ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം എന്നൊരൊറ്റ ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആദ്യ സിനിമയായ ‘ഡിറ്റക്റ്റീവ്’ ത്രില്ലര്‍ ഗണത്തില്‍ പുറത്തിറങ്ങിയെങ്കിലും അതിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
പിന്നീട് വന്ന ‘മെമ്മറീസ്’ എന്ന സിനിമയിലൂടെയാണ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്. ഇപ്പോള്‍ ജീത്തു ജോസഫിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ‘നുണക്കുഴി’. ഒരു ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ എത്തിയ ചിത്രമാണ് ഇത്.
ഇപ്പോള്‍ തന്നെ ഇന്‍സ്‌പെയര്‍ ചെയ്ത കോമഡി ചിത്രങ്ങള്‍ ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജീത്തു ജോസഫ്. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഇന്‍സ്‌പെയര്‍ ചെയ്ത കോമഡി ചിത്രങ്ങള്‍ ഒരുപാടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സി.ഐ.ഡി. മൂസയെ എന്ന സിനിമയെ കുറിച്ചും ജീത്തു പറയുന്നുണ്ട്.
‘എന്നെ ഇന്‍സ്‌പെയര്‍ ചെയ്ത കോമഡി ചിത്രങ്ങള്‍ ഒരുപാടുണ്ട്. ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടാകും. പഞ്ചവടിപ്പാലം, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്ദേശം പോലുള്ള സിനിമകള്‍ എനിക്ക് ഇഷ്ടമാണ്.
ശ്രീനിയേട്ടന്റെ സിനിമകളൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതൊക്കെ വളരെ നല്ല പ്രമേയമാണ് പറയുന്നത്. മാത്രമല്ല, നല്ല രീതിയില്‍ ഹ്യൂമറിലൂടെ അവര്‍ അതിനെ ആളുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്.
പഴയ കിലുക്കം സിനിമയും അതില്‍ ഉള്‍പ്പെട്ടതാണ്. പിന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്ന മറ്റൊരു സിനിമയുണ്ട്. എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ് സി.ഐ.ഡി. മൂസ. ലോജിക്കേയില്ലാത്ത സിനിമയാണ് അത്. അതും ഏറെ എന്‍ജോയ് ചെയ്യുന്ന ആളാണ് ഞാന്‍,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph Talks About CID Moosa Movie