Entertainment news
അന്ന് അടുത്ത ഭാഗത്തിനുള്ള സാധ്യതയുണ്ടല്ലേയെന്ന് ചോദിച്ചു; ഞാന്‍ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് പറഞ്ഞു: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 24, 03:07 am
Friday, 24th November 2023, 8:37 am

മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ഈ സിനിമ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയ്‌ക്കെല്ലാം മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

ഈ സിനിമയുടെ രണ്ട് ഭാഗങ്ങളും വലിയ വിജയം നേടിയതിന് ശേഷം മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ പറ്റി സംസാരിക്കുകയാണ് ജീത്തു ജോസഫ്.

‘ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ച് എന്റെ ചിന്തയില്‍ പോലും ഇല്ലായിരുന്നു. അപ്പോള്‍ ഞാന്‍ ഇങ്ങനെ ആലോചിച്ചു നോക്കി, എന്റെ മുന്നില്‍ ഒരു തടസം ഉണ്ടായിരുന്നു. ആ തടസമാണ് അഞ്ചു വര്‍ഷത്തെ സമയം.

രണ്ടാം ഭാഗം ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ ക്ലൈമാക്‌സ് ഉണ്ടായിരുന്നു. പ്രശ്‌നം ഇപ്പോള്‍ എല്ലാവരും മൂന്നാം ഭാഗത്തിന് പിന്നാലെ നില്‍ക്കുന്നു എന്നതാണ്. കാര്യം എന്താണെന്ന് വെച്ചാല്‍, മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് എന്റെ കയ്യില്‍ ഉണ്ട്.

ലാല്‍ സാര്‍ ദൃശ്യം രണ്ട് ഒ.ടി.ടിയില്‍ ആയതുകൊണ്ട് എന്റെ ഹോം തിയേറ്ററിലാണ് എല്ലാവരും വന്ന് കണ്ടത്. അത് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എന്നോട് ചോദിച്ചു, ‘മൂന്നാം ഭാഗത്തിനുള്ള സാധ്യതയുണ്ടല്ലേ ജിത്തു,’ എന്ന്.

ആന്റണി ആയിരുന്നു ചോദിച്ചത്. പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ആന്റണിയോടും ലാല്‍ സാറിനോടും പറഞ്ഞു, ‘മൂന്നാം ഭാഗം എനിക്ക് ഇങ്ങനെ അവസാനിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ട്,’ എന്ന്.

അപ്പോള്‍ പറഞ്ഞത് അത് കൊള്ളാമല്ലോയെന്നാണ്. ഞാന്‍ മറുപടിയായി എന്റെ മനസ്സില്‍ ക്ലൈമാക്‌സുണ്ട്, പക്ഷേ ബാക്കിയൊന്നും ഇല്ലെന്ന് പറഞ്ഞു. ബാക്കി ആലോചിക്കെന്നാണ് അവര്‍ പറഞ്ഞത്.

അതിന് ഒരു കഥ വരികയാണെങ്കില്‍ ചെയ്യാം. മൂന്നാം ഭാഗം ചെയ്താല്‍ നല്ല ബിസിനസ് ആണെന്ന് എനിക്ക് അറിയാം. എന്നാല്‍ അതിന് വേണ്ടി ചെയ്യുന്നില്ല.

നല്ല കഥ അല്ലെങ്കില്‍ നല്ല സ്‌ക്രീന്‍പ്ലേ ഉണ്ടാക്കാമെന്ന് ഉറപ്പാണെങ്കില്‍ ഞാന്‍ മൂന്നാംഭാഗം ചെയ്യും. അതൊക്കെ ദൈവത്തിന്റെ കയ്യിലാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph Talks About Drishyam 3