ആ നടന്‍ അങ്ങനെ ചിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; ഒരു ചിരിക്ക് വേണ്ടി കുറേ ടേക്ക് പോയി: ജീത്തു ജോസഫ്
Entertainment
ആ നടന്‍ അങ്ങനെ ചിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; ഒരു ചിരിക്ക് വേണ്ടി കുറേ ടേക്ക് പോയി: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th August 2024, 4:41 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബേസില്‍ ജോസഫ്. അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ ബേസിലിന് സാധിച്ചിട്ടുണ്ട്. നടന്റെ വ്യത്യസ്തമായ ചിരിയും ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ നുണക്കുഴിയില്‍ ബേസിലിന്റെ ചിരി കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

തങ്ങള്‍ ബേസിലിനോട് സിനിമയില്‍ ആ ചിരി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ജീത്തു പറയുന്നത്. എന്നാല്‍ തന്നോട് ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കാന്‍ പറ്റില്ലെന്നായിരുന്നു ബേസിലിന്റെ മറുപടിയെന്നും ജീത്തു പറഞ്ഞു. അവസാനം ബേസില്‍ ജോസഫിന്റെ ചിരിക്ക് വേണ്ടി തങ്ങള്‍ക്ക് കുറേ ടേക്ക് പോകേണ്ടി വന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘ബേസിലിനോട് ഞങ്ങള്‍ നുണക്കുഴി സിനിമയില്‍ അവന്റെ ആ ചിരി വേണമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ അവന്‍ ഞങ്ങളോട് പറഞ്ഞത് ‘എന്നോട് അങ്ങനെ ചിരിക്കാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ചിരിക്കാന്‍ പറ്റില്ല. അത് നാച്ചുറലായി വരണം’ എന്നാണ്. അത് ശരിയായിരുന്നു. ഞങ്ങള്‍ക്ക് ആ ചിരിക്ക് വേണ്ടി കുറേ ടേക്ക് പോകേണ്ടി വന്നു.

കാരണം ഞങ്ങള്‍ ഷൂട്ടിന്റെ സമയത്ത് ചിരിക്കാന്‍ പറയുമ്പോള്‍ അവന്‍ ചിരിക്കില്ല. ‘ശ്ശോ, ഇവന്‍ ചിരിക്കുന്നില്ലല്ലോ’ എന്ന് പറഞ്ഞ് കട്ട് പറഞ്ഞാല്‍ ഉടനെ തന്നെ അവന്റെ ആ ചിരി വരും. അത് വളരെ നാച്ചുറലായ ചിരിയാകും. ഇങ്ങനെയാണ് നുണക്കുഴിയുടെ സെറ്റ് മുന്നോട്ട് പോയത്. ശരിക്കും ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്.

കാരണം എന്നെ സംബന്ധിച്ച് ഞാന്‍ ഈ സിനിമയില്‍ നിന്ന് കൊണ്ടുപോകുന്ന സാധനം ഇതാണ്, ഈ സിനിമ ഷൂട്ട് ചെയ്ത 40 ദിവസങ്ങള്‍. എന്നെ പൂര്‍ണമായും മറ്റൊരു ലോകത്ത് ജീവിപ്പിച്ച, അല്ലെങ്കില്‍ അത്തരം എക്‌സ്പീരിയന്‍സ് തന്ന സിനിമയാണ് നുണക്കുഴി. അത്രയും ഫണ്‍ ആയിരുന്നു. ഞാന്‍ ആ സമയത്ത് ടോട്ടലി റിലാക്‌സ്ഡായിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം, ഗ്രേസ് ആന്റണിയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കിയ ‘നുണക്കുഴി’. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ ചിത്രം ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ടതാണ്.

കൂമന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ.ആര്‍ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്. ബേസില്‍ ജോസഫിനും ഗ്രേസ് ആന്റണിക്കും പുറമെ സിദ്ദിഖ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

Content Highlight: Jeethu Joseph Talks About Basil Joseph’s Laugh In Nunakkuzhi Movie