ബേസിക് സ്റ്റാന്‍ഡേര്‍ഡ് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍; അയാള്‍ കറക്ട് ട്രാക്കിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: ജീത്തു ജോസഫ്
Entertainment
ബേസിക് സ്റ്റാന്‍ഡേര്‍ഡ് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍; അയാള്‍ കറക്ട് ട്രാക്കിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 4:19 pm

ജീത്തു ജോസഫും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നുണക്കുഴി ‘. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ നുണക്കുഴി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫും യുവനായകന്മാരില്‍ ശ്രദ്ധേയനായ ബേസില്‍ ജോസഫും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

ഇപ്പോള്‍ ബേസിലിനെ കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന ആളാണ് ബേസിലെന്നും ഇനി വരാനിരിക്കുന്ന അവന്റെ സിനിമ ഇതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണെന്നും സംവിധായകന്‍ പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു. ബേസില്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടനാണ് അവനെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

‘ബേസില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന ആളാണ്. ഇനി വരാനിരിക്കുന്ന അവന്റെ സിനിമ ഇതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് എന്നാണ് ബേസില്‍ എന്നോട് പറഞ്ഞിരിക്കുന്നത്. ഞങ്ങള്‍ തമ്മിലുള്ള ഇന്‍ട്രാക്ഷന്‍സില്‍ നിന്ന് ഞാന്‍ മനസിലാക്കിയത്, നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ് ബേസില്‍ ജോസഫ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടനാണ് അവന്‍.

ബേസില്‍ ചെയ്യുന്ന സിനിമകളൊക്കെ വളരെ നല്ല സിനിമയാണ്. അതില്‍ ചിലത് കോടികള്‍ കളക്ട് ചെയ്യാം. ചിലത് അത്ര കളക്ട് ചെയ്യുന്നില്ലായിരിക്കാം. അപ്പോഴും ആ സിനിമകള്‍ക്കൊക്കെ ബേസിക് സ്റ്റാന്‍ഡേര്‍ഡുണ്ട്. എപ്പോഴും ആ ഒരു ലെവലില്‍ പോകുന്ന നടനാണ് ബേസില്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവന് എപ്പോഴും നെക്‌സ്റ്റ് ഡോര്‍ ബോയ് ഇമേജുണ്ട്. അതിന്റെ കാരണം ബേസില്‍ എന്ന വ്യക്തിയുടെ ഇന്നസെന്റ്‌സാണ്.

വലിയ ഒരു സിനിമാക്കാരനെ പോലെയല്ലാതെ എപ്പോഴും സാധാരണക്കാരന്‍ ആയിട്ടാണ് ആളുകള്‍ക്ക് അവനെ ഫീല്‍ ചെയ്യുന്നത്. ഇപ്പോള്‍ ബേസില്‍ ഒരു ഫങ്ഷന് വേണ്ടി വരുമ്പോള്‍ ‘ദേ, സ്റ്റാറായ ബേസില്‍ വരുന്നു’ എന്നല്ല ആളുകള്‍ പറയുക. പകരം ‘ദേ, നമ്മുടെ ബേസില്‍ വരുന്നു’ എന്നാണ് പറയുക. ബേസില്‍ പോകുന്നത് കറക്ടായ ട്രാക്കിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Basil Joseph