| Friday, 3rd May 2019, 1:20 pm

ഞങ്ങളുടെ കഥ പറയുന്ന സിനിമ ചെയ്യണം എന്ന് നിര്‍ബന്ധമായിരുന്നു: ജീവ കെ.ജെ സംസാരിക്കുന്നു

സൗമ്യ ആര്‍. കൃഷ്ണ

ഞങ്ങളുടെ കഥ പറയുന്ന സിനിമ ചെയ്യണം എന്ന് നിര്‍ബന്ധമായിരുന്നു: ജീവ കെ.ജെ സംസാരിക്കുന്നു

എഫ്.എന്‍.സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ റിക്ടര്‍ സ്‌കെയില്‍ 7.6 എന്ന ചിത്രത്തിന്റെ സംവിധായികയാണ് ജീവ കെ.ജെ. സ്വതന്ത്ര സിനിമ സംരംഭമായാണ് സിനിമാക്കൂട്ടായ്മ ഈ ചിത്രം ഒരുക്കിയത്. ഭൂമിയില്‍ നിന്നും ആവാസവ്യവസ്ഥയില്‍ നിന്നും ആട്ടിയിറക്കപ്പെടുന്ന ദളിതരുടെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന ചിത്രമാണ് റിക്ടര്‍ സ്‌കെയില്‍ 7.6. നോയിഡ ഫിലിം ഫെസ്റ്റിവല്‍ അംഗീകാരം നേടിയ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മിനിമല്‍ സിനിമ’ കോഴിക്കോട്ട് നടത്തിയ സ്വതന്ത്ര ചലച്ചിത്രമേളയായ IEFFK , തിരുവനന്തപുരത്തെ കാഴ്ച ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവത്തിലും മറ്റു ചില മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

റിക്ടര്‍ സ്‌കെയില്‍ 7.6 എന്ന് സിനിമ ചെയ്യുന്നതിന് മുമ്പ് ഞാവല്‍പ്പഴം എന്ന ഷോട്ട് ഫിലിമിലൂടെയാണ് ജീവ സിനിമപ്രവര്‍ത്തനം ആരംഭിക്കുന്നത്. നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ്. തൊണ്ണൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചലച്ചിത്രമേളയിലാണ് മലയാളിയായ ജീവ മികച്ച നേട്ടം സ്വന്തമാക്കിയത്. തന്റെ സിനിമ അനുഭവങ്ങളെ കുറിച്ചും സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയത്തെ കുറിച്ചും ജീവ സംസാരിക്കുന്നു.

എങ്ങിനെയാണ് റിക്ടര്‍ സ്‌കെയില്‍ 7.6 എന്ന സിനിമ ഉണ്ടാകുന്നത് ?

സിനിമ ചെയ്യണമെന്നത് വളരെ ചെറുപ്പത്തില്‍ ഉള്ള ആഗ്രഹമാണ്. സജിത് കുമാറിനെനെ കാണുമ്പോഴാണ് അത് പ്രാക്ടിക്കല്‍ ആവുന്നത്. മാറ്റി നിര്‍ത്തപ്പെട്ട കമ്മ്യൂണിറ്റിയുടെ കഥ പറയുന്ന സിനിമ ചെയ്യാന്‍ തയ്യാറാണോ എന്ന് സജിത്തേട്ടനാണ് ഞങ്ങളോട് ചോദിക്കുന്നത്. അങ്ങനൊരു സിനിമ ചെയ്യേണ്ടത് നമ്മള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. സിനിമ എടുക്കാന്‍ ആഗ്രഹമുള്ള എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് സിനിമ എടുക്കാന്‍ സാധിക്കാതെ പോയ ഒരു കൂട്ടം യുവാക്കളുടെ സംഘമാണ്് ഈ സിനിമക്ക് പിറകില്‍. ഞങ്ങളെല്ലാവരും തന്നെ പരിചയപ്പെടുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഞങ്ങളില്‍ 96 ശതമാനം പേരും ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകളാണ്. മുഴുനീള സിനിമ എടുക്കുന്നതിന് മുമ്പ് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത് നന്നായിരിക്കും എന്ന തീരുമാനത്തിലാണ് ഞാവല്‍പ്പഴം എന്ന് ഷോര്‍ട്ട്ഫിലിം ചെയ്യുന്നത്. ഞാവല്‍പ്പഴം എന്ന സിനിമ സംസാരിക്കുന്നത് റേസിസത്തെ കുറിച്ചാണ്.

