കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് ജീത്തു ജോസഫ്. കോമഡി ചിത്രങ്ങളും ത്രില്ലര്‍ ചിത്രങ്ങളും ഒരുപോലെ ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. മെമ്മറീസ്, ദൃശ്യം പോലയുള്ള സിനിമകള്‍ ചെയ്ത ജീത്തു ജോസഫ് തന്നെയാണ് മൈ ബോസ് പോലെയൊരു കോമഡി ചിത്രമെടുത്തത്. അദ്ദേഹത്തിന്റേതായി ഇനി വരാനിരിക്കുന്ന നുണക്കുഴി എന്ന സിനിമ ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്.
കോമഡി എഴുതുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറയുകയാണ് ജീത്തു ജോസഫ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോമഡി അഭിനയിച്ച് ഫലിപ്പിക്കാനും കോമഡി സിനിമക്ക് സ്‌ക്രിപ്റ്റുണ്ടാക്കാനും ഏറെ ബുദ്ധിമുട്ടാണെന്നും ഒരാളെ ചിരിപ്പിക്കാന്‍ പ്രയാസമാണെന്നും സംവിധായകന്‍ പറയുന്നു. രമേഷ് പിഷാരടിയുടെ സ്റ്റേജ് ഷോകള്‍ കാണുമ്പോള്‍ എങ്ങനെ കോമഡി പറയാന്‍ സാധിക്കുന്നെന്ന് ചിന്തിക്കാറുണ്ടെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.
‘എന്റെ പൊന്നേ, കോമഡി എഴുതുക എന്നത് നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല. ഏറ്റവും ബുദ്ധിമുട്ടുള്ള ഏരിയയാണ് കോമഡി. അഭിനയിച്ച് ഫലിപ്പിക്കാനും ഒരു സ്‌ക്രിപ്റ്റുണ്ടാക്കാനും ഏറെ ബുദ്ധിമുട്ടാണ്. ഒരാളെ ചിരിപ്പിക്കുക എന്ന് പറയുന്നത് വലിയ പ്രയാസമാണ്. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവുണ്ടെങ്കില്‍ അതൊരു ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഉദാഹരണത്തിന് ഞാന്‍ ഒരു കാര്യം പറയാം. ഞാന്‍ രമേഷ് പിഷാരടിയുടെ സ്റ്റേജ് ഷോകള്‍ കാണാറുണ്ട്. സ്‌റ്റേജിലൊക്കെ കയറി വെച്ചലക്കുന്നത് കാണാം. അത് കാണുമ്പോള്‍ ‘എന്റമ്മേ ഇതെങ്ങനെ സാധിക്കുന്നു’ എന്ന് കരുതാറുണ്ട്. എന്നെ കൊണ്ട് അങ്ങനെയൊന്നും പറ്റില്ല. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍സും അങ്ങനെ തന്നെയാണ്. അതൊരു കഴിവാണ്.
പിന്നെ ജനറേഷന്‍സിന് അനുസരിച്ച് കോമഡി ചിത്രങ്ങളുടെ ടേസ്റ്റ് മാറും. പണ്ടത്തെ കോമഡി ഇപ്പോള്‍ വര്‍ക്കാകില്ല. ആളുകളുടെ ടേസ്റ്റിന് അനുസരിച്ച് കോമഡിയും മാറി കൊണ്ടിരിക്കുന്നുണ്ട്. പിന്നെയുള്ള ഒരു പ്രശ്‌നം, ഒരു കോമഡി സിനിമ ഇറങ്ങി ഹിറ്റായാല്‍ പിന്നെ എല്ലാവരും കോമഡിയെന്ന് പറഞ്ഞിറങ്ങും. അത് കണ്ടുകണ്ട് ആളുകള്‍ക്ക് മടുപ്പ് വരും. ഒരു കോമഡി വന്നാല്‍ പിന്നെയൊരു ത്രില്ലര്‍ കൊണ്ടുവരണം. അങ്ങനെ മിക്‌സപ്പ് വന്നാല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ അപകടമാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph Talks About Comedy And Ramesh Pisharody