അന്ന് നാച്ചുറലായി ലാല്‍ സാറിന്റെ കണ്ണുകള്‍ വിടര്‍ന്നു; അദ്ദേഹം അവിടെ ക്യാരക്ടറായി മാറി: ജീത്തു ജോസഫ്
Entertainment
അന്ന് നാച്ചുറലായി ലാല്‍ സാറിന്റെ കണ്ണുകള്‍ വിടര്‍ന്നു; അദ്ദേഹം അവിടെ ക്യാരക്ടറായി മാറി: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th August 2024, 8:52 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുക്കെട്ടാണ് ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ട്. ഇരുവരും ഒന്നിച്ച് 2023ല്‍ പുറത്തിറങ്ങിയ ഒരു വിജയ ചിത്രമായിരുന്നു നേര്. മോഹന്‍ലാലിന് പുറമെ അനശ്വര രാജന്‍, പ്രിയാമണി, ശാന്തി മായാദേവി, സിദ്ദിഖ്, ശങ്കര്‍ ഇന്ദുചൂഡന്‍, ജഗദീഷ്, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു നേരിനായി ഒന്നിച്ചത്.

അഡ്വക്കേറ്റ് വിജയമോഹന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ എത്തിയത്. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും നേരിലെ ഒരു സീനിലെ അദ്ദേഹത്തിന്റെ റിയാക്ഷനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നേര് സിനിമയില്‍ ഒരു സീനുണ്ട്. ഓരോരുത്തരെയും വിചാരണ ചെയ്യുന്ന സീനായിരുന്നു അത്. അതില്‍ ലാല്‍ സാര്‍ കള്ള സാക്ഷി പറഞ്ഞാലുള്ള ശിക്ഷ എന്താണെന്ന് അറിയാമോ എന്ന് ചോദിക്കണം. അപ്പോള്‍ ഓപ്പോസിറ്റുള്ള ആള്‍ ശിക്ഷ എന്താണെന്ന് അറിയാമെന്ന് പറഞ്ഞ് അതിനെ കുറിച്ച് പറയണം. സ്‌ക്രിപ്റ്റ് വായിച്ചിട്ടുള്ളത് കൊണ്ട് അയാളുടെ മറുപടി അതാണെന്ന് ലാല്‍ സാറിന് അറിയുന്ന കാര്യമാണ്.

ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാല്‍ സാര്‍ ചോദ്യം ചോദിച്ചു. ഞാന്‍ ആ സമയത്ത് അതിന്റെ ഫ്രെയിം മോണിറ്ററിലൂടെ നോക്കിക്കൊണ്ടിരിക്കുകയാണ്. ലാല്‍ സാര്‍ അറിയാമോ എന്ന് ചോദിച്ചതും അയാള്‍ സെക്ഷന്‍ പറഞ്ഞു തുടങ്ങി. ആ സമയത്ത് ലാല്‍ സാറിന്റെ കണ്ണുകള്‍ വിടര്‍ന്നു. അത് വളരെ നാച്ചുറലായിരുന്നു. ലാല്‍ സാറിന് അയാളുടെ മറുപടി ഇതാകുമെന്ന് അറിയുന്നതാണ്.

എന്നിട്ടും അയാളുടെ ഡയലോഗ് കേട്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. അത്രയും മൈന്യൂട്ടായ റിയാക്ഷന്‍ അന്ന് ലാല്‍ സാര്‍ തന്നു. എല്ലാവരും ലാല്‍ സാര്‍ ക്യാരക്ടറായി മാറുന്നതിനെ കുറിച്ച് പറയാറുണ്ടല്ലോ. അത് തന്നെയാണ് അവിടെയും സംഭവിച്ചത്. അദ്ദേഹത്തിന് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ‘ഓഹോ ആണല്ലേ’ എന്ന രീതിയില്‍ ചിലപ്പോള്‍ വെറുതെ നോക്കി നില്‍ക്കുക മാത്രമേ ചെയ്യുകയുള്ളു. താന്‍ പ്രതീക്ഷിക്കാത്ത മറുപടി ആണെന്ന രീതിയിലുള്ള ഒരു റിയാക്ഷനാണ് അവിടെ ലാല്‍ സാര്‍ തന്നത്. ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ വക്കീല്‍ ആണെന്ന് ആ കഥാപാത്രത്തിന് അറിയില്ലായിരുന്നു.

ലാല്‍ സാറിന്റെ കണ്ണ് വിടരുന്നത് കണ്ടപ്പോള്‍ എന്ത് രസമായാണ് അദ്ദേഹമത് ചെയ്തതെന്ന് ഞാന്‍ ഓര്‍ത്തു. അതിനെയാണ് ബിഹേവിങ്ങ് എന്ന് പറയുന്നത്. ആദ്യമായി ആ മറുപടി കേള്‍ക്കുന്നത് പോലെയായിരുന്നു ലാല്‍ സാര്‍ ചെയ്തത്. ഒരുപക്ഷെ അദ്ദേഹം ആ സീനിനായി പ്രിപ്പേര്‍ ചെയ്തിട്ടുണ്ടോയെന്ന് നമുക്ക് അറിയില്ല. അതൊരു രഹസ്യമാണ്. അദ്ദേഹത്തിന് മാത്രമായി അറിയുന്ന രഹസ്യം,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Neru Movie And Mohanlal