ഞാന്‍ സെല്‍ഫിഷ്നെസ് കാണിക്കുന്ന നിമിഷം; അത്തരം ആളുകളെ പിന്നെ സിനിമക്കായി സമീപിക്കില്ല: ജീത്തു ജോസഫ്
Entertainment
ഞാന്‍ സെല്‍ഫിഷ്നെസ് കാണിക്കുന്ന നിമിഷം; അത്തരം ആളുകളെ പിന്നെ സിനിമക്കായി സമീപിക്കില്ല: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th October 2024, 4:38 pm

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ‘ഡിറ്റക്റ്റീവ്’ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയെങ്കിലും അതിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് വന്ന ‘മെമ്മറീസ്’ എന്ന സിനിമയിലൂടെയാണ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്.

2013ല്‍ മോഹന്‍ലാലിനെ നായകനാക്കി എത്തിയ ദൃശ്യം എന്നൊരൊറ്റ ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആ സിനിമയോടെ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിനും വലിയ ആരാധകര്‍ ഉണ്ടായി. ഒരു നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ മറ്റുള്ളവര്‍ അതിനെ എങ്ങനെയെടുക്കുമെന്ന ചിന്ത ചിലര്‍ക്കുണ്ടെന്ന് പറയുകയാണ് ജീത്തു ജോസഫ്.

ഇത്തരം ചിന്ത കൂടുതലും നടിമാര്‍ക്കാണെന്നും ഇമേജ് കോണ്‍ഷ്യസാകുന്നതാണ് ഇതിന് കാരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇമേജ് കോണ്‍ഷ്യസ് കാരണം ഒരു തവണ തന്നോട് നോ പറഞ്ഞ ആളുകളെ പിന്നീട് അടുത്ത സിനിമക്കായി സമീപിക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

‘ഞാന്‍ പിന്നീട് അത്തരം ആളുകളെ സമീപിക്കില്ല. ഞാന്‍ എന്തിന് വേണ്ടിയാണ് പിന്നെയും അവരുടെ അടുത്ത് പോകുന്നത്. എന്നുകരുതി ഞാന്‍ അവരെ പൂര്‍ണമായും എഴുതി തള്ളുമെന്നല്ല പറയുന്നത്. പിന്നീട് ആ വ്യക്തിക്ക് പറ്റുന്ന ഒരു കഥാപാത്രം വരികയാണെങ്കില്‍ ഞാന്‍ ഉറപ്പായും സമീപിക്കും.

അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്റെ സെല്‍ഫിഷ്നെസ് കാണിക്കും. അവരെ എനിക്ക് ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഞാന്‍ വീണ്ടും പോകുമെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ അവരുടെ അടുത്തേക്ക് പോകില്ല. കാരണം നമ്മള്‍ ഒരു ഐറ്റവുമായി അവരുടെ അടുത്തേക്ക് പോകുകയാണ്. അപ്പോള്‍ അവര് നോക്കേണ്ടത് അതില്‍ പെര്‍ഫോം ചെയ്യേണ്ടതിന്റെ സാധ്യതകളെ കുറിച്ചാണ്.

അതാണ് ഒരു താരം ശരിക്കും നോക്കേണ്ടത്. അല്ലാതെ എനിക്ക് ഇങ്ങനെയുള്ള കഥാപാത്രമാകണം, എനിക്ക് ഇങ്ങനെയുള്ള കഥാപാത്രം പറ്റില്ല എന്നൊന്നും പറയരുത്. ഇല്ലീഗല്‍ റിലേഷന്‍ഷിപ്പുള്ള ഒരു കഥാപാത്രം വന്നാല്‍ അത് പറ്റില്ലെന്നൊന്നും ചിന്തിക്കരുത്. കാരണം ഇതെല്ലാം കഥാപാത്രങ്ങള്‍ മാത്രമല്ലേ,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph Talks About Actors