| Monday, 19th August 2024, 7:51 am

ലാല്‍ സാറിനെ നായകനാക്കി ഒരു ഹ്യൂമര്‍ - ഫാമിലി ചിത്രം മനസിലുണ്ട്; പണ്ടും ഒന്ന് പ്ലാന്‍ ചെയ്തിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ‘ഡിറ്റക്റ്റീവ്’ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയെങ്കിലും അതിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് വന്ന ‘മെമ്മറീസ്’ എന്ന സിനിമയിലൂടെയാണ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്.

2013ല്‍ മോഹന്‍ലാലിനെ നായകനാക്കി എത്തിയ ദൃശ്യം എന്നൊരൊറ്റ ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആ സിനിമയോടെ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിനും വലിയ ആരാധകര്‍ ഉണ്ടായി. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഹ്യൂമര്‍ ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജീത്തു.

മോഹന്‍ലാലിനെ നായകനാക്കി ഒരു ഹ്യൂമര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും അതൊരു ഫാമിലി സിനിമ കൂടിയാകുമെന്നും സംവിധായകന്‍ പറയുന്നു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു. വര്‍ക്ക് ചെയ്ത് ആ സിനിമയുടെ സ്‌ക്രിപ്റ്റ് ആയാല്‍ മാത്രമേ ചെയ്യുകയുള്ളുവെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

‘ലാല്‍ സാറിനെ നായകനാക്കി ഒരു ഹ്യൂമര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹം എന്റെ മനസിലുണ്ട്. അതൊരു ഫാമിലി സിനിമ കൂടിയാകും. പക്ഷെ അത് ഇനിയൊന്ന് വര്‍ക്ക് ചെയ്ത് എടുക്കണം. ഞാന്‍ ഇടക്ക് പണ്ടൊന്ന് പ്ലാന്‍ ചെയ്തിരുന്നു. പിന്നെ ഇടക്ക് വെച്ച് അതില്‍ നിന്ന് വിട്ടുപോയി.

ഞാന്‍ ഈയിടെ പോലും അതിനെ കുറിച്ച് ആലോചിച്ചിരുന്നു. ലാല്‍ സാറിനെ വെച്ച് ഒരു ഹ്യൂമര്‍ – ഫാമിലി സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. അതില്‍ വര്‍ക്ക് ചെയ്ത് സ്‌ക്രിപ്റ്റ് ആയാല്‍ മാത്രമേ ചെയ്യുകയുള്ളു,’ ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം ജീത്തുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി ‘. ഗ്രേസ് ആന്റണിയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇത്. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ നുണക്കുഴി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്.

കൂമന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ.ആര്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗ്രേസിനും ബേസിലിനും പുറമെ സിദ്ദിഖ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, അല്‍ത്താഫ് സലിം, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയ താരനിര തന്നെ നുണക്കുഴിയുടെ ഭാഗമായിട്ടുണ്ട്.


Content Highlight: Jeethu Joseph Talks About A Humor – Family Movie With Mohanlal

We use cookies to give you the best possible experience. Learn more