ജല്ലിക്കെട്ട് നിരോധനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഞായറാഴ്ച വരെ ഒരു മുഖവും അതിന് ശേഷം അതിന്റെ രൂപഭാവങ്ങളില്‍ മാറ്റം സംഭവിക്കുന്ന കാഴ്ചയുമായിരുന്നു നമ്മള്‍ കണ്ടത്. ജല്ലിക്കെട്ട് നിരോധനത്തില്‍ പ്രതിഷേധവുമായി ചെന്നൈ മറീന ബീച്ചില്‍ ഒത്തുചേര്‍ന്നവര്‍ തികച്ചും സമാധാനപരമായ പ്രതിഷേധപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.
അതില്‍ ഒരാള്‍ പോലും മദ്യപിച്ചിരുന്നില്ല. കൂടിച്ചേര്‍ന്ന വലിയ ആള്‍ക്കൂട്ടത്തില്‍ ആരും സ്ത്രീകളെ ഉപദ്രവിച്ചിരുന്നില്ല. സ്ത്രീകള്‍ക്ക് എതിരായ അക്രമമോ പിടിച്ചുപറിയോ ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
പ്രതിഷേധപരിപാടിയില്‍ പങ്കെടുത്ത അനുവൈരം എന്ന ബി.ടെക് വിദ്യാര്‍ത്ഥിനി എന്നോട് പറഞ്ഞത് പ്രതിഷേധസംഗമത്തിന്റെ ഭാഗമാകുന്നതിനായി തന്നെ അയയ്ക്കാന്‍ അമ്മയ്ക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ലെന്നും മറിച്ച് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ്. ഇത് ചെന്നൈ നഗരമാണ്. ഇവിടെ നിര്‍ദോഷികളായ പുരുഷന്‍മാരാണ് ഉള്ളത് എന്നുമായിരുന്നു അവര്‍ എന്നോട് പറഞ്ഞത്.
എന്നാല്‍ ചെന്നൈയിലെ പുരുഷന്‍മാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ ആയിരുന്നോ? എങ്ങനെയാണ് ഒറ്റ രാത്രികൊണ്ട് സമാധാനമായി നടന്ന ഒരു പ്രതിഷേധം കല്ലേറിലേക്കും കൊള്ളിവെപ്പിലേക്കും നീങ്ങിയത്? ഒന്നുകില്‍ നിങ്ങള്‍ക്ക് ചെന്നൈ നഗരത്തെ മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അല്ലെങ്കില്‍ ചെന്നൈയിലെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും നിങ്ങള്‍ക്ക് അത് മനസിലാക്കിത്തരും.
പോലീസിന് നേരെ കല്ലേറിഞ്ഞ, നാശംവിതച്ച, റോഡ് തടഞ്ഞ പ്രതിഷേധക്കാരുടെ ശരീരഭാഷ ശ്രദ്ധിക്കുന്നവര്‍ക്ക് ഈ ഞാറാഴ്ചവരെ ചെന്നൈ മറീനബീച്ചില്‍ സമാധാനപരമായി പ്രതിഷേധം നടത്തിവന്നിരുന്ന വിദ്യാര്‍ത്ഥികളുടെ മുഖവും ശരീരഭാഷയുമായിരുന്നില്ല അവര്‍ക്കെന്ന് മനസിലാകും.
ഈ സാമൂഹ്യവിരുദ്ധരെ മനപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കാനായി പുറത്ത് നിന്നും പണം നല്‍കി ഇറക്കിയതാണെന്ന കാര്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പ്രതിഷേധക്കാരെന്ന് പറയുന്നവരില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നു. നല്‍കിയ പണത്തിന് കൂലിയായിട്ടും മറ്റുള്ളവരില്‍ വിശ്വാസം ഊട്ടിയുറപ്പിക്കാനും വേണ്ടിയായിരിക്കാം “ഞങ്ങള്‍ക്ക് ജല്ലിക്കെട്ട് വേണം” എന്ന മുദ്രാവാക്യം അവര്‍ ഉച്ചത്തില്‍ ഉയര്‍ത്തിയത്.
