മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് സിനിമ.
പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്,അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.
ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി മായദേവി സിനിമയുടെ തിരകഥ എഴുതുന്നതിലേക്ക് എത്തിപെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.
‘ദൃശ്യം രണ്ടാം ഭാഗത്തിന്റെ സമയത്ത് അതിലെ കോടതി സീനുകള്‍ എഴുതി കഴിഞ്ഞ ശേഷം ഞാന്‍ അതിലെ സീന്‍ ശാന്തിയുമായി ഷെയര്‍ ചെയ്തു.
അതിന് മുമ്പ് റാം സിനിമയുടെ സമയത്ത് പരസ്പരം പരിചയപെട്ടിരുന്നു. അന്ന് റാമിലെ കോടതി സീന്‍ ചെയ്യുമ്പോള്‍ ശാന്തി എന്റെ അടുത്ത് വന്ന് കോടതിയിലെ കാര്യങ്ങള്‍ എങ്ങനെയാണെന്ന് പറഞ്ഞു തന്നിരുന്നു.
ആ സമയത്ത് സിനിമയിലെ കോടതിയും യഥാര്‍ത്ഥ കോടതിയും എങ്ങനെയാണെന്നൊക്കെ ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു.
ഞാന്‍ ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് എഴുതി, ആ സീനുകള്‍ എടുത്ത് ശാന്തിയെ വിളിച്ചു. സീനുകള്‍ ഒന്ന് നോക്കി കറക്റ്റ് ചെയ്ത് തരാമോ എന്ന് ചോദിച്ചു.
ഒരു വക്കീല്‍ വാദിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ ഒരിക്കലും ഞാന്‍ എഴുതിയാല്‍ കിട്ടില്ല. അതുകേട്ടതും ഞാന്‍ എഴുതി തരാമെന്ന് പറഞ്ഞ് ശാന്തി എനിക്ക് എഴുതി തന്നു.
ആ എഴുതി തന്നതിനകത്ത് കുറച്ച് അധിക ഡയലോഗുകളും മറ്റും ശാന്തി ഉള്‍പെടുത്തിയിരുന്നു. ഞാന്‍ ആദ്യം കഥയുടെ ഒരു ഔട്ട്ലൈന്‍ പറഞ്ഞ് കൊടുത്തിരുന്നു. എന്താണ് ക്ലൈമാക്‌സ് എന്ന് പറഞ്ഞില്ല, സിറ്റുവേഷന്‍ എന്താണെന്ന് പറഞ്ഞ് കൊടുത്തിരുന്നു.
എഴുതി തന്ന ഡയലോഗുകളില്‍ ചിലത് വളരെ ഡ്രമാറ്റിക് ആയിരുന്നു. ഒരു വക്കീല്‍ എന്ന നിലയില്‍ മാത്രമാണെങ്കില്‍ ആ കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ മാത്രം എഴുതി വിട്ടാല്‍ മതി. എന്നാല്‍ അതിന് പകരം ഡ്രമാറ്റിക് ആയ ചിലത് ശാന്തി ഉള്‍പ്പെടുത്തി.
അന്ന് സംസാരിക്കുന്ന കൂട്ടത്തില്‍ ശാന്തി ഈ വക്കീലിന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്നും ഇത് എങ്ങനെ പറയുന്നു എന്നുള്ളതില്‍ പ്രാധാന്യമുണ്ടെന്നും ശാന്തി പറഞ്ഞു.
അപ്പോള്‍ ഞാന്‍ താന്‍ തന്നെ ആ കഥാപാത്രം ചെയ്‌തോളൂവെന്ന് മറുപടി പറഞ്ഞു. അതുകേട്ടതും അയ്യോ ഞാനോ എന്നാണ് ചോദിച്ചത്. ഞാന്‍ അപ്പോള്‍ പറഞ്ഞത് പുള്ളി സീരിയസായി എടുത്തിരുന്നില്ല.
പിന്നെ ദൃശ്യത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്താണെന്ന് തോന്നുന്നു, എന്റെ മനസില്‍ ഒരു ആശയമുണ്ടെന്ന് പറഞ്ഞു. നമ്മുടെ നാട്ടിലും പുറത്തും നടന്നിട്ടുള്ള സംഭവം തന്നെയാണ്, പക്ഷേ അതില്‍ എന്തൊക്കെ സംഭവിക്കാം എന്ന് പറയുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ഇതെന്നും ഞാന്‍ പറഞ്ഞു.
പക്ഷേ കോടതിയിലെ കാര്യങ്ങള്‍ എനിക്ക് എഴുതാന്‍ അറിയില്ല. അവിടുത്തെ രീതികളും അറിയില്ല. തനിക്കൊന്ന് എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ഞാന്‍ എഴുതിയാല്‍ ശരിയാകുമോ, ഞാന്‍ ഇതുവരെ സ്‌ക്രിപ്റ്റ് എഴുതിയിട്ടില്ലെന്നാണ് ശാന്തി പറഞ്ഞത്.
ദൃശ്യത്തില്‍ ഇങ്ങനെ കറക്റ്റ് ചെയ്ത് അയച്ചത് കണ്ടപ്പോള്‍ തനിക്ക് എവിടെയോ എഴുതാന്‍ ഉള്ള കഴിവ് ഉള്ളതായി തോന്നിയെന്ന് പറഞ്ഞു. അപ്പോള്‍ എഴുതാന്‍ ഇഷ്ടമാണെന്നും എന്നാല്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ശാന്തി പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞത് എന്നാല്‍ നമുക്കൊന്ന് ശ്രമിച്ചു നോക്കാമെന്നായിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph Talks About Santhi Mayadevi