| Thursday, 3rd October 2024, 1:01 pm

ലൈഫ് ഓഫ് ജോസൂട്ടിയിലെ ആ സീന്‍ സുരാജിന്റെ ഐഡിയ ആയിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജേഷ് വര്‍മയുടെ തിരക്കഥയില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഹരീഷ് പേരടി, രചന നാരായണന്‍കുട്ടി, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ലൈഫ് ഓഫ് ജോസൂട്ടി സിനിമയില്‍ ഏറെ ചിരി പടര്‍ത്തിയ രംഗമാണ് സുരാജ് വെഞ്ഞാറമൂട് ഓട്ടോയില്‍ നിന്ന് ചാടി ഇറങ്ങി ഭാര്യ വീട്ടിലേക്ക് ചെല്ലുന്നത്. ആ സീന്‍ സുരാജിന്റെ ഐഡിയ ആയിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. തന്റെ മനസ്സില്‍ സുരാജ് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നത് മാത്രമേ ഉണ്ടായിരുന്നെന്നും എന്നാല്‍ സുരാജാണ് ഓട്ടോ നില്‍ക്കുന്നതിന് മുമ്പേ ഇറങ്ങാം എന്ന് പറഞ്ഞതെന്നും ജീത്തു ജോസഫ് പറയുന്നു.

ഓട്ടോറിക്ഷക്ക് എന്തെങ്കിലും പറ്റിയാലോ എന്ന് തനിക്ക് പേടി ഉണ്ടായെന്നും എന്നാല്‍ കാട്ടിലേക്ക് കയറ്റിയാല്‍ അധികമൊന്നും പറ്റില്ലെന്ന് സുരാജ് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടനെ തന്നെ ഓട്ടോറിക്ഷയുടെ ഉടമസ്ഥനെ വിളിച്ചിട്ട് ഇങ്ങനൊരു സീന്‍ എടുക്കുന്നുണ്ടെന്നും എന്തെങ്കിലും പറ്റിയാല്‍ അത് ശരിയാക്കി തരാമെന്ന് പറഞ്ഞെന്നും ജീത്തു പറയുന്നു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൈഫ് ഓഫ് ജോസൂട്ടിയില്‍ സുരാജ് ഓട്ടോയില്‍ നിന്ന് ചാടി ഇറങ്ങി ദിലീപിന്റെ വീട്ടിലേക്ക് വരുന്നൊരു രംഗമുണ്ട്. ആ സീന്‍ സുരാജിന്റെ തന്നെ ഐഡിയ ആയിരുന്നു. ഒരു ഓട്ടോറിക്ഷ ഓടിച്ച് വന്ന് പുള്ളി ഇറങ്ങുന്നു. അതാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്.

അപ്പോള്‍ സുരാജ് എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു ഞാന്‍ ഈ ഓട്ടോറിക്ഷ നില്‍ക്കുന്നതിന് മുമ്പ് ചാടി ഇറങ്ങട്ടെ, ഓട്ടോ അങ്ങ് പോയിക്കോളുമെന്നും. ഞാന്‍ ചോദിച്ചു വല്ലവരുടെയും ഓട്ടോറിക്ഷ, അതിന് എന്തെങ്കിലും പറ്റിയാലോ എന്ന്. പേടിക്കണ്ട ഇത് ആ കാട്ടിലേക്ക് ആയിരിക്കും പോകുകയുള്ളെന്ന് സുരാജ് പറഞ്ഞു.

അപ്പോള്‍ തന്നെ ഞാന്‍ ആ ഓട്ടോക്കാരനെ വിളിച്ചിട്ട് ഇങ്ങനെ ഒരു സീന്‍ എടുക്കുന്നുണ്ട്, പേടിക്കണ്ട എന്ത് പറ്റിയാലും ഞങ്ങള്‍ വണ്ടി ശരിയാക്കി തരാമെന്ന് പറഞ്ഞു. എന്നിട്ടാണ് സുരാജ് ആ സീന്‍ ചെയ്തത്. സുരാജിന്റെ ഐഡിയ ആയിരുന്നു അത്,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talks About Scene From Life Of Josutty Film

We use cookies to give you the best possible experience. Learn more