മുഖ്യമന്ത്രി പനീര്‍ ശെല്‍വം നടത്തിയ പ്രധാന മന്ത്രി തല ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് യുവജന വിദ്യാര്‍ത്ഥി സമരത്തോടൊപ്പം തമിഴ് ജനത ഒന്നായി ഇറങ്ങിയത്.
ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ബന്ദ് ആരംഭിച്ചു. വിവിധ സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രെയിനുകള്‍ ഉപരോധിക്കാന്‍ ഡി.എം.കെ തയ്യാറെടുക്കുമ്പോള്‍ ചലച്ചിത്ര താരങ്ങളും തമിഴ്‌നാട്ടിലെ പ്രമഖരുമെല്ലാം സമര രംഗത്തിറങ്ങിയിരിക്കുകയാണ്.
മുഖ്യമന്ത്രി പനീര്‍ ശെല്‍വം നടത്തിയ പ്രധാന മന്ത്രി തല ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് യുവജന വിദ്യാര്‍ത്ഥി സമരത്തോടൊപ്പം തമിഴ് ജനത ഒന്നായി ഇറങ്ങിയത്. പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ഉപവാസമിരിക്കുമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു റഹ്മാന്റെ പ്രഖ്യാപനം. മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും റഹ്മാനു പിന്നാലെ ഉപവാസകാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സിനിമാതാരങ്ങളായ ധനുഷ്, സൂര്യ, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും ഏകദിന ഉപവാസമിരിക്കുമെന്ന് വ്യക്തമാക്കി. മൃഗസ്‌നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടക്കുന്ന ജെല്ലിക്കെട്ടിനു സുപ്രീം കോടതി അനുമതി നിഷേധിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇതുവരെ കോടതി വിധി പ്രഖ്യാപിച്ചിട്ടുമില്ല. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം ശക്തമാകുമ്പോഴും എല്ലാവരുടെയും കണ്ണുകള്‍ പ്രമുഖര്‍ സമരത്തിനു നേതൃത്വം നല്‍കുന്ന മറീന ബീച്ചിലാണ്. ആയിരങ്ങളാണ് ബീച്ചില്‍ ദിവസം ഒത്തുചേരുന്നത്. പിരിഞ്ഞു പോകാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചെങ്കിലും നിരോധനം പിന്‍വലിക്കാതെ തങ്ങള്‍ പിന്മാറില്ലെന്ന നിലപാടിലാണ് ജനങ്ങള്‍
സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചു. കടകള്‍ അടച്ചിടാന്‍ വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഓട്ടോ, കാര്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍ വെള്ളിയാഴ്ച സര്‍വീസ് നടത്തില്ലെന്ന് സംഘടനകളുടെ സംയുക്ത വേദി അറിയിച്ചു.