കരീബിയനില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍; രണ്ട് ഇന്ത്യക്കാരെ റാഞ്ചി കരീബിയന്‍ ലീഗ്
Sports News
കരീബിയനില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍; രണ്ട് ഇന്ത്യക്കാരെ റാഞ്ചി കരീബിയന്‍ ലീഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th July 2024, 8:20 pm

വനിത കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 21 മുതല്‍ 29 വരെ നടക്കാനിരിക്കുകയാണ്. ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ സ്റ്റാര്‍ താരങ്ങളായ ജമീമ റോഡ്രിഗസ്, ശിഖ പാണ്ഡെ എന്നിവരെ സൈന്‍ ചെയ്തിരിക്കുകയാണ്. മാത്രമല്ല ടീമില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ മെഗ് ലാനിങ്ങും ഇടങ്കയ്യന്‍ സ്പിന്നര്‍ ജെസ് ജോനാസനും ഉണ്ട്.

കൂടാതെ തങ്ങളുടെ അഞ്ച് കരീബിയന്‍ താരങ്ങളെയും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്. സി.പി.എല്ലില്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യം വെച്ച് വമ്പന്‍ താരനിരയാണ് ടീം ഒരുക്കിയിട്ടുള്ളത്. നിലവില്‍ ശിഖയും ജമീമയും സൗത്ത് ആഫ്രിക്കെതിരെയുള്ള ഓള്‍ ഫോര്‍മാറ്റ് പര്യടനത്തിലാണ്. ഇതോടെ വനിത കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ജമീമ സംസാരിച്ചിരുന്നു.

‘ഡബ്ല്യൂ.സി.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ഇന്ത്യക്കുവേണ്ടി കരീബിയനില്‍ ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ്. ഞാന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയാണ്,’ജമീമ പറഞ്ഞു.

‘ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് മികച്ച ഒരു പാരമ്പര്യമുണ്ട്. എന്നിരുന്നാലും ലോക വനിത ടി-20ക്ക് വേണ്ടിയുള്ള ഒരു മികച്ച തയ്യാറെടുപ്പായിരിക്കും ഈ ലീഗ്. ഈ ടൂര്‍ണമെന്റില്‍ ലോകത്തിലെ മികച്ച ചില കളിക്കാര്‍ പങ്കെടുക്കുന്നുണ്ട്. ഞാന്‍ ആവേശത്തിലാണ്,’ ജമീമ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ രണ്ട് സ്റ്റാര്‍ താരങ്ങളെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടുത്തിയതിന് കെ.കെ.ആര്‍ ഗ്രൂപ്പ് സി.ഇ.ഒ വെങ്കി ബി.സി.സി.ഐക്ക് നന്ദിയും രേഖപ്പെടുത്തിയിരുന്നു. ഇത് ലീഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും വെങ്കി പറഞ്ഞു.

 

Content Highlight: Jemimah Rodrigues and Shikha Pandey join Women’s Caribbean Premier League