രോമാഞ്ചം എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിച്ച സെയ്ദ് എന്ന ഗുണ്ടാ കഥാപാത്രവുമായി ആവേശത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് എന്തെങ്കിലും സാമ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ജീത്തു മാധവ്. ചെമ്പന്‍ ചെയ്ത കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആണോ ആവേശം എന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. അതിന് മറുപടി നല്‍കുകയായിരുന്നു ജീത്തു മാധവ്.
രോമാഞ്ചം പോലെയുള്ള ഒരു സിനിമയല്ല ആവേശമെന്നും രോമാഞ്ചം ടോട്ടലി റിയല്‍ ലൈഫ് ഇന്‍സിഡന്റില്‍ നിന്ന് ഉണ്ടായിട്ടുള്ള സിനിമയാണെന്നും എന്നാല്‍ ആവേശം അങ്ങനെയല്ലെന്നും ജീത്തു മാധവ് പറഞ്ഞു.
‘രോമാഞ്ചം പോലൊരു സിനിമയല്ല ആവേശം. ഇതില്‍ ചെറുതായിട്ട് അവിടേയും ഇവിടേയും ഇന്‍സ്‌പെയേര്‍ഡ് ആയ ചില കാര്യങ്ങള്‍ ചേര്‍ത്ത് സിനിമയാക്കിയതാണ്. ചില അനുഭവങ്ങള്‍ കഥയാക്കി വലുതാക്കി സിനിമയാക്കി എന്നേയുള്ളു. പൂര്‍ണമായും ഉണ്ടായ സംഭവമാണെന്നൊന്നും പറയാന്‍ പറ്റില്ല. രോമാഞ്ചം സിനിമയുമായി ആവേശത്തിന് ഒരു കണക്ഷനും ഇല്ല.
പിന്നെ ചെമ്പന്റെ കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആണോ ഫഹദിന്റെ ഗംഗന്‍ എന്നൊരു ചെറിയ കണ്‍ഫ്യൂഷന്‍ ചിലര്‍ക്ക് ഉണ്ടായി. അത് ക്ലിയര്‍ ചെയ്‌തേക്കാം. രോമാഞ്ചത്തില്‍ ചെമ്പന്‍ ചേട്ടന്‍ ചെയ്ത സെയ്ദ് എന്ന കഥാപാത്രം അങ്ങനെ ഒരു അപ്പിയറന്‍സ് ഉള്ള ആളായിരുന്നില്ല. ആ സിനിമയ്ക്ക് വേണ്ടി അപ്പിയറന്‍സും സ്വഭാവവും അങ്ങനെ ആക്കിയതാണ്.
ആവേശത്തിലെ രംഗന്റെ സ്വഭാവം പോലെ കൊടുത്തതാണ്. ഇത് ടോട്ടലി വ്യത്യാസമുള്ള മറ്റൊരു കഥാപാത്രമാണ്. ഇത്തരം കഥാപാത്രങ്ങളെ എനിക്ക് പേഴ്‌സണലി പരിചയം ഉണ്ടോ എന്ന് ചോദിച്ചാല്‍ നമ്മള്‍ ബെംഗളുരൂവില്‍ പഠിച്ചിരുന്ന സമയത്ത് കണ്ടിരുന്ന ആളുകളില്‍ നിന്ന് ഇന്‍സ്പയേര്‍ഡ് ആയിട്ടാണ് ഈ കഥാപാത്രത്തെ ഉണ്ടാക്കിയത്. സെയ്ദുമായി ഈ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല.
ആവേശം കാണാന്‍ തിയേറ്ററുകളില്‍ ആദ്യത്തെ ദിവസം തന്നെ ആളുകള്‍ വരണമെന്നാണ് പ്രതീക്ഷ. തുടക്കത്തിലേ ഒരു ഓളം ഉണ്ടാകണമെന്നാണ് കരുതുന്നത്. ഒന്നിച്ചിരുന്ന് കണ്ട് എന്‍ജോയ് ചെയ്യേണ്ട സിനിമയാണ്. ഉറക്കെ ചിരിച്ചും ബഹളമുണ്ടാക്കിയും കാണേണ്ട സിനിമ. രോമാഞ്ചം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. അവര്‍ക്ക് കൂടി ഈ സിനിമ ഇഷ്ടപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളത്.
രോമാഞ്ചം ഷൂട്ടിന് ശേഷമാണ് ഈ കഥ ഉണ്ടാകുന്നത്. പിന്നീട് അന്‍വര്‍ റഷീദിനെ കണ്ട് കഥ പറഞ്ഞു. പുള്ളിക്ക് ഇഷ്ടമായി അങ്ങനെ ഫഹദിലേക്ക് എത്തി. പടം പെട്ടെന്ന് തന്നെ ഓണ്‍ ആയി. രോമാഞ്ചം റിലീസിന്റെ സമയത്ത് ഞാന്‍ ആവേശത്തിന്റെ പ്രീ പ്രൊഡക്ഷനിലായിരുന്നു,’ ജീത്തു മാധവ് പറഞ്ഞു.
Content Highlight: Jeethu Madhav about Chemban Vinod Character and Fahad Character Similarities