എന്റെ സിനിമയിലെ ആ കോമഡി സീനുകള്‍ ചില സ്ത്രീകള്‍ക്ക് വള്‍ഗറായി തോന്നി: ജീത്തു ജോസഫ്
Entertainment
എന്റെ സിനിമയിലെ ആ കോമഡി സീനുകള്‍ ചില സ്ത്രീകള്‍ക്ക് വള്‍ഗറായി തോന്നി: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st August 2024, 10:33 pm

ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് ടൈറ്റില്‍ റോളില്‍ അഭിനയിച്ച ഈ സിനിമയില്‍ ജ്യോതി കൃഷ്ണ, രഞ്ജിനി രൂപേഷ്, രചന നാരായണന്‍കുട്ടി, ഹരീഷ് പേരടി, ചെമ്പില്‍ അശോകന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര ഒന്നിച്ചിരുന്നു.

ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. എന്നാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ലൈഫ് ഓഫ് ജോസൂട്ടിയിലെ കുറച്ച് സീനുകള്‍ക്ക് താന്‍ വലിയ ക്രിറ്റിസിസം നേരിട്ടിരുന്നുവെന്ന് പറയുകയാണ് ജീത്തു ജോസഫ്.

അവിടെ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നുവെന്നും സെക്കന്റ് ഹാഫിലെ ചില സീനുകളിലും സിറ്റുവേഷനുകളിലുമാണ് പ്രശ്‌നം പറ്റിയതെന്നും സംവിധായകന്‍ പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമയിലെ കുറച്ച് സീനുകള്‍ക്ക് വലിയ ക്രിറ്റിസിസം നേരിട്ടിരുന്നു. അവിടെ എന്റെ കാല്‍ക്കുലേഷന്‍ തെറ്റുകയായിരുന്നു. ഫസ്റ്റ് ഹാഫ് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. പക്ഷെ സെക്കന്റ് ഹാഫിലെ ചില സീനുകളിലും സിറ്റുവേഷനുകളിലുമാണ് പ്രശ്‌നം പറ്റിയത്.

നമ്മള്‍ ഹ്യൂമറസായി പ്രസന്റ് ചെയ്ത കാര്യങ്ങളില്‍ ചില സ്ത്രീകള്‍ക്ക് വള്‍ഗറാരിറ്റി ഫീല്‍ ചെയ്തു. ഇപ്പോള്‍ ഒരുപാട് ആളുകള്‍ ആ സിനിമ ഇഷ്ടമായെന്ന് പറയുന്നുണ്ട്. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവരാണ് ഇത് പറയുന്നത്.

അന്ന് ഫാമിലിയോടൊപ്പം സിനിമ കണ്ടിറങ്ങിയ ഒരാള്‍ ജീത്തു ജോസഫ് എന്തിനാണ് ഇങ്ങനെയുള്ള സീന്‍ ചെയ്തതെന്ന് ചോദിക്കുന്നത് കേട്ടു. അപ്പോഴാണ് ഫാമിലി ഓഡിയന്‍സ് എന്നില്‍ നിന്ന് ചിലത് എക്‌സെപ്റ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായത്. അതുകൊണ്ട് നേര് ചെയ്യുമ്പോള്‍ എനിക്ക് പേടിയായിരുന്നു.

പ്രത്യേകിച്ച് ആ റേപ്പ് സീന്‍ ചെയ്യുമ്പോഴാണ് പേടിച്ചത്. ഞാന്‍ ഇത്രയും വിഷമിച്ച് ചെയ്ത ഒരു സീന്‍ വേറെയില്ല. കാരണം അത് വള്‍ഗറായാല്‍ ഫാമിലി ഓഡിയന്‍സ് മാറി നില്‍ക്കും. അതേസമയം അവിടെ ആ റേപ്പ് സീന്‍ കാണിക്കാതിരിക്കാനും പറ്റില്ലായിരുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ആ സീനെടുത്തത്,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Life Of Josutty