എങ്ങിനെയാണ് ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ തൊലിയുടെ നിറത്തെ കുറിച്ചുള്ള ചിന്തകള്‍ ഇഞ്ചക്ട് ചെയ്യപ്പെടുന്നത് എന്നതാണ്. കുട്ടികള്‍ അവര്‍ ഇടപഴുകുന്ന ആളുകളില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെയാണ് അവരുടെ രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കുന്നത്. ആ സിനിമയില്‍ സമൂഹത്തിലെ പല പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനു ശേഷമാണ് റിക്ടര്‍ സ്‌കെയ്ല്‍ 7.6 എന്ന സിനിമ ചെയ്യുന്നത്. ഞാവല്‍ പഴം എന്ന ഷോട്ട് ഫിലിമിലൂടെ ഉണ്ടാക്കിയെടുത്ത ക്രൂവിലൂടെയാണ് ഈ സിനിമ യാഥാര്‍ത്ഥ്യമാകുന്നത്. ഈ സിനിമ സംസാരിക്കുന്നത്് ഭൂമിയുടെ രാഷ്ട്രീയമാണ്. ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. സ്വന്തം ഭൂമിയില്‍ നിലനില്‍ക്കാന്‍ ഒരു അച്ഛനും മകനും നടത്തുന്ന ശ്രമങ്ങളും അതിലൂടെ അവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്. മലയാള സിനിമയില്‍ പൊതുവേ ഞങ്ങളെ പോലുള്ളവരുടെ കഥകള്‍ അധികം സംസാരിക്കാറില്ല. ഒരേ കാര്യം തന്നെയാണ് കഴിഞ്ഞ കുറേ കാലങ്ങളായി മലയാള സിനിമ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ കഥ പറയുന്ന ഒരു സിനിമ ഉണ്ടാവണം എന്ന് മാത്രമായിരുന്നു നിര്‍ബന്ധം.

തൊവരിമലയിലെ സമരം ശ്രദ്ധിച്ചു കാണുമല്ലോ, ഇത്തരം പ്രശ്‌നങ്ങള്‍ സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

മാര്‍ജിനലൈസ്ഡ് സൊസൈറ്റി റ്റേവും വലിയ പ്രശ്‌നമായ  ഭൂമി പ്രശ്‌നം എന്നും നിലനിന്ന ഒന്നാണ്. അല്ല എന്ന് പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കാന്‍ കഴിയില്ല. പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്നതാണ് ഭൂമിയുടെ രാഷ്ട്രീയം പറയുന്ന സിനിമ ചെയ്യണമെന്നത്. മരിച്ചു കഴിഞ്ഞാല്‍ അടക്കാന്‍ ആറടി മണ്ണില്ലാത്ത നിരവധി പേര്‍ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്, പ്രത്യേകിച്ചും ദളിതര്‍. എങ്ങനെയെങ്കിലും ഒരു സ്ഥലം വാങ്ങി വീട് വെച്ചാല്‍ പോലും അവിടേക്ക് വഴി കാണില്ല. അവിടെ ഒരു കുട്ടി പഠിച്ച വലുതായി വണ്ടി വാങ്ങിയാല്‍ അവിടെ വഴി ഉണ്ടാവില്ല. കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണത്.

എന്റെ സിനിമയും ഒരു പരിധിവരെ ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. വ്യവസായവത്കരണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുറേപ്പരില്‍ ഒരു കുടുംബം മാത്രം അവിടെ നിന്നു പോകുവാന്‍ തയ്യാറാവുന്നില്ല. അവിടെ നിന്നാല്‍ മാത്രമേ ജീവിതം സാധ്യമാവുകയുള്ളൂ എന്ന തോന്നലില്‍ അവിടെ പിടിച്ചു നില്‍ക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയില്‍ പറയുന്നത്.
ഈ സിനിമയിലെ നായകന്‍ അച്ഛനോട് പറയുന്നുണ്ട് ഈ വീട്ടിലേക്കൊക്കെ ആര് പെണ്ണ് തരാനാ എന്നത്. തികച്ചും ന്യായമായ ഒരു ചോദ്യമാണത്. ഒരു വീട്ടിലേക്ക് ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിപ്പിച്ചയക്കുമ്പോള്‍ നോക്കുക വീടും പരിസരവും ഒക്കെ തന്നെയാണ്. എന്നാല്‍ ഒറ്റ മുറി വീട് വെക്കാന്‍ പോലും സ്ഥലമില്ലാത്തവര്‍ക്ക് എങ്ങിനെയാണ് ജീവിതം സാധ്യമാവുക. വലിയ വലിയ ഭൂമികൈയ്യേറ്റക്കാര്‍ സമാധാനമായി ജീവിക്കുന്ന അതേ സമൂഹത്തിലാണ് ഇത് നടക്കുന്നത്.

