2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫിന്റെ ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍ നായകനായ ചിത്രം ത്രില്ലര്‍ പ്രേമികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച് മലയാളത്തില്‍ വമ്പന്‍ വിജയമായി മാറിയിരുന്നു.
മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായിരുന്നു ഇത്. ഇന്ത്യയില്‍ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രം റിലീസായതിന് ശേഷം ദൃശ്യം മോഡല്‍ കൊലപാതകം എന്ന രീതിയില്‍ ഒരുപാട് കേസുകള്‍ പിന്നീട് വന്നിരുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം മോഡലിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
‘മര്‍ഡര്‍ കവറപ്പുകളുടെ സ്റ്റോറി ഇതിന് മുന്‍പും വന്നിട്ടുണ്ട്. ദൃശ്യം വന്നില്ലായിരുന്നുവെങ്കില്‍ കൊലപാതകം ചെയ്തവരൊക്കെ പൊലീസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങുമോ.
ഒരു കൊലപാതകം ചെയ്തു കഴിഞ്ഞാല്‍ അവരത് മറച്ചു വെക്കാന്‍ ശ്രമിക്കും. അതിനുള്ള വഴികളും മറ്റും സിനിമയില്‍ മാത്രമല്ല പല മീഡിയ വഴിയും കിട്ടും. ദൃശ്യം വന്നത് കൊണ്ട് അതിന്റെ തലക്ക് കയറുന്നു എന്നേയുള്ളൂ.
ഹിന്ദി ദൃശ്യം കഴിഞ്ഞപ്പോള്‍ നോര്‍ത്തില്‍ എവിടെയോ ഒരു സംഭവം ഉണ്ടായി. ചോദിച്ചപ്പോള്‍ ഹിന്ദി ദൃശ്യം കണ്ടാണ് പുള്ളി ചെയ്തതെന്നാണ് പറയുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തിലുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം.