| Thursday, 23rd November 2023, 5:00 pm

ചില ലോജിക് ഞാന്‍ നോക്കാറില്ല; ആളുകള്‍ കണ്ടുപിടിക്കാത്ത കുറേ പ്രശ്‌നങ്ങള്‍ ഈ സിനിമയില്‍ എനിക്കറിയാം: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. ഈ സിനിമ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയ്ക്കെല്ലാം മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

എങ്കിലും പലപ്പോഴും സിനിമയിലെ ചില ഭാഗങ്ങള്‍ക്ക് ലോജിക് ഇല്ലെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. ആളുകള്‍ കണ്ടുപിടിക്കാത്ത കുറേ പ്രശ്‌നങ്ങള്‍ ഈ സിനിമയില്‍ ഉള്ളതായി തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു.

‘അന്ന് ഉണ്ടായിരുന്ന വലിയ ഒരു പ്രശ്‌നമായിരുന്നു ഫോറന്‍സിക് ഓഫീസില്‍ ക്യാമറയില്ലെന്ന് കൊടുത്തത്. കോട്ടയത്തെ ഫോറന്‍സിക് ഓഫീസില്‍ ക്യാമറയില്ലായിരുന്നു. ഞാന്‍ അവിടെ പോയി കണ്ടതാണ് അത്.

അതാണ് നമ്മുടെ ഇവിടുത്തെ സിസ്റ്റം. ഇവിടുത്തെ സിസ്റ്റം ഇങ്ങനെയൊക്കെയാണെന്ന് വേണം പറയാന്‍. ആ സിനിമ കഴിഞ്ഞ് പിന്നെ എല്ലായിടത്തും ക്യാമറ വെച്ചു എന്ന് തോന്നുന്നു.

പിന്നെ ഫോറന്‍സിക് ടെസ്റ്റിന് കൊണ്ടു പോകുന്ന രീതിയിലാണ് പ്രശ്‌നം കണ്ടെത്തിയത്. സിനിമയില്‍ ഒരു കാര്‍ഡ് ബോര്‍ഡില്‍ വെച്ച് കൊണ്ടു പോകുന്നതായാണ് കാണിക്കുന്നത്.

പക്ഷെ ചാക്കില്‍ കെട്ടിയാണ് യഥാര്‍ത്ഥത്തില്‍ ഫോറന്‍സിക് ടെസ്റ്റിന് കൊണ്ട് പോകുന്നത്. അതുപോലെ അവിടെ പൊലീസുകാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ഇവരുടെ അസിസ്റ്റന്റ്‌സാണ് എല്ലാം ചെയ്യുന്നത്.

ഞാന്‍ ആ കാര്യം അവരോട് ചോദിച്ചപ്പോള്‍ പറഞ്ഞത് രാവിലെ മുതല്‍ വൈകുന്നേരം വരെ മരത്തിന്റെ ചുവട്ടില്‍ എവിടെയെങ്കിലും പോയി ഉറക്കമാകുമെന്നാണ്. അതാണ് ഞാന്‍ സിനിമയില്‍ ഒരാള്‍ കസേരയില്‍ ഇരുന്ന് ഉറങ്ങുന്നത് പോലും കൊടുത്തത്.

പിന്നെ അവര്‍ ഡി.എന്‍.എ ടെസ്റ്റിന് അയക്കുമ്പോഴാണ് കറക്റ്റായിട്ട് സീല്‍ ചെയ്തും മറ്റും അയക്കുന്നത്. ഇനി മുതല്‍ ചിലപ്പോള്‍ ശ്രദ്ധിക്കുമായിരിക്കും. ഒരു സിറ്റുവേഷന്‍ ഉണ്ടാകുമ്പോള്‍ ആണല്ലോ നമ്മള്‍ അതിനെ പറ്റി ശ്രദ്ധിക്കുന്നത്.

എല്ലാകാര്യങ്ങളും നമ്മള്‍ അന്വേഷിച്ച ശേഷമാണ് സിനിമ ചെയ്തത്. എന്നാല്‍ ആളുകള്‍ക്ക് ഇപ്പോഴും സംശയമാണ്. ബേസിക് ആയിട്ടുള്ള കുറേ ലോജിക് നോക്കും. ബാക്കിയുള്ളത് കുറേ എണ്ണം നമുക്ക് അറിയാം, അതായത് ഇതിനകത്ത് പ്രശ്‌നമുണ്ടെന്ന്.

പക്ഷെ ഇത് നോക്കി നിന്നാല്‍ എന്റെ പരിപാടി നടക്കില്ല. നമ്മളത് വിട്ട് കളയും. അപ്പോള്‍ കുറച്ചുപേര്‍ സിനിമ കണ്ടിട്ട് പറയും, അവിടെ അങ്ങനെയൊര് പ്രശ്‌നം ഉണ്ടെന്ന്. പ്രശ്‌നമുണ്ട് എന്നുള്ളത് സത്യമാണ്. ആളുകള്‍ കണ്ടുപിടിക്കാത്ത കുറേ പ്രശ്‌നങ്ങള്‍ ഈ സിനിമയില്‍ എനിക്കറിയാം. അത് നാച്ചുറല്‍ ആണ്,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talks About Drishyam Movie

We use cookies to give you the best possible experience. Learn more