മൈ ബോസ്; ബാത്ത്‌റൂമില്‍ കയറി ഷാജോണ്‍ ചെവി പൊട്ടുന്ന ഐറ്റമാണ് പറഞ്ഞത്; ഡബ്ബ് ചെയ്തപ്പോള്‍ അതില്‍ മാറ്റം വരുത്തി: ജീത്തു ജോസഫ്
Entertainment
മൈ ബോസ്; ബാത്ത്‌റൂമില്‍ കയറി ഷാജോണ്‍ ചെവി പൊട്ടുന്ന ഐറ്റമാണ് പറഞ്ഞത്; ഡബ്ബ് ചെയ്തപ്പോള്‍ അതില്‍ മാറ്റം വരുത്തി: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th August 2024, 5:54 pm

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൈ ബോസ്. ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ ജീത്തുവിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു.

മൈ ബോസില്‍ കലാഭവന്‍ ഷാജോണും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ദിലീപ് അവതരിപ്പിച്ച മനുവെന്ന കഥാപാത്രത്തിന്റെ ഓഫീസിലെ സുഹൃത്തായ അലി ആയിട്ടാണ് ഷാജോണ്‍ എത്തിയത്. സിനിമയില്‍ ബാത്ത്‌റൂമില്‍ കയറി ബോസിനെ ചീത്ത വിളിക്കുന്ന ഒരു സീനുണ്ടായിരുന്നു. അത് ഏറെ ചിരിപ്പിച്ച ഒരു സീന്‍ കൂടെയായിരുന്നു.

ഇപ്പോള്‍ ആ സീനിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സീന്‍ എടുക്കുമ്പോള്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങളല്ല അതില്‍ ഡബ്ബ് ചെയ്തിരിക്കുന്നതെന്നും ചെവി പൊട്ടുന്ന വാക്കുകളായിരുന്നു അയാള്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

‘ആ സീന്‍ എടുക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങളല്ല അതില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ചെവി പൊട്ടുന്ന ഐറ്റമായിരുന്നു ഷാജോണ്‍ സത്യത്തില്‍ പറഞ്ഞത്. എന്നോട് ഐ.ടിയില്‍ ഉള്ള ഒരാളായിരുന്നു ഇതിനെ കുറിച്ച് പറഞ്ഞു തന്നത്. അതായത് വലിയ സ്‌ട്രെസ് വരുമ്പോള്‍ ആ കാര്യം നേരിട്ട് പറയാന്‍ പറ്റാത്തത് കാരണം അവര്‍ വര്‍ക്കിന്റെ ഇടയില്‍ ബാത്ത് റൂമില്‍ കയറി ചീത്തവിളിക്കാറാണ് എന്ന്. ആ ദേഷ്യത്തില്‍ ബക്കറ്റൊക്കെ ഇടക്ക് ചവിട്ടി പൊട്ടിക്കുമത്രേ. അവരുടെ കലി മുഴുവന്‍ അതുവഴി തീര്‍ക്കുന്നതാണ്. അതിനെ ബേസ് ചെയ്താണ് ഞാന്‍ സിനിമയില്‍ ആ സീന്‍ ആഡ് ചെയ്തത്.

അപ്പോള്‍ അത് ഷൂട്ട് ചെയ്യുമ്പോള്‍ ഡയലോഗൊന്നും എഴുതിയിരുന്നില്ല. ആ കാര്യം ഞാന്‍ ഷാജോണിനോട് പറഞ്ഞു. അവനോട് അതില്‍ വായില്‍ തോന്നുന്നതൊക്കെ പറഞ്ഞോളാനും പറഞ്ഞു. അവന്‍ അതിന്റെ അകത്ത് കയറിയതും ഞങ്ങള്‍ എന്തൊക്കെയാ കേട്ടതെന്ന് അറിയുമോ (ചിരി). അകത്ത് നിന്നുള്ള വിഷ്വല്‍ വേണ്ടെങ്കില്‍ പോലും അവന്‍ ബാത്ത്‌റൂമിന്റെ അകത്ത് കയറി നിന്നു. പക്ഷെ ആ ഭാഗം ഡബ്ബ് ചെയ്യുമ്പോള്‍ കുറച്ച് കൂടെ സഭ്യമായ ഭാഷയിലുള്ള ഡയലോഗ് ഉപയോഗിക്കുകയായിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph Talks About Kalabhavan Shajon