Advertisement
Entertainment
ദൃശ്യത്തിലെ ആ സീനില്‍ എനിക്ക് ലാല്‍ സാറിനെ കറക്ട് ചെയ്യേണ്ടി വന്നു; ആദ്യം ഞാനൊന്നും മിണ്ടിയില്ല: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 12, 11:41 am
Monday, 12th August 2024, 5:11 pm

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ് തുടങ്ങിയ വന്‍ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. വലിയ വിജയമായ ദൃശ്യത്തിന് 2021ല്‍ തുടര്‍ച്ചയെന്നോണം രണ്ടാം ഭാഗവും വന്നിരുന്നു.

ജോര്‍ജ്കുട്ടിയായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ച സിനിമ പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ ഒരു സീനില്‍ മോഹന്‍ലാലിനെ തനിക്ക് കറക്ട് ചെയ്യേണ്ടി വന്ന സീനിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാല്‍ സാറിനോട് ഞാന്‍ ആദ്യം അത്ര ബ്രീഫ് ചെയ്യാന്‍ പോയിട്ടില്ല. ലാല്‍ സാര്‍ എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ആ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ദൃശ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തില്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ ഒന്ന് കറക്ട് ചെയ്യേണ്ടി വന്നത്. ജോര്‍ജുകുട്ടി ഇറങ്ങി വരുമ്പോള്‍ ഒരു പയ്യന്‍ വന്ന് ‘ജോര്‍ജുകുട്ടി ഇവിടെയാണല്ലേ കുഴിച്ചിട്ടത്’ എന്ന് ചോദിക്കുന്ന സീനായിരുന്നു അത്.

അതില്‍ ലാല്‍ സാര്‍ ആദ്യം റിയാക്ട് ചെയ്ത ഒരു രീതിയുണ്ട്. ഞെട്ടിയ ശേഷം ‘നിങ്ങള്‍ പേടിക്കണ്ട, അകത്ത് കയറിയിരുന്നോ’ എന്ന് മറ്റുള്ളവരോട് പറയുന്നയിടത്തായിരുന്നു അതെന്ന് തോന്നുന്നു. ലാല്‍ സാര്‍ അത് ചെയ്തപ്പോള്‍ ഞാന്‍ ആദ്യം ഒന്നും മിണ്ടാന്‍ പോയില്ല. ലാല്‍ സാര്‍ അവിടെ വളരെ കോണ്‍ഫിഡന്‍ഡ് ആയിട്ടാണ് ഡയലോഗ് പറഞ്ഞത്.

അതായത് ജോര്‍ജുകുട്ടി അത്രയും കോണ്‍ഫിഡന്‍ഡായി പറയേണ്ടല്ലോ. ഞാന്‍ കട്ട് പറഞ്ഞിട്ട് ലാല്‍ സാറിന്റെ അടുത്തേക്ക് ചെന്നു. അവിടെ ജോര്‍ജുകുട്ടി പതറി പോയാല്‍ ശരിയാവില്ല, കാരണം ആകെ കൈയ്യില്‍ നിന്ന് പോയ അവസ്ഥയില്‍ ആണ് അയാള്‍ നില്‍ക്കുന്നത്.

പക്ഷെ അതേസമയം കോണ്‍ഫിഡന്‍സ് കാണിക്കാനും പറ്റില്ല. ആ കാര്യം ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞു. അപ്പോഴാണ് ലാല്‍ സാറിനും അത് കത്തിയത്. ഓക്കെ ശരിയെന്ന് പറഞ്ഞ് അദ്ദേഹം ആ സീന്‍ വീണ്ടും ചെയ്തു. അവിടെ ഞാന്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ലാല്‍ സാര്‍ അതേ രീതിയില്‍ എനിക്ക് ചെയ്തും തന്നു,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Drishyam2 And Mohanlal