എല്ലാ ടീമുകള്‍ക്കുമെതിരെ ഒരിക്കല്‍ മാത്രം ഇന്ത്യ കളി മറന്നപ്പോള്‍ ലങ്കക്കെതിരെ അഞ്ച് തവണ! വല്ലാത്തൊരു റെക്കോഡുമായി ശ്രീലങ്ക
Sports News
എല്ലാ ടീമുകള്‍ക്കുമെതിരെ ഒരിക്കല്‍ മാത്രം ഇന്ത്യ കളി മറന്നപ്പോള്‍ ലങ്കക്കെതിരെ അഞ്ച് തവണ! വല്ലാത്തൊരു റെക്കോഡുമായി ശ്രീലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 4:42 pm

 

 

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് ജയം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് ശ്രീലങ്ക വിജയിച്ചുകയറിയത്. ലങ്ക ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208ന് പുറത്തായി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ശ്രീലങ്കക്കായി.

വാനിന്ദു ഹസരങ്കക്ക് പകരക്കാരനായി ടീമില്‍ ഇടം നേടിയ ജെഫ്രി വാന്‍ഡെര്‍സായ് ആണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞത്. പത്ത് ഓവര്‍ പന്തെറിഞ്ഞ് രോഹിത്തിന്റെയും വിരാടിന്റെയും അടക്കം ആറ് ഇന്ത്യന്‍ വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. വഴങ്ങിയതാകട്ടെ വെറും 33 റണ്‍സും.

വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും പുറമെ ശുഭ്മന്‍ ഗില്‍, ശിവം ദുബെ, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

രോഹിത്തിനെ പാതും നിസങ്കയുടെയും ഗില്ലിനെ കാമിന്ദു മെന്‍ഡിന്റെയും കൈകളിലെത്തിച്ച് മടക്കിയ ജെഫ്രി രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പുറത്താക്കിയത്. താരത്തിന്റെ ലെഗ്‌ബ്രേക്കിന് മുമ്പില്‍ ഇത്തരമില്ലാതെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് വിരാടും ദുബെയും അയ്യരും പവലിയനിലേക്ക് തിരിച്ചുനടന്നത്.

ഇതോടെ ഒരു മികച്ചനേട്ടവും വാന്‍ഡെര്‍സായ്‌യെ തേടിയെത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് ലങ്കന്‍ ബൗളര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

മുത്തയ്യ മുരളീധരന്‍, ഏയ്ഞ്ചലോ മാത്യൂസ്, അജന്ത മെന്‍ഡിസ്, അഖില ധനഞ്ജയ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബൗളര്‍മാര്‍

ഇന്ത്യക്കെതിരെ ഏകദിനത്തില്‍ ഒരു ശ്രീലങ്കന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം (കഴിഞ്ഞ 30 വര്‍ഷത്തില്‍)

(താരം – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – 7/30 – ഷാര്‍ജ – 2000

അജന്ത മെന്‍ഡിസ് – 6/13 – കറാച്ചി – 2008

ഏയ്ഞ്ചലോ മാത്യൂസ് – 6/20 – കൊളംബോ – 2009

ജെഫ്രി വാന്‍ഡെര്‍സായ് – 6/33 – കൊളംബോ – 2024*

അഖില ധനഞ്ജയ – 6/54 – പല്ലേക്കലെ – 2017

അതേസമയം, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ഒരിക്കല്‍ മാത്രവും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ മറ്റ് ടീമുകളുടെ മികച്ച ബൗളിങ് ഫിഗര്‍ (കഴിഞ്ഞ 30 വര്‍ഷത്തില്‍)

(താരം – ടീം – ബൗളിങ് ഫിഗര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ ബോണ്ട് – ന്യൂസിലാന്‍ഡ് – 6/11 – ബുലവായോ – 2005

റീസ് ടോപ്‌ലി – ഇംഗ്ലണ്ട് – 6/24 – ലോര്‍ഡ്‌സ് – 2022

നവീന്‍ ഉള്‍ ഹസന്‍ – പാകിസ്ഥാന്‍ – 6/27 – ജംഷഡ്പൂര്‍ – 2005

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 6/43 – മെല്‍ബണ്‍ – 2015

മുസ്തഫിസുര്‍ റഹ്‌മാന്‍ – 6/43 – മിര്‍പൂര്‍ – 2015

അതേസമയം, ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വാന്‍ഡെര്‍സായ്ക്ക് പുറമെ ക്യാപ്റ്റന്‍ ചരിത് അസലങ്കയും മികച്ച പ്രകടനം നടത്തി. 6.2 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞ 27 വര്‍ഷങ്ങളായി ഒരു ലങ്കന്‍ ക്യാപ്റ്റന് പോലും നേടാന്‍ സാധിക്കാത്ത ഒരു ഐതിഹാസിക റെക്കോഡും അസലങ്കക്ക് മുമ്പിലുണ്ട്. 1997ന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്ന ആദ്യ ലങ്കന്‍ നായകന്‍ എന്ന നേട്ടമാണ് അസലങ്കക്ക് കയ്യെത്തും ദൂരത്തുള്ളത്. മൂന്നാം മത്സരത്തില്‍ വിജയമോ സമനിലയോ അതുമല്ലെങ്കില്‍ മത്സരം ഉപേക്ഷിക്കുകയോ ചെയ്താല്‍ താരത്തിന് ഈ നേട്ടം സ്വന്തമാക്കാം.

ഓഗസ്റ്റ് ഏഴിനാണ് പരമ്പരയിലെ അവസാനത്തെ മത്സരം. കൊളംബോ തന്നെയാണ് വേദി.

 

Content Highlight: Jeffrey Vandersay becomes the fifth Sri Lankan bowler to pick 6 wickets in ODI against India in last 30 years