| Sunday, 18th August 2024, 10:47 am

എന്റെ സിനിമയിലെ ആ കഥാപാത്രം അല്‍ത്താഫ് ചെയ്താല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗ്രേസ് ആന്റണിയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി ‘. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ നുണക്കുഴി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫാണ് നുണക്കുഴി സംവിധാനം ചെയ്തത്.

കൂമന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ.ആര്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗ്രേസിനും ബേസിലിനും പുറമെ സിദ്ദിഖ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, അല്‍ത്താഫ് സലിം, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയ താരനിര തന്നെ നുണക്കുഴിയുടെ ഭാഗമായിട്ടുണ്ട്.

ഇപ്പോള്‍ സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. തുടക്കം മുതല്‍ അല്‍ത്താഫ് സലീമിന്റെ കഥാപാത്രം അയാള്‍ തന്നെ ചെയ്താല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നുവെന്നും ജീത്തു പറയുന്നു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതില്‍ ഏറ്റവും ആദ്യം മനസില്‍ വന്നത് ബൈജുവിനെ ആയിരുന്നു. പിന്നെ ബേസില്‍, അത് കഴിഞ്ഞ് ഗ്രേസിന്റെ കാര്യവും മനസില്‍ വന്നു. ഇവരെ മൂന്നുപേരെയും കാസ്റ്റ് ചെയ്യുന്ന കാര്യമാണ് ഏറ്റവും ആദ്യം തീരുമാനിച്ചത്. പിന്നെ പുറകെ ബാക്കിയുള്ളവരെയും തീരുമാനിച്ചു.

അവരെയെല്ലാം ഞങ്ങളിരുന്ന് പരസ്പരം ഡിസ്‌ക്കസ് ചെയ്ത് തീരുമാനിച്ചതാണ്. പിന്നെ അല്‍ത്താഫിന്റെ കാര്യം ചോദിച്ചാല്‍, സിനിമയില്‍ ഒരു ഡയറക്ടറാകാന്‍ മോഹിച്ചു നടക്കുന്ന ചെറുപ്പക്കാരനായിട്ടാണ് അല്‍ത്താഫ് എത്തുന്നത്. തുടക്കം മുതല്‍ ആ കഥാപാത്രം അല്‍ത്താഫ് ചെയ്താല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നു.

പക്ഷെ ഇടക്ക് ഡേറ്റ് ഇഷ്യു വന്നു. അതോടെ അയാള്‍ക്ക് പകരം ആരെ റീപ്ലേസ് ചെയ്യുമെന്ന ചിന്തയായി. എന്നാല്‍ അവസാനം ആ കഥാപാത്രത്തിലേക്ക് അല്‍ത്താഫ് തന്നെ വന്നു. എന്തായാലും നുണക്കുഴിയിലേത് വളരെ നല്ല ഒരു കാസ്റ്റിങ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ ജീത്തു ജോസഫ് പറഞ്ഞു.


Content Highlight: Jeethu Joseph Talks About Althaf Salim And Nunakkuzhi Movie

We use cookies to give you the best possible experience. Learn more