|

എപ്പോഴും കുറച്ചുപേര്‍ തന്നെ വില്ലനാകണമെന്നോ നായകനാകണമെന്നോ ഇല്ല; ഹീറോ വില്ലന്‍ വേഷവും ചെയ്യണം: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ സിനിമ ചെയ്യണം എന്നൊന്നും നിയമങ്ങള്‍ ഇല്ലെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. കുറച്ചാളുകള്‍ തന്നെ വില്ലന്‍ വേഷങ്ങള്‍ ചെയ്യണമെന്നും നായകന്മാരായി വരണമെന്നൊന്നും ഇല്ലെന്നും ഇത്തരം നിയമങ്ങള്‍ പൊളിച്ചെഴുതപ്പെടണമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ഹീറോ വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ കഴിയണമെന്നും അങ്ങനെയാകുമ്പോള്‍ എഴുത്തുകാര്‍ക്ക് ഏത് രീതിയിലൂടെ വേണമെങ്കിലും സിനിമയെ കൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ ഇപ്പോഴത്തെ ജനറേഷനില്‍ പല സ്റ്റീരിയോടൈപ്പുകളും മാറി വരുന്നുണ്ടെന്നും തന്റെ സിനിമയില്‍ എന്തായാലും അതൊക്കെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീത്തു വ്യക്തമാക്കി. ഫിലിം ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘ഇന്‍ഡസ്ട്രിയില്‍ നിയമങ്ങള്‍ ഒന്നും ഇല്ല. കുറച്ചാളുകള്‍ കുറച്ച് നിയമം ഉണ്ടാക്കിവെക്കുന്നതാണ്. ആ നിയമങ്ങള്‍ മാറ്റി കൊണ്ട് തന്നെ പോകണം. കുറച്ച് പേര്‍ വില്ലന്‍ വേഷം ചെയ്യാനും കുറച്ചാളുകള്‍ കോമഡി ചെയ്യാനും കുറച്ചുപേര്‍ നായകരാകാനും, ഇതെല്ലം പൊളിച്ചെഴുതപ്പെടണം. ഹീറോ വേഷം ചെയ്യുന്നവര്‍ വന്ന് വില്ലന്‍ വേഷം ചെയ്യണം.

അങ്ങനെ ആകുമ്പോള്‍ എഴുത്തുകാര്‍ക്ക് എങ്ങനെ വേണമെങ്കിലും കഥയെ പലവഴിയിലൂടെ കൊണ്ട് പോകാന്‍ പറ്റും. ഇവിടെ ഇപ്പോള്‍ നടക്കുന്നത് സ്ഥിരമായി കോമഡി ചെയ്യുന്ന ഒരാള്‍ വരുന്നു, അപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകും ഇയാള്‍ കോമഡി ചെയ്യാന്‍ പോകുകയാണെന്ന്, സിനിമയിലെ കോമഡി ഇപ്പോള്‍ രംഗങ്ങള്‍ തുടങ്ങുമെന്ന്. ഇത്തരത്തിലുള്ള സ്റ്റീരിയോടൈപ്പുകള്‍ മാറണം.

എല്ലാവരെയും അഭിനേതാക്കള്‍ ആയി കാണണം എന്ന വിശാലമായ ചിന്തയിലുള്ള ആളാണ് ഞാന്‍. എല്ലാവര്‍ക്കും എല്ലാതരം റോളുകളും ചെയ്യാന്‍ കഴിയും. മലയാള സിനിമയില്‍ ഇപ്പോഴത്തെ ജനറേഷനില്‍ പല സ്റ്റീരിയോടൈപ്പുകളും മാറി വരുന്നുണ്ട്. എന്റെ സിനിമയില്‍ എന്തായാലും ഞാന്‍ അതൊക്കെ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talks About Breaking Stereotype In Movies

Video Stories