ഒന്നിച്ച ആദ്യ ചിത്രത്തിൽ തന്നെ മലയാളത്തിലെ ഹിറ്റ് കോമ്പോയായി മാറിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് – മോഹൻലാൽ. ദൃശ്യം, ദൃശ്യം 2, നേര് തുടങ്ങി ഇരുവരും ഒന്നിച്ച പടങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ പ്രഖ്യാപനം മുതൽ വലിയ രീതിയിൽ ഹൈപ്പ് കയറി ഇത് വരെ റിലീസാവാത്ത ഒരു മോഹൻലാൽ – ജീത്തു ചിത്രമുണ്ട്, റാം. ഷൂട്ടിങ് തുടങ്ങിയെങ്കിലും കൊവിഡ് സമയത്ത് നിന്ന് പോവുകയായിരുന്നു റാമിന്റെ ഷൂട്ട്. പിന്നീട് പുനരാരംഭിച്ചെങ്കിലും പല പ്രശ്നങ്ങൾ കാരണം ചിത്രം മുടങ്ങി പോവുകയായിരുന്നു.
നിർമാതാവ് യെസ് പറയാത്തത് കൊണ്ടാണ് റാം നിർത്തി വെച്ചിരിക്കുന്നതെന്ന് പറയുകയാണ് ജീത്തു ജോസഫ്. മോഹൻലാൽ അടക്കം എല്ലാ താരങ്ങളും അതിന് തയ്യാറാണെന്നും അഭിനേതാക്കളും ടെക്നീഷ്യൻമാരും ഒരുപാട് കഷ്ടപ്പെട്ട സിനിമയാണ് റാം എന്നും ജീത്തു ജോസഫ് പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിർമാതാവ് യെസ് പറയാത്തത് കൊണ്ടാണ് റാം നിർത്തിവെച്ചിരിക്കുന്നത്. അദ്ദേഹം തുടങ്ങാമെന്നു പറഞ്ഞാൽ ഞങ്ങൾ ബാക്കികാര്യങ്ങൾ നോക്കും. ലാലേട്ടൻ അടക്കം എല്ലാവരും എപ്പോൾ വേണമെങ്കിലും സിനിമ തുടങ്ങാനായി തയ്യാറായിരിക്കുകയാണ്. പക്ഷേ, നിർമാതാവ് പറയണം. സിനിമ നിന്നുപോയതിൽ ഫിലിം മേക്കർ എന്നനിലയിൽ സങ്കടമുണ്ട്. പക്ഷേ, എന്തു ചെയ്യാനാകും. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങളുണ്ടല്ലോ.
ആറുമാസം കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. ഇനി വേറെ പ്രോജക്ടുകൾ ചെയ്യാനുള്ള പദ്ധതിയിലാണ്. കൊവിഡിന് മുമ്പ് റാം തുടങ്ങിയിരുന്നു. ദൽഹിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയിട്ട് യു.കെ.യിലേക്കു പോകാൻ തയ്യാറെടുക്കുമ്പോഴാണ് കൊവിഡ് വരുന്നതും ചിത്രം നിർത്തിവെക്കുന്നതും.
അതുകഴിഞ്ഞ് ദൃശ്യം 2, ട്വൽത്ത് മാൻ, കൂമൻ ഒക്കെ ചെയ്തു. ഇതിന്റെയിടയ്ക്ക് യു.കെ.യിലും മൊറോക്കയിലും പോയി റാമിൻ്റെ കുറച്ച് ഭാഗം ഷൂട്ട് ചെയ്തു. ഇനി യു.കെ.യിലും ടുണീഷ്യയിലും ഇന്ത്യയിലും ബാക്കിഭാഗങ്ങൾ ചിത്രീകരിക്കാനുണ്ട്. അഭിനേതാക്കളാണെങ്കിലും ടെക്നീഷ്യന്മാരാണെങ്കിലും ചിത്രത്തിനുവേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. നിർമാതാക്കളുടെയും പണം ഇതിൽ മുടങ്ങിക്കിടക്കുകയാണല്ലോ. ഇതിൽ ആരെയും കുറ്റപ്പെടുത്താൻ പറ്റാത്ത സാഹചര്യമാണ്,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk About Why Mohanlal’s Ram Movie Shoot not continues