ആ സിനിമ കഴിഞ്ഞ് ആസിഫിന് എന്തെങ്കിലും സംഭവിച്ചോ? അയാളുടെ ഗ്രാഫ് ഉയരുകയാണ് ചെയ്തത്: ജീത്തു ജോസഫ്
Entertainment
ആ സിനിമ കഴിഞ്ഞ് ആസിഫിന് എന്തെങ്കിലും സംഭവിച്ചോ? അയാളുടെ ഗ്രാഫ് ഉയരുകയാണ് ചെയ്തത്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th July 2024, 4:14 pm

ചിലര്‍ക്ക് താന്‍ ഒരു നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ ആളുകള്‍ അതിനെ എങ്ങനെയെടുക്കും എന്ന ചിന്തയാണെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇത്തരം ചിന്ത കൂടുതലും നടിമാര്‍ക്കാണെന്നും ഇമേജ് കോണ്‍ഷ്യസ് ആകുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു. ലെവല്‍ ക്രോസ് ചിത്രത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്. ആസിഫ് അലിയുടെ ഉയരെ സിനിമയെ കുറിച്ചും സംവിധായകന്‍ പറയുന്നു.

‘ആളുകള്‍ ചിരിക്കുമോ, എന്റെ മുഖം ഇങ്ങനെയൊക്കെ ആയി പോകുമോയെന്ന ചിന്ത ചിലര്‍ക്ക് ഉണ്ടാകും. കൂടുതലും നടിമാര്‍ക്കാണ്. അങ്ങനെയൊക്കെ ആയി കഴിഞ്ഞാല്‍, നമ്മള്‍ ശരിക്കും നമ്മളെ തന്നെ കണ്‍ട്രോള് ചെയ്യുന്നത് പോലെ തന്നെയാകും. ഇമേജ് കോണ്‍ഷ്യസാകുന്നതാണ് ഇതിന് കാരണം. ഒരു നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ ആളുകള്‍ അതിനെ കുറിച്ച് എഴുതുമായിരിക്കും.

ഉയരെയില്‍ ആസിഫ് അത്തരത്തില്‍ നെഗറ്റീവ് ആയ ഒരു കഥാപാത്രമാണ് ചെയ്തത്. അത് കഴിഞ്ഞ് ആസിഫിന് എന്തെങ്കിലും സംഭവിച്ചോ? ഒരു നടന്‍ എന്ന നിലയില്‍ ആസിഫിന്റെ ഗ്രാഫ് മുകളിലേക്ക് ഉയരുകയാണ് ചെയ്തത്. ആളുകള്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ട് കാര്യമില്ല. എല്ലാ സൊസൈറ്റിയിലും എല്ലാ കാര്യത്തിനും വേറെ രീതിയില്‍ ചിന്തിക്കാന്‍ കുറച്ച് ആളുകളുണ്ടാകും.

ഇമേജ് കോണ്‍ഷ്യസാകുന്നതാണ് പ്രശ്‌നം. ഞാന്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്തിട്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അതിനെ ആളുകള്‍ എങ്ങനെയെടുക്കും എന്നാണ് പലരും ചിന്തിക്കുന്നത്. ആ ചിന്ത പാടില്ല. പുതിയ ജനറേഷനില്‍ വരുന്നവര്‍ക്ക് മാറ്റമുണ്ട്. അവരൊക്കെ ഇത്തരം റോളുകള്‍ക്ക് തയ്യാറാകുന്നുണ്ട്. അപ്പോഴും ചിലര്‍ക്ക് ഇപ്പോഴും ഒരു മടിയുണ്ട്. അത് മാറ്റിയാല്‍ അവര്‍ക്ക് കരിയറിന് നല്ലതാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph Talks About Asif Ali And Uyare Movie