Advertisement
Entertainment
ഞാനും ലാലേട്ടനും അദ്ദേഹത്തിന്റെ മറുപടിക്കാണ് കാത്തിരിക്കുന്നത്; റാമിനെ കുറിച്ച് ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 24, 03:38 pm
Wednesday, 24th July 2024, 9:08 pm

മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ വമ്പന്‍ പ്രതീക്ഷയോടെ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു റാം. 2020ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം പിന്നീട് കൊവിഡ്കാലത്ത് മുടങ്ങുകയായിരുന്നു.

കൊവിഡിന് ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങിയെങ്കിലും സിനിമയെ കുറിച്ചുള്ള യാതൊരു അപ്‌ഡേഷനും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സിനിമാ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ തന്നെ ശേഷം റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വല്‍ത്ത് മാന്‍, നേര്. ഈ ചിത്രങ്ങളെല്ലാം പുറത്തിറങ്ങി കഴിഞ്ഞു. എന്നാൽ റാമിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല. ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്.

റാമിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഒന്നും തന്നോടല്ല ചോദിക്കേണ്ടതെന്നും അതിനുത്തരം പറയേണ്ടത് നിർമാതാവ് ആണെന്നും ജീത്തു ജോസഫ് പറയുന്നു. താനും മോഹൻലാലും മറ്റ് അണിയറ പ്രവർത്തകരും സിനിമയുടെ ബാക്കി ഷൂട്ടിന് തയ്യാറാണെന്നും എന്നാൽ അതിന് മറുപടി പറയേണ്ടത് നിർമാതാവ് ആണെന്നും ജീത്തു പറയുന്നു. പുതിയ ചിത്രം ലെവൽ ക്രോസിന്റെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റാമിന്റെ ചോദ്യമൊന്നും എന്നോടല്ല ചോദിക്കേണ്ടത്. അതിന്റെ പ്രൊഡ്യൂസറോട് ചോദിക്കണം. ഞാനും ലാലേട്ടനും മൊത്തം ടീമും നിർമാതാവിന്റെ ഒരു മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിക്കുക്ക. ഞങ്ങൾ റെഡിയാണ്. അത് മാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയുള്ളൂ,’ ജീത്തു ജോസഫ് പറയുന്നു.

അതേസമയം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽ ക്രോസിൽ ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസ് സംവിധാനം ചെയ്യുന്നത് നവാഗതനായ അർഫാസ് അയൂബാണ്.

 

Content Highlight: Jeethu Joseph Talk About Ram Movie   Updation