മറീന ബീച്ചില്‍ പ്രതിഷേധപ്രകടനങ്ങളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ തന്നെ ഭയമായിരുന്നു. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ സംസാരിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമോ എന്ന ഭയം പോലും ഉണ്ടായിരുന്നു.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തീവെപ്പ് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടത്തിയവരില്‍ അത്തരത്തിലുള്ള യാതൊരു ഭയവും കണ്ടില്ല. സാമൂഹ്യവിരുദ്ധരെ ഉപയോഗിച്ച് പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. റോഡ് തടയലും തീവെപ്പ് ഉള്‍പ്പെടെയുള്ള നടപടികളും ഈ വിഷയത്തിന് ഒരു രാഷ്ട്രീയമാനം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം എന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് പിന്നീട് വന്നത്. പരമാവധി ആഘാതം സൃഷ്ടിച്ച് ഒരു നഗരത്തെ എങ്ങനെ മുള്‍മുനയില്‍ നിര്‍ത്താം എന്ന് ചിലര്‍ക്ക് കൃത്യമായി അറിയാമായിരുന്നു.
ചെന്നൈയിലെ ഐസ് ഹൗസ് റോഡില്‍ പ്രതിഷേധത്തിന്റെ ആദ്യസൂചന ഉയര്‍ന്നപ്പോള്‍ അവിടെ ഞാനും ഉണ്ട്. അവിടെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതാണ്. പിന്നീട് കാണുന്നത് ചിലയാളുകള്‍ പിന്തിരിഞ്ഞ് ഓടുന്നതും അവിടെ നിന്നും കല്ലുകള്‍ എടുത്ത് പൊലീസിന് നേരെ എറിയുന്നതുമാണ്.
അതില്‍ ഒരു കല്ല് ഹെഡ് കോണ്‍സ്റ്റബിള്‍ ആര്‍.ആനന്ദ് കുമാറിന്റെ തലയില്‍ പതിക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. അയോദ്ധ്യാകുപ്പം എന്നുപേരില്‍ കൂടി അറിയപ്പെടുന്ന ഈ സ്ഥലം അക്രമികള്‍ തമ്പടിക്കുന്ന മേഖലയാണെന്ന് കൂടി പൊലീസ് മുന്‍കൂട്ടി പറഞ്ഞതാണ്. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞിരിക്കവേ യാതൊരു മുന്‍കരുതലും കൂടാതെ പൊലീസ് ഇവിടെ എത്തിയത് എന്നെ അത്ഭുതപ്പെടുത്തി.
സ്വയം സംരക്ഷണത്തിനായി അവര്‍ ഒരു ഹെല്‍മെറ്റോ മറ്റ് ജാക്കറ്റുകളോ കയ്യില്‍ കരുതിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യ കല്ലേറിന് ശേഷം പിന്നീട് പൊലീസ് ക്യാമ്പിന്റെ രീതി ആകെ മാറുന്നതാണ് കണ്ടത്. അവര്‍ അക്രമാത്മക രീതിയിലേക്ക് തിരിയുകയും ലാത്തിച്ചാര്‍ജ്ജും ടിയര്‍ ഗ്യാസ് ആക്രമണവും തുടങ്ങുകയായിരുന്നു.
പിന്നീട് ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അക്രമികളില്‍ ചിലര്‍ തീയിടുന്ന കാഴ്ചയാണ് കണ്ടത്. പൊലീസിനെ പ്രകോപിപ്പിക്കാനുള്ള കൃത്യമായ ഒരു ശ്രമമായിരുന്നു ഇതിന്റെ പിന്നില്‍. പൊലീസ് യൂണിഫോമില്‍ കൂടുതല്‍ ഫോഴ്സുമായി എത്തിയ അവര്‍ കണ്‍മുന്നില്‍ കണ്ടവരെയൊക്കെ അടിച്ചു. ചവറ്റുകൊട്ടയും ടയറുകളും ഉള്‍പ്പെടെ കത്തിക്കുകയും ചെന്നെ നഗരത്തിലെ റോഡുകള്‍ തടഞ്ഞ് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. കഴിയാവുന്നത്ര നേരത്തെ സ്‌കൂളുകളും സ്ഥാപനങ്ങളും അടക്കുകയും ചെയ്തു.
ചിലയാളുകള്‍ ബസ്സിന് മുകളില്‍ കയറി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു. ചില പ്രദേശവാസികള്‍ക്ക് നേരെ കല്ലും കുപ്പിച്ചില്ലുകളും വലിച്ചെറിയുന്ന പൊലീസുകാരെയും അവിടെ കാണാമായിരുന്നു.
ചെന്നൈ നഗരത്തില്‍ അഴിഞ്ഞാടിയ സാമൂഹ്യവിരുദ്ധര്‍ക്കൊപ്പം തന്നെ പൊലീസിന്റെ മറ്റൊരു മുഖം കൂടി അവിടെ കാണാനായി. ചില വീഡിയോയില്‍ പൊലീസുകാരന്‍ തന്നെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുന്നതും ചില വാഹനങ്ങള്‍ക്ക് തീയിടുന്നതും വ്യക്തമായി കാണാമായിരുന്നു. വീഡിയോയുടെ ആധികാരികതയെ ചെന്നൈ പൊലീസ് കമ്മീഷണര്‍ ചോദ്യം ചെയ്യുമ്പോഴും മോര്‍ഫ് ചെയ്ത വീഡിയോകളാണെന്ന് ആവര്‍ത്തിക്കുമ്പോഴും ചിത്രങ്ങള്‍ മുഖവിലക്കെടുമ്പോള്‍ അതില്‍ ഓരോന്നും യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നതായിരുന്നു.
എന്തിന് വേണ്ടിയാണ് പൊലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ചിലരെങ്കിലും സംശയമുന്നയിക്കാം. എന്നാല്‍ വിദ്യാര്‍ത്ഥികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിഷേധത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള പൊലീസിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്ന് നിസ്സംശയം പറയാവുന്നതാണ്. ഇതല്ലാതെ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമം നടന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വിദ്വേഷംവെച്ചു പുലര്‍ത്തിയപ്പോഴും ജല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കിച്ചതും അത് ആക്ടായി നടപ്പില്‍ വരുത്തിയതും പ്രതിഷേധക്കാരായ യുവാക്കളുടെ കഴിവ് ഒന്നുകൊണ്ടുമാത്രമായിരുന്നു. അല്ലായിരുന്നെങ്കില്‍ ഇത് തമിഴ്നാട്ടിലെ പരമ്പരാഗത പാര്‍ട്ടികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന ഒന്നായി മാറുമായിരുന്നു. മറ്റൊരു കാര്യം ഈ പ്രതിഷേധ ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍ തന്നെയാണ് 2015 ലെ വെള്ളപ്പൊക്ക സമയത്ത് സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത്.
മറീന ബീച്ചില്‍ ആറ് ദിവസമായി സമാധാനമായി പ്രതിഷേധം നടത്തിയവരുടെ പെരുമാറ്റത്തെ അഭിനന്ദിച്ച പൊലീസ് ഏഴാം ദിവസം തങ്ങള്‍ അടിച്ചമര്‍ത്തിയത് സാമൂഹ്യവിരുദ്ധരെയായിരുന്നു എന്നാണ് പറയുന്നത്. പതിവുപോലെ പൊലീസിന്റെ സ്വയം ന്യായീകരണമായിരുന്നു ഇവിടേയും കണ്ടത്.
എല്‍.ടി.ടി നേതാവ് പ്രഭാകരനെ പ്രശംസിക്കുന്ന പ്ലക്കാര്‍ഡും റിപബ്ലിക് ഡേ ബ്ലേക് ഡേ ആണെന്ന പ്ലകാര്‍ഡും പ്രതിഷേധക്കാര്‍ ഉയര്‍ത്തി എന്നൊതൊഴിച്ചാല്‍ ഇത്തരമൊരു പ്രതിഷേധസമരത്തിലേക്ക് ദേശദ്രോഹികള്‍ നുഴഞ്ഞുകയറിയെന്ന് സ്ഥാപിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ കൈയിലുണ്ടോ എന്ന് മാത്രമാണ് ഈ അവസരത്തില്‍ ചോദിക്കാനുള്ളത്.
കടപ്പാട്: ഫസ്റ്റ്‌പോസ്റ്റ്