സീനില്‍ ഞെട്ടല്‍ വേണ്ടെന്ന് ലാല്‍ സാറിനോട് പറഞ്ഞു; ആ ഇരുത്തതിലെ അദ്ദേഹത്തിന്റെ റിയാക്ഷന്‍ ഞെട്ടിച്ചു: ജീത്തു ജോസഫ്
Entertainment
സീനില്‍ ഞെട്ടല്‍ വേണ്ടെന്ന് ലാല്‍ സാറിനോട് പറഞ്ഞു; ആ ഇരുത്തതിലെ അദ്ദേഹത്തിന്റെ റിയാക്ഷന്‍ ഞെട്ടിച്ചു: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st August 2024, 5:35 pm

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. മോഹന്‍ലാല്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രമായി എത്തിയ സിനിമയില്‍ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

വലിയ വിജയമായ ദൃശ്യത്തിന് 2021ല്‍ തുടര്‍ച്ചയെന്നോണം രണ്ടാം ഭാഗവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ സിനിമയിലെ ഒരു സീനിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സീനില്‍ മീനയുടെ അടുത്ത് ക്യാമറ വെച്ചു. പക്ഷെ ഫോക്കസ് ലാല്‍ സാറിലായിരുന്നു. റാണി നില്‍ക്കുമ്പോള്‍ ജോര്‍ജുകുട്ടി ഇരിക്കുകയായിരുന്നു. അങ്ങനെ ക്യാമറ വെക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. ഡയലോഗ് പറയുമ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തിന്റെ റിയാക്ഷന്‍സ് എനിക്ക് വേണമായിരുന്നു.

റാണി ഡയലോഗ് പറഞ്ഞ് കഴിഞ്ഞ ശേഷം ജോര്‍ജുകുട്ടിയുടെ റിയാക്ഷന്‍ കിട്ടിയിട്ട് കാര്യമില്ല. സാധാരണ എല്ലാ സിനിമയിലും ഡയലോഗ് കഴിഞ്ഞാണ് ഞെട്ടുന്ന റിയാക്ഷന്‍സൊക്കെ ഉണ്ടാവുക. ഇവിടെ എനിക്ക് ആ സമയത്ത് തന്നെ കിട്ടണമായിരുന്നു.

കാരണം റാണിയുടെ ആ ഡയലോഗിന്റെ കൂടെയാണ് ജോര്‍ജുകുട്ടിയുടെ റിയാക്ഷന്‍സ് വരേണ്ടത്. അതുകൊണ്ടായിരുന്നു ക്യാമറാമാന്‍ മീനയെ ഫോക്കസ് ചെയ്തപ്പോള്‍ ഞാന്‍ ലാല്‍ സാറിനെ ഫോക്കസ് ചെയ്യാന്‍ പറഞ്ഞത്. ആവേശത്തില്‍ റാണി അറിയാതെ ഒരു കാര്യം പറയുകയാണ്.

മുമ്പില്‍ പൊലീസുകാരുള്ളത് കൊണ്ട് ജോര്‍ജുകുട്ടിക്ക് അവിടെ ഞെട്ടാന്‍ പറ്റില്ല. അബദ്ധം പറ്റിയല്ലോ എന്നോര്‍ത്തുള്ള പിടച്ചിലാണ് അവിടെ വേണ്ടത്. അന്ന് ഞാന്‍ ലാല്‍ സാറിനോട് ഒരു കാര്യമേ പറഞ്ഞിരുന്നുള്ളൂ. ‘ആ മൊമന്റില്‍ എന്തെങ്കിലും ചെയ്യണം, പക്ഷെ ഞെട്ടല് വേണ്ട’ എന്നാണ് പറഞ്ഞത്.

ആ സീനില്‍ റാണിയെ നോക്കിയിട്ട് പിന്നിലേക്കുള്ള ലാല്‍ സാറിന്റെ ഒരു ചാരിയിരുത്തമുണ്ട്, എന്റെ പൊന്നോ. സത്യത്തില്‍ അവിടെ എന്താകും അദ്ദേഹത്തിന്റെ റിയാക്ഷനെന്ന് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ടിന് മുമ്പ് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Mohanlal’s Expression In Drishyam