|

ആസിഫിനോട് ഞാന്‍ ആ കാര്യം പറഞ്ഞിരുന്നില്ല; ഞങ്ങള്‍ അവന്റെ കണ്ണുകള്‍ ഉപയോഗിക്കുകയായിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2022ല്‍ എത്തിയ ചിത്രമാണ് കൂമന്‍. ആസിഫ് അലി നായകനായി എത്തിയ ഈ മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെ.ആര്‍. കൃഷ്ണ കുമാറായിരുന്നു.

ആസിഫിന് പുറമെ രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ബാബുരാജ്, ഹന്ന റെജി കോശി, മേഘനാഥന്‍ തുടങ്ങിയ മികച്ച താരനിരയും കൂമനില്‍ ഒന്നിച്ചിരുന്നു. സി.പി.ഒ. ഗിരി ശങ്കറായാണ് ചിത്രത്തില്‍ ആസിഫ് അലി എത്തിയത്.

കൂമനില്‍ ഗിരിയുടെ കഥാപാത്രത്തിനായി ആസിഫ് അലിയുടെ കണ്ണും നോട്ടവും ഉപയോഗിച്ചതിനെ കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. ഒരാളുടെ ഇമോഷന്‍സ് ആദ്യം കിട്ടുന്നത് കണ്ണിലാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ആസിഫിനോട് കൂമന്റെ സമയത്ത് താന്‍ ആ കാര്യം പറഞ്ഞിരുന്നില്ലെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ ആസിഫിന് നന്നായി അറിയുന്ന കാര്യമായിരുന്നത് കൊണ്ട് ആസിഫ് നന്നായി പെര്‍ഫോം ചെയ്യുകയായിരുന്നെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

‘കൂമനില്‍ ആസിഫിന്റെ കണ്ണും നോട്ടവും ഉപയോഗിക്കാനുള്ള ഐഡിയ വന്നത് എപ്പോഴാണെന്ന് ചോദിച്ചാല്‍, അതിന് ഉത്തരം പറയാന്‍ എനിക്ക് അറിയില്ല. ആ സിനിമയില്‍ ഒരു ക്യാരക്ടറൈസേഷനുണ്ട്. അയാള്‍ ഒരു പൊലീസുകാരനാണ്. വളരെ ഇന്റലിജന്റും സിന്‍സിയറുമായ ആളാണ്.

പക്ഷെ എവിടെയെങ്കിലും അയാളെ ആരെങ്കിലും പ്രൊവോക്ക് ചെയ്താല്‍ പിന്നെ അയാള്‍ ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുക. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് അയാളുടേത്. പിന്നെ ഒരാളുടെ ഇമോഷന്‍സ് ആദ്യം കിട്ടുന്നത് കണ്ണിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

കൂമന്റെ സമയത്ത് ആസിഫിനോട് ഞാന്‍ ആ കാര്യം പറഞ്ഞിരുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ ആസിഫിന് നന്നായി അറിയുന്ന കാര്യമായിരുന്നു അത്. അവന്‍ നന്നായി അത് പെര്‍ഫോം ചെയ്യുകയും ചെയ്തു. ഞങ്ങള്‍ അതിനെ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talks About Asif Ali And Kooman Movie

Video Stories