|

ഏത് കഥാപാത്രവും അയാളില്‍ ഭദ്രം; എനിക്ക് ഏറെ കോണ്‍ഫിഡന്‍സുള്ള നടനാണ് അദ്ദേഹം: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ ലഭിച്ച സംവിധായകനാണ് ജീത്തു ജോസഫ്.
ദൃശ്യത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയനായത്. 2023ല്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ നേര് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നടന്‍ സിദ്ദിഖും അഭിനയിച്ചിരുന്നു. നേരില്‍ ഒരു നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായിരുന്നു സിദ്ദിഖിന്റെ അഡ്വക്കേറ്റ് രാജശേഖരന്‍.

ഈയിടെ ഇറങ്ങിയ ജീത്തു ജോസഫിന്റെ തന്നെ നുണക്കുഴി എന്ന സിനിമയിലും സിദ്ദിഖ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരു കോമഡി നിറഞ്ഞ റോളിലാണ് അദ്ദേഹം എത്തിയത്. ഇപ്പോള്‍ സിദ്ദിഖിനെ കുറിച്ച് പറയുകയാണ് ജീത്തു. അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രെഡിക്റ്റബിളായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്ത് വളരെ പ്രൂവ് ചെയ്ത നടനാണ് സിദ്ദിഖ് എന്നും ജീത്തു ജോസഫ് പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു കഥാപാത്രവും സിദ്ദിഖ് എന്ന നടന്റെ കൈയ്യില്‍ ഭദ്രമാണെന്നെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രെഡിക്റ്റബിള്‍ ആണ്. കാരണം എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്ത് വളരെ അധികം പ്രൂവ് ചെയ്ത നടനാണ് സിദ്ദിഖ് ഇക്ക. അതുകൊണ്ട് അദ്ദേഹത്തിന്റെ ഏരിയയില്‍ നമുക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. കാരണം ആ കഥാപാത്രം സിദ്ദിഖ് എന്ന നടന്റെ കൈയ്യില്‍ ഭദ്രമാണെന്ന് അറിയാവുന്നതാണ്.

ഈ സിനിമ വന്നപ്പോള്‍ നമ്മള്‍ സിദ്ദിഖ് ഇക്കയെ വിളിച്ച് കാര്യം പറഞ്ഞു. വില്ലനില്‍ നിന്നും കോമഡിയിലേക്ക് മാറാന്‍ പറ്റുന്ന ഒരു സിനിമയുണ്ടെന്ന് പറഞ്ഞതും ‘ആ സന്തോഷം. നമുക്ക് പൊളിക്കാം’ എന്ന് മറുപടി പറഞ്ഞു. അതൊക്കെ ഒരു കോണ്‍ഫിഡന്‍സാണ്. ചില ആര്‍ട്ടിസ്റ്റിന്റെ കൈയ്യില്‍ കഥാപാത്രങ്ങളെ കൊടുക്കുമ്പോള്‍ നല്ലൊരു ഔട്ട്പുട്ട് ആകും ലഭിക്കുകയെന്നത് ഉറപ്പാണ്,’ ജീത്തു ജോസഫ് പറഞ്ഞു.


CONTENT HIGHLIGHT: Jeethu Joseph Talks About Siddique