മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. 2007ല്‍ ഡിറ്റക്റ്റീവ് എന്ന ചിത്രത്തിലൂടെയാണ് ജീത്തു ആദ്യമായി സംവിധായകനാകുന്നത്. ദൃശ്യമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ജനപ്രിയനായത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളും കോമഡിയും ഒരുപോലെ ചെയ്യുന്ന സംവിധായകന്‍ കൂടെയാണ് ജീത്തു ജോസഫ്.
ഇപ്പോള്‍ ത്രില്ലര്‍ സിനിമയുടെ പാറ്റേണിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ചില ക്ലീഷേകള്‍ സിനിമകള്‍ക്ക് ആവശ്യമാണെന്നും അത് ഒഴിവാക്കാന്‍ പറ്റില്ലെന്നും ജീത്തു പറയുന്നു. പക്ഷെ അതുതന്നെ ചെയ്യുമ്പോള്‍ ഒരു മടുപ്പ് തോന്നുമെന്നും അപ്പോഴാണ് തനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കണമെന്ന തോന്നലുണ്ടാകുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ത്രില്ലര്‍ സിനിമയില്‍ നിന്ന് കോമഡി സിനിമയിലേക്ക് മാറുമ്പോള്‍ അതിന്റെ വര്‍ക്കിങ് അറ്റ്‌മോസ്ഫിയര്‍ തന്നെ മാറും. പിന്നെ ഈ ത്രില്ലറുകള്‍ക്ക് ഒരു ഷോട്ട് പാറ്റേണുണ്ട്. മിക്കവാറും ബില്‍ഡപ്പ് ഷോട്ടുകളും മറ്റും എല്ലാ സിനിമയിലും ഉണ്ടാകും. നമ്മള്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാലാണ് ഇത് മനസിലാകുക.
ചില ഷോട്ടെടുക്കുമ്പോള്‍ ഇത് തന്നെയല്ലേ ഞാന്‍ മറ്റേ സിനിമയിലും ചെയ്തതെന്ന് ചിന്തിക്കും. എങ്ങനെ അത് മാറ്റാന്‍ പറ്റുമെന്നാകും ചിന്ത. ഈയിടെ എപ്പോഴോ ഒരു സിനിമയില്‍ നായകന്‍ വരുന്നത് ഷൂട്ട് ചെയ്യുകയായിരുന്നു ഞാന്‍. അതില്‍ സ്ലോമോഷനിലാണ് നായകന്‍ വരേണ്ടത്. ഏതാണ് ആ സിനിമയെന്ന് ഞാന്‍ മറന്നു. തമ്പിയാണോയെന്ന് എനിക്ക് സംശയമുണ്ട്.
എല്ലാ സിനിമയിലും ആ സ്ലോമോഷന്‍ തന്നെയാണ് കാണിക്കാറുള്ളത്. അവസാനം അതില്‍ സ്ലോമോഷന്‍ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. അത് മറ്റുള്ളവരോട് പറയുകയും ചെയ്തു. അന്ന് എന്റെ അസിസ്റ്റന്‍സൊക്കെ എന്നോട് സംസാരിക്കാന്‍ വന്നു. അവരുടെ കൂടെ എന്റെ മോളും ഉണ്ടായിരുന്നു. ഡാഡി അങ്ങനെ ചിന്തിക്കല്ലേയെന്ന് അവള്‍ പറഞ്ഞു.
അവിടെ സ്ലോമോഷന് അതിന്റേതായ രസമുണ്ടെന്നാണ് അവരൊക്കെ പറഞ്ഞത്. കുറേ സിനിമകളില്‍ ഇങ്ങനെ സ്ലോമോഷനില്‍ വരുന്നത് ചെയ്തതാണെന്ന് ഞാന്‍ പറഞ്ഞു. ശരിക്കും ചില ക്ലീഷേകള്‍ സിനിമകള്‍ക്ക് ആവശ്യമാണ്. അത് ഒഴിവാക്കാന്‍ പറ്റില്ല. പക്ഷെ നമ്മള്‍ ഇത് തന്നെ ചെയ്യുമ്പോള്‍ ഒരു ചടപ്പ് തോന്നും. അവിടെയാണ് എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കണം എന്ന തോന്നലുണ്ടാകുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph Talks About Thriller Movie Pattern