ഒന്നിച്ച ആദ്യ ചിത്രത്തിൽ തന്നെ മലയാളത്തിലെ ഹിറ്റ് കോമ്പോയായി മാറിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് – മോഹൻലാൽ. ദൃശ്യം, ദൃശ്യം 2, നേര് തുടങ്ങി ഇരുവരും ഒന്നിച്ച പടങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ പ്രഖ്യാപനം മുതൽ വലിയ രീതിയിൽ ഹൈപ്പ് കയറി ഇത് വരെ റിലീസാവാത്ത ഒരു മോഹൻലാൽ – ജീത്തു ചിത്രമുണ്ട്, റാം. ഷൂട്ടിങ് തുടങ്ങിയെങ്കിലും കൊവിഡ് സമയത്ത് നിന്ന് പോവുകയായിരുന്നു റാമിന്റെ ഷൂട്ട്. പിന്നീട് പുനരാരംഭിച്ചെങ്കിലും പല പ്രശ്നങ്ങൾ കാരണം ചിത്രം മുടങ്ങി പോവുകയായിരുന്നു.
റാമിന്റെ കാര്യത്തിൽ തനിക്ക് സങ്കടമുണ്ടെന്ന് പറയുകയാണ് ജീത്തു ജോസഫ്. തനിക്ക് മാത്രമല്ല മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെല്ലാം ചിത്രത്തിന്റെ അനിശ്ചിത്വത്തത്തിൽ പ്രയാസമുണ്ടെന്നും ഏതൊരു സിനിമ ചെയ്യുമ്പോഴും റാമിനെ കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വണ്ടർ വാൾ മീഡിയയോട് പറഞ്ഞു.
‘റാമിന്റെ കാര്യത്തിൽ വലിയ സങ്കടമുണ്ട്. എനിക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട്. എനിക്കുണ്ട്, ആന്റണിക്കുണ്ട്, ലാൽ സാറിനുണ്ട് നിർമാതാക്കൾക്കുണ്ട്. പക്ഷെ അതിനൊരു ശാപമോക്ഷം കിട്ടണം. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
ഏത് പ്രൊജക്റ്റിലേക്ക് കയറുമ്പോഴും ഞാൻ റാമിനെ കുറിച്ച് ചിന്തിക്കാറുണ്ട്. ഹിന്ദിയിൽ ഒരു സിനിമ ചെയ്തപ്പോൾ ഞാൻ അവരോടും പറഞ്ഞു, ഇങ്ങനെയൊരു പ്രൊജക്റ്റ് വന്നാൽ എനിക്ക് അതിന് പ്രാധാന്യം കൊടുക്കേണ്ടി വരുമെന്ന്. പക്ഷെ ഞാൻ ജനുവരി തൊട്ടേ റാമിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷെ ഇതുവരെ തുടങ്ങിയില്ല.
എന്റെ അടുത്ത് രണ്ട് മൂന്ന് സ്ക്രിപ്റ്റ് വേറേ റെഡിയായി ഇരിക്കുന്നുണ്ട്. ഇനി ഇപ്പോൾ പതുക്കെ അതെടുത്തു ചെയ്യാനാണ് എന്റെ പ്ലാൻ. റാം ഇനി വരുമ്പോൾ ചെയ്യാമെന്നാണ് കരുതുന്നത്,’ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talk About Ram Movie And His Other Filims