വര്‍, രേണുക സിങ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

വിഷ്മി ഗുണരത്നെ, ചമാരി അത്തപ്പത്തു, ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, നിലാക്ഷി ഡി സില്‍വ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പര്‍), ഹാസിനി പെരേര, സുഗന്ധിക കുമാരി, ഇനോഷി പ്രിയദര്‍ശിനി, ഉദ്ദേശിക പ്രബോധിനി, സചിനി നിസന്‍സാല.

 

Content highlight: Jemimah Rodrigues becomes the youngest player to complete 100 T20I matches