ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് ടൈറ്റില്‍ റോളില്‍ അഭിനയിച്ച സിനിമയില്‍ ജ്യോതി കൃഷ്ണ, രഞ്ജിനി രൂപേഷ്, രചന നാരായണന്‍കുട്ടി, ഹരീഷ് പേരടി, ചെമ്പില്‍ അശോകന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയായിരുന്നു ഒന്നിച്ചത്.
സുപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ അടുത്ത സിനിമയായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. എന്നാല്‍ സിനിമ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
വര്‍ക്കി എന്ന കഥാപാത്രമായാണ് സുരാജ് ലൈഫ് ഓഫ് ജോസൂട്ടിയില്‍ എത്തിയത്. ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങുന്ന ഇന്‍ട്രോ ആയിരുന്നു സിനിമയില്‍ സുരാജിന് ലഭിച്ചത്. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അത് സത്യത്തില്‍ സുരാജിന്റെ തന്നെ ഐഡിയയായിരുന്നു. ഒരു ഓട്ടോറിക്ഷ ഓടിച്ച് വന്ന് അയാള്‍ അവിടെ ഇറങ്ങുന്നു എന്നത് മാത്രമായിരുന്നു ആ സീനില്‍ പറഞ്ഞത്. സുരാജ് ഷോട്ടിന് മുമ്പ് എന്റെയടുത്തേക്ക് വന്നു. ഞാന്‍ ഈ ഓട്ടോറിക്ഷ നില്‍ക്കുന്നതിന് മുമ്പ് ചാടിയിറങ്ങട്ടെ എന്ന് എന്നോട് ചോദിച്ചു.
ഞാന്‍ പെട്ടെന്ന് ഞെട്ടി. കാരണം ഓട്ടോകാരന്‍ അവിടെ ലൊക്കേഷനില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഞാന്‍ പതിയെ സുരാജിനോട് ‘അയാളുടെ ഓട്ടോയല്ലേ, എന്തെങ്കിലും പറ്റിയാലോ’ എന്ന് ചോദിച്ചു. ‘ഇല്ല പേടിക്കണ്ട. കൂടിപോയാല്‍ ആ ഓട്ടോ മുന്നോട്ട് പോയിട്ട് അവിടെ നില്‍ക്കുമെന്നേയുള്ളു’ എന്നായിരുന്നു മറുപടി.
അങ്ങനെ ഓട്ടോകാരനോട് ചോദിച്ചപ്പോള്‍ ‘അയ്യോ എന്റെ ഓട്ടോ’യെന്ന് പറഞ്ഞ് അയാളൊന്ന് ഞെട്ടി. വണ്ടിക്ക് എന്തെങ്കിലും പറ്റിയാല്‍ ഞങ്ങളത് ശരിയാക്കി തന്നോളാമെന്ന് അയാള്‍ക്ക് വാക്ക് കൊടുത്തു. അങ്ങനെയാണ് സുരാജ് ആ ഇന്‍ട്രോ സീന്‍ ചെയ്യുന്നത്. പക്ഷെ ഓട്ടോയ്ക്ക് എന്തെങ്കിലും പറ്റിയാലോ എന്നോര്‍ത്ത് ഞാന്‍ നല്ല ടെന്‍ഷനില്‍ ആയിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph Talks About Suraj Venjaramoodu And Life Of Josutty Movie