ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ വരാനിരിക്കുന്ന മലയാളം ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റാം. കൊവിഡ് കാലഘട്ടത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം റാമിന്റെ ചിത്രീകരണം മാറ്റി വെച്ചിരുന്നു. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററിലെത്തുക.
ഇപ്പോള്‍ ആ സിനിമ എന്ത് കൊണ്ടാണ് രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റാം സിനിമക്ക് പറ്റിയത് എന്താണെന്ന് ചോദിച്ചാല്‍, ഒരു ഭാഗത്തില്‍ ഒതുക്കാന്‍ പറ്റുന്നതല്ല ആ സിനിമ. അതിന്റെ കണ്ടന്റ് അത്തരത്തിലാണ്. ലാലേട്ടന്‍ ഈ അടുത്ത കാലത്ത് ചെയ്യാത്ത അല്ലെങ്കില്‍ ചെയ്തിട്ടില്ലാത്ത കുറച്ച് സാഹചര്യങ്ങള്‍ ഇതിലുണ്ട്. അത് സിനിമ കാണുമ്പോള്‍ മനസിലാകും.
അതായത് ലാലേട്ടനെ പോലെയുള്ള സ്റ്റാറിനെ കൊണ്ട് ഈ അടുത്ത കാലത്ത് ആരും ചെയ്യിക്കാത്ത ചില സാധനങ്ങള്‍ അതിനകത്ത് വരുന്നുണ്ട്. അത് മാക്‌സിമം അയാള്‍ റിയല്‍ ആണെന്ന ഫീല്‍ കൊണ്ട് വരാന്‍ വേണ്ടിയിട്ടാണ്. ഒരു സാധാരണ മനുഷ്യനാണ് അയാള്‍. മാത്രവുമല്ല, റാം ഒരു ആക്ഷന്‍ സിനിമയാണ്.
എല്ലാംകൂടെ ഒരു സിനിമയാക്കണം എന്ന് കരുതിയിരുന്നു. എന്നാല്‍ അതില്‍ ഒതുങ്ങുന്നില്ലായിരുന്നു. ഒതുക്കി ചെയ്യാന്‍ നോക്കിയപ്പോള്‍ അതിന് ചെറിയ സുഖ കുറവ് തോന്നി. അപ്പോള്‍ ഞാന്‍ സിനിമ രണ്ട് പാര്‍ട്ട് ആക്കുന്ന കാര്യത്തെ പറ്റി ഒരു നിര്‍ദ്ദേശം പറഞ്ഞു. അത് എല്ലാവര്‍ക്കും ഓക്കേയായി. അങ്ങനെയാണ് ആ സിനിമ രണ്ട് പാര്‍ട്ടുകളാക്കാമെന്ന് തീരുമാനിച്ചത്,’ ജീത്തു ജോസഫ് പറയുന്നു.
അതേസമയം, ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
തുടര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് മോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടത്.
Content Highlight: Jeethu Joseph Talks About Ram Movie