ഒരു സ്ത്രീ സംവിധായികയായി പ്രവര്‍ത്തിച്ച് ആ അനുഭവം പങ്കുവെക്കാമോ?

അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഞങ്ങളുടെ ടീം ക്യാപ്റ്റനായ സജിത്തേട്ടനാണ്. അദ്ദേഹം എന്നോട് പറഞ്ഞത് സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട പി.കെ റോസി എന്ന നായികയെ കുറിച്ചാണ്. റോസി ആട്ടിയോടിക്കപ്പെട്ട സമൂഹത്തില്‍ ഒരു സിനിമ ചെയ്യാനായി ചെല്ലുമ്പോള്‍ ്ത് സംവിധാനം ചെയ്യുന്നത് ഒരു സ്ത്രീ തന്നെയാവണം എന്ന് അദ്ദേഹം പറയുമായിരുന്നു. അതിന് എന്നോടൊപ്പെ എന്റെ കുടുംബവും മറ്റുള്ളവരും ഒരു തടസ്സവും പറയാതെ കൂടെ നിന്നു എന്നതാണ്.

സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറാകുമ്പോഴാണല്ലോ ഗര്‍ഭിണിയാണെന്ന് അറിയുന്നത്, അത്തരമൊരു അനുഭവം അധികമാര്‍ക്കും ഉണ്ടായിരിക്കില്ല. ആ അനുഭവങ്ങള്‍ പങ്കുവെക്കാമോ?

സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് അറിയുന്നത് ഞാന്‍ പ്രഗ്നെന്റാണെന്ന്. ഡോക്ടര്‍ പറഞ്ഞത് കംപ്ലീറ്റ് ബെഡ് റെസ്റ്റാണ്. പക്ഷെ രണ്ട് കാര്യങ്ങളാണ് എന്നെ ചിന്തിപ്പിച്ചത്. ഒന്ന് ജീവ എന്ന സംവിധായിക ഉണ്ടാവുക എന്നതിനേക്കാള്‍ പ്രധാനം ഈ സിനിമ ഉണ്ടാവുക എന്നതാണ്. ഞാന്‍ ഇട്ടിട്ട് പോയാല്‍ എന്താകുമെന്ന് ഞാന്‍ ഭയപ്പെട്ടിരിന്നു. പിന്നെയൊന്ന് സിനിമ എന്റെ സ്വപ്‌നമാണ്.

രണ്ടാമത് ഇപ്പോള്‍ എനിക്ക് കിട്ടിയ അവസരം വീണ്ടും കിട്ടാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. എനിക്ക് കുഞ്ഞും സിനിമയും, രണ്ടും വേണമായിരുന്നു. അതിന് എന്നോടൊപ്പം എന്റെ ഭര്‍ത്താവും കുടുംബവും ആ സിനിമയുടെ മുഴുവന്‍ ക്രൂവും നിന്നു. എനിക്ക് വേണ്ടി താമസിക്കാനുള്ള വീട് ലൊക്കേഷന് വളരെ അടുത്തേക്ക് മാറ്റി. ഭക്ഷണം ഉണ്ടാക്കി തരുന്നതും തുണി കഴുകുന്നതും ഒക്കെ ഭര്‍ത്താവായിരുന്നു. സാധാരണ ഒരു സ്ത്രീക്ക് ഗര്‍ഭകാലത്ത് പരിചരിക്കാനും ഭര്‍ത്താവും കുടുംബവും ഒക്കെ മാത്രമേ ഉണ്ടാവാറുള്ളു. എന്നാല്‍ എനിക്ക് എന്റെ ക്ര്യൂ മുഴുവന്‍ ഉണ്ടായിരുന്നു. ഇനിയങ്ങോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇതൊരു കരുത്താകുമെന്നും ഇത് പല സ്ത്രീകള്‍ക്കും ഒരു പ്രചോദനമാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

സിനിമയില്‍ ജാതി-ലിംഗ വിവേചനങ്ങള്‍ അവസരങ്ങള്‍ക്ക് തടസ്സമാകുമെന്ന് തോന്നിയിട്ടുണ്ടോ?

പൊതുവേ നമ്മുടെ സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ പല വിവേചനങ്ങളാണ് അനുഭവിക്കുന്നത് എന്ന് നമുക്കറിയാം. ഒരുപാട് സിനിമകളിലൊന്നും ഞാന്‍ ഭാഗമായിട്ടില്ല. എങ്കില്‍ കൂടി എനിക്കറിയാവുന്നിടത്തോളം സ്ത്രീകള്‍ക്ക് അവരുടെ വരുമാനത്തിന്റെ കാര്യത്തിലും മറ്റും നന്നായി ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. അവരുടേതായ ഒരു ഇടം കണ്ടെത്തുക എളുപ്പമല്ല. അപ്പോള്‍ പിന്നെ എന്നെ പോലൊരു സ്ത്രീക്ക് എത്ര ബുദ്ധിമുട്ടാവും അത്. എന്തോ ഭാഗ്യം കൊണ്ടോ കാരണവന്മാര്‍ ചെയ്ത പുണ്യം കൊണ്ടോ ആണ് എനിക്ക് ഇത് പോലെ വളരെ എളുപ്പത്തില്‍ ഒരു അവസരം ലഭിച്ചത്. ഇവരുടെയൊപ്പം തുടങ്ങിയത് കൊണ്ട് മാത്രം എനിക്കത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇവരില്‍ മിക്കവരും എന്നെ സഹോദരിയായി കണ്ടവരാണ്.

ചെറിയ സ്രോതസ്സുകള്‍ കൊണ്ട് തുടങ്ങിയ സിനിമയെ ഒരു കൂട്ടായ്മയാണല്ലോ പൂര്‍ണ്ണമാക്കിയത്, അതിനെ കുറിച്ച് പറയാമോ?

വളരെ ചെറിയ ബഡ്ജറ്റിലാണ് ഈ സിനിമ ഒരുക്കിയത്. ഇതിന്റെ പ്രൊഡ്യൂസറായ സജിത്തേട്ടന്‍ പലരില്‍ നിന്നുമായി സമാഹരിച്ച പൈസ കൊണ്ടാണ് സിനിമ തുടങ്ങിയത്. ഇതില്‍ പ്രവര്‍ത്തിച്ചവരുടെ സമയവും അധ്വാനവും എല്ലാം നിക്ഷേപിച്ചിട്ടാണ് സിനിമ ചെയ്യുന്നത്. വലിയൊരു വരുമാനം പ്രതീക്ഷിച്ചല്ല ആരും സിനിമയിലേക്ക് വന്നത്. എല്ലാവരും സിനിമ സ്വപ്‌നം കണ്ടവരൊ അല്ലെങ്കില്‍ സിനിമയില്‍ നിന്ന ഒരിക്കല്‍ വിട്ട് ഇറങ്ങേണ്ടി വന്നവരോ ആണ്.പ്രൊഡക്ഷന് ശേഷം സിനിമ ഒരു ഘട്ടത്തില്‍ നിന്നുപോവുക വരെ ചെയ്തു. ആ സമയത്ത് പാലക്കാട് എന്‍.എസ്.എസ് കോളേജിലേ അലൂമിനി അസോസിയേഷന്‍ ക്യാമ്പ്‌സ് ഒക്‌സ് എന്ന സംഘടന ഞങ്ങള്‍ക്ക് നല്‍കി സഹായിച്ചു. അങ്ങനെയാണ് പിന്നീട് ഈ സിനിമ പ്രാക്ടിക്കലാവുന്നത്. ഇത്തരത്തിലൊരു സിനിമ സംഭവിക്കുക എന്ന സ്വപ്‌നം മാത്രമാണ് അത് സാധ്യമാക്കിയത്.

വിഭ്യാഭ്യാസം, കുടുംബം?

എന്റെ വീട്ടില്‍ ഭര്‍ത്താവ് അമ്മ അച്ഛന്‍, അനുജന്‍, ഇപ്പൊ കുഞ്ഞും. ബ്രോഡ്കാസ്റ്റ് ജോണലിസം ആന്റ് വീഡിയോ പ്രോഡക്ഷനില്‍ പി.ജി പൂര്‍ത്തിയാക്കി. പല ചാനലുകളിലും ജോലി ചെയ്തിരുന്നു. പിന്നീട് ആ ജോലി രാജി വെച്ചു അധ്യാപനത്തിലേക്ക് കടന്നു. ആ ജോലി വിട്ടാണ് സിനിമയിലേക്ക് വരുന്നത്.